
ഉടൻ അറസ്റ്ര് ചെയ്തേക്കും
ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ സംശയനിഴലിലായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌ത് സി.ബി.ഐ. പരീക്ഷ നടത്തിയ ഏജൻസിക്കുള്ളിൽ നിന്നുതന്നെ ചോദ്യപേപ്പർ ചോർന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് നിർണായക നീക്കം. പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പട്ടിക ശേഖരിച്ച് അവരിൽ പലരെയും മണിക്കൂറുകളോളം ചോദ്യംചെയ്‌ത് മൊഴി രേഖപ്പെടുത്തി. മൊബൈൽ ഫോണുകളും ലാപ്ടോപുകളും പരിശോധിച്ചു. നിർണായക രേഖകൾ പിടിച്ചെടുത്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരും നിരീക്ഷണത്തിലുണ്ടെന്ന് അറിയുന്നു. അറസ്റ്റുകളിലേക്ക് ഉടൻ കടന്നേക്കുമെന്നാണ് സൂചന. ഉദ്യോഗസ്ഥരുടെ മൊബൈൽ കോൾ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കേസിൽ ഇതുവരെ പത്ത് പേരാണ് അറസ്റ്റിലായത്. അവരിൽ ചിലർ എൻ.ടി.എ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണസംഘത്തോട് പറഞ്ഞുവെന്ന് അറിയുന്നു. ചോദ്യപേപ്പർ തയ്യാറാക്കാൻ നിയോഗിച്ചിരുന്ന വിദഗ്ദ്ധസമിതിയിലെ രണ്ട് അദ്ധ്യാപകരെ അറസ്റ്റ് ചെയ്‌തിരുന്നു. രസതന്ത്രം അദ്ധ്യാപകൻ പി.വി. കുൽക്കർണി, ബോട്ടണി-സുവോളജി ചോദ്യപേപ്പർ തയ്യാറാക്കിയ ബയോളജി അദ്ധ്യാപിക മനീഷ ഗുരുനാഥ് മന്ഥാരെ എന്നിവർ റാക്കറ്റിലെ കണ്ണികളെക്കുറിച്ച് മൊഴി നൽകിയിരുന്നു. മഹാരാഷ്ട്രയിലെ രേണുകയ് കരിയർ സെന്റർ (ആർ.സി.സി) ഡയറക്‌ടർ 'എം. സാർ" എന്ന ശിവ്‌രാജ് മൊട്ടേഗാവോങ്കറെ അറസ്റ്റുചെയ്‌തത് നിർണായക വഴിത്തിരിവായി. പണം നൽകി ചോദ്യപേപ്പർ സംഘടിപ്പിച്ചുവെന്ന് സംശയിക്കുന്ന വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ചില ഡോക്‌ടർമാരെയും അടക്കം ചോദ്യംചെയ്തുവരികയാണ്.
പുനഃപരീക്ഷ നടത്തും
പഴുതുകളില്ലാതെ
കടുത്ത വിശ്വാസ്യതാ നഷ്‌ടം നേരിടുകയാണ് എൻ.ടി.എ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരെ പ്രതിപക്ഷവും വിദ്യാർത്ഥി സംഘടനകളും ശക്തമായി രംഗത്തുണ്ട്. ഇന്നലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നീറ്റ് യു.ജി പുനഃപരീക്ഷയുടെ തയ്യാറെടുപ്പുകൾ വിലയിരുത്തി. ജൂൺ 21നാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. പഴുതുകളില്ലാതെ പരീക്ഷ നടത്താനാണ് ശ്രമം. ജില്ലാ കളക്ടർമാർ,എസ്.പിമാർ എന്നിവരുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |