SignIn
Kerala Kaumudi Online
Saturday, 25 July 2026 3.32 AM IST

പ്രധാന്റെ രാജി: രാജ്യമെങ്ങും സമരജ്ജ്വാല

b

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ സി.ജെ.പി പ്രക്ഷോഭം കൊടുമ്പിരി കൊള്ളവേ, രാജ്യമെമ്പാടും അതിന്റെ അലയൊലികൾ. രാജ്യത്തിന്റെ അങ്ങോളമിങ്ങോളം കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ചെറുതും വലുതുമായ പ്രതിഷേധങ്ങൾ നടന്നു. മുംബയിൽ നിരോധനാജ്ഞ ലംഘിച്ച് ശിവാജി പാർക്കിൽ പ്രതിഷേധ സംഗമം നടത്തിയതിന് 150 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ പ്രതിഷേധ റാലികൾ നടന്നിരുന്നു. മുംബയ് എഗെയ്ൻസ്റ്റ് സപ്രഷൻ ഒഫ് സ്റ്റുഡന്റ്സ് (മാസ്) എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ. മാൻഖുർദ്, ദാരുഖാന, മുംബയ് സർവകലാശാല ക്യാംപസ് എന്നിവിടങ്ങളിലും വിദ്യാർത്ഥികൾ പ്രതിഷേധവുമായെത്തി.

ബീഹാറിൽ കട്ടിഹാർ, ദർഭംഗ, ബെഗുസരായ്, പാറ്റ്ന എന്നിവിടങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. 70ഓളം പേർക്ക് പരിക്കേറ്റു. ദർഭംഗയിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. ഹരിയാനയിലെ കുരുക്ഷേത്ര സർവകലാശാല, ജിന്ദ് ചൗധരി രൺബീർ സിംഗ് സർവകലാശാല എന്നിവിടങ്ങളിലും വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ജിന്ദ്, ഹിസാർ എന്നിവിടങ്ങളിൽ കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകർ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അസമിലെ ഗുവാഹത്തിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത പടുകൂറ്റൻ റാലി നടന്നു. നീറ്റ് പൂർണമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ നടക്കുന്ന പ്രക്ഷോഭവും ശക്തമായി. ചെന്നൈ, ഈറോഡ്, മധുരൈ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങി. തിരുപ്പരൻകുണ്ട്രത്ത് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ ട്രെയിൻ തടയൽ സമരം അക്രമാസക്തമായി. തമിഴ് സിനിമാ മേഖലയിൽ നിന്നുള്ളവരാണ് എഗ്‌മോറിൽ നടന്ന സമരത്തിന് നേതൃത്വം നൽകിയത്. പ്രമുഖ സംവിധായകരായ പാ രഞ്ജിത്ത്, വെട്രിമാരൻ, അമീർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360