
ന്യൂഡൽഹി: സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാക്കി ബി.ജെ.പി തമിഴ്നാട് മുൻ അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ഡൽഹിയിൽ പാർട്ടി ദേശീയ അദ്ധ്യക്ഷൻ നിതിൻ നവീനെ കണ്ട് രാജിക്കത്ത് സമർപ്പിച്ചു. വിജയ്‌യുടെ ടി.വി.കെ അധികാരത്തിൽ വന്നത് തമിഴ് രാഷ്ട്രീയ സാഹചര്യങ്ങൾ മാറ്റി മറിച്ചെന്നും പുതിയ പാർട്ടിക്ക് സാദ്ധ്യതയുണ്ടെന്നുമുള്ള നിലപാടിലാണ് അണ്ണാമലൈ. അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റുകയും അണ്ണാ ഡി.എം.കെ അടക്കം കക്ഷികളുമായുള്ള സഖ്യം തുടരുകയും ചെയ്‌ത കേന്ദ്ര നേതൃത്വത്തിന്റെ നടപടികൾ തിരിച്ചടിയായെന്നും അഞ്ചു പേജുള്ള രാജിക്കത്തിൽ അദ്ദേഹം വിവരിച്ചതായി അറിയുന്നു. രാജിക്കത്ത് നൽകിയ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെയും അദ്ദേഹം കണ്ടു. അതേസമയം രാജ്യസഭാംഗത്വം അടക്കം നൽകാമെന്ന വാഗ്‌ദാനങ്ങൾ നൽകി അണ്ണാമലൈയെ പിടിച്ചുനിറുത്താൻ ബി.ജെ.പി ശ്രമം തുടരുകയാണ്. ഡൽഹിയിൽ തന്നെ തുടരാൻ അണ്ണാമലൈയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ആർ.എസ്.എസ് നേതൃത്വവും ഇടപെടുന്നുണ്ട്. കർണാടക കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ 2019ൽ സർവീസിൽ നിന്ന് സ്വയം വിരമിച്ച ശേഷമാണ് ബി.ജെ.പിയിൽ ചേർന്നത്. 2021 ജൂലായ് മുതൽ 2025 ഏപ്രിൽ വരെ തമിഴ്നാട് അദ്ധ്യക്ഷനായിരുന്നു. സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെയുമായുള്ള തർക്കങ്ങളെ തുടർന്ന് അണ്ണാമലൈയെ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി നൈനാർ നാഗേന്ദ്രനെ നിയമിച്ചിരുന്നു.
തമിഴ് താത്‌പര്യം
സംരക്ഷിക്കാൻ
തമിഴ് താത്‌പര്യങ്ങൾ സംരക്ഷിക്കാനും മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കാനും ലക്ഷ്യമിടുന്ന പാർട്ടിയാണ് അണ്ണാമലൈ സ്ഥാപിക്കുന്നതെന്ന് റിപ്പോർട്ടുകൾ
ടി.വി.കെയെ ജനങ്ങൾ സ്വീകരിച്ചതിനാൽ ബി.ജെ.പി.ക്കും ദ്രാവിഡ പാർട്ടികൾക്കും ബദലാകാൻ നീക്കം.
സി.ബി.എസ്.ഇ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ത്രിഭാഷാ ഫോർമുല നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ അദ്ദേഹം അടുത്തിടെ വിമർശിച്ചത് സ്വന്തം വഴി തേടാനുള്ള നീക്കത്തിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |