
ഭരണകൂടം ആക്രമണോത്സുകമായ സമീപനം സ്വീകരിക്കരുത്
ന്യൂഡൽഹി: സമരം നടത്തുന്ന യുവജനങ്ങൾക്ക് നേരെ ബലപ്രയോഗമല്ല നടത്തേണ്ടതെന്നും അവരുടെ പ്രശ്‌നങ്ങൾ കേൾക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. യുവജനങ്ങളെ ഉപദേശിച്ച് ശാന്തരാക്കുക എന്നതാണ് ഉചിതമായ മാർഗം. കൗൺസിലിംഗും നൽകേണ്ടി വരും. എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് മനസിലാക്കണം. സമാധാനപരമായ പ്രതിഷേധങ്ങൾ പ്രോത്സാഹിപ്പിക്കണം. അനിഷ്‌ടസംഭവങ്ങളുണ്ടായാലും സാഹചര്യം കൈവിട്ടുപോകാതിരിക്കാൻ പൊലീസ് സംയമനം പാലിക്കേണ്ടതുണ്ട്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. യുവജനത അക്രമത്തിലേക്ക് തിരിയാതിരിക്കാൻ നാം കരുതലോടെ നീങ്ങേണ്ടതുണ്ട്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു ആക്രമണോത്സുകമായ സമീപനവും സാഹചര്യം വഷളാക്കും. അത്തരം നടപടികൾ ഒഴിവാക്കണം. എന്നാൽ ഇക്കാര്യം ആത്യന്തികമായി നിയമപാലകരുടെ വിവേകത്തിന് വിട്ടുകൊടുക്കുന്നതാണ് ഉചിതം. ഇത്തരം സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കോടതിയേക്കാളും നന്നായി നിയമപാലകർക്കറിയാമെന്നും വ്യക്തമാക്കി. ജന്തർ മന്ദറിലുൾപ്പെടെ നടന്ന വിദ്യാർത്ഥി സമരത്തിന്റെ സംഘാടകർക്കെതിരെ നടപടിയാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിക്കവെയാണ് നിലപാട്. സംഘാടകർ അക്രമം പ്രോത്സാഹിപ്പിച്ചെന്നാണ് ആരോപണം. ഇന്ന് ജെൻസി വന്നു. നാളെ ജെൻ ആൽഫ, ബീറ്ര എന്നിവർ വരുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേസുകൾ പിൻവലിക്കാൻ സമ്മതിക്കരുതെന്നും ആവശ്യപ്പെട്ടു. ഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
പ്രമേയത്തിൽ ഇടപെട്ടില്ല
സോനം വാങ്‌ചുകിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രമേയം പാസാക്കിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. അസോസിയേഷൻ ചട്ടങ്ങളിൽ പറയുന്ന നിയമനടപടികൾ സ്വീകരിക്കാൻ ഹർജിക്കാരനോട് നിർദ്ദേശിച്ചു. ബാർ അസോസിയേഷൻ പ്രകടിപ്പിച്ച അഭിപ്രായങ്ങളിൽ കോടതി ഇടപെടുന്നത് അപകടകരമായ കീഴ്‌വഴക്കമുണ്ടാക്കുമെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |