
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർത്ഥ പരാമർശ കേസിൽ ഉദയനിധിയെ അറസ്റ്റു ചെയ്ത സംഭവത്തിന് രാഷ്ട്രീയമായ തിരിച്ചടി ടി.വി.കെ സർക്കാരിന് നൽകാൻ ഡി.എം.കെ. കാവേരി വിഷയത്തിൽ ഉൾപ്പെടെ പ്രക്ഷോഭം ശക്തമാക്കും. ഇതിനായി മറ്റ് രാഷ്ട്രീയ പാർട്ടികളുടെ സഹകരണം തേടാനും പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് വിവരം. ഉദയനിധിയെ അറസ്റ്റുചെയ്തു ജാമ്യത്തിൽ വിട്ടുവെങ്കിലും വരുനാളുകളിൽ വരുനാളുകളിൽ തമിഴ്നാട് രാഷ്ട്രീയം പ്രക്ഷുബ്ധമാകാനാണ് സാദ്ധ്യത. അറസ്റ്റിലൂടെ തനിക്കൊത്ത എതിരാളിയെന്ന സർട്ടിഫിക്കറ്റ് അറിയാതെയാണെങ്കിലും വിജയ് ഉദയനിധിക്കു നൽകിയെന്ന വിലയിരുത്തലുണ്ട്. ഡി.എം.കെയിൽ ഉദയനിധി കൂടുതൽ കരുത്തനുമായി. അതേസമയം എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം കരുത്തനായ മുഖ്യമന്ത്രിയായി വിജയ്‌യെ ഉയർത്തികാട്ടുകയാണ് ടി.വി.കെ പ്രവർത്തകർ.
ഇന്നലെ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് ഡി.എം.കെ എംഎൽ.എമാർ സെക്രട്ടേറിയറ്രിനു മുന്നിൽ സ്വീകരണം നൽകിയാണ് അകത്തേക്ക് ആനയിച്ചത്.
ടി.വി.കെ സർക്കാരിന്റെ അദ്യബഡ്ജറ്റ് അവതരണത്തിനു മുന്നോടിയായിരുന്നു സ്വീകരണം. സഭാഹാളിൽ മുഖ്യമന്ത്രി ജോസഫ് സി.വിജയ് എത്തി പതിവുപോലെ ആദ്യം ഭരണപക്ഷത്തെ നോക്കിയും പിന്നീട് പ്രതിപക്ഷത്തെ നോക്കിയും കൈകൂപ്പിയ ശേഷമാണ് ഇരുന്നത്. സ്റ്റാലിൻ സർക്കാരിന്റെ പദ്ധതിയുടെ പേരുമാറ്റിയാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചതെന്ന് ഇന്നലെ ഉദയനിധി ആരോപിച്ചു. കരുണാനിധിയുടെ ചെറുമകനായ തനിക്ക് പൊലീസ് അറസ്റ്റിനെ ഭയമില്ലെന്നും വിജയ് ആണ് അറസ്റ്റിനെ പേടിച്ചോടിയതെന്നും കരൂർ സംഭവം ഓർമ്മിപ്പിച്ച് ഉദയനിധി സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
'എന്നെ അറസ്റ്റ് ചെയ്തപ്പോൾ ഞാൻ മാദ്ധ്യമങ്ങളെ നോക്കി ഈ അറസ്റ്റ് കോമഡിയായി കാണുന്നു എന്ന് പറഞ്ഞു. പൊലീസിനെ പേടിച്ച് ഓടിയില്ല
എന്നാൽ ഇന്നത്തെ മുഖ്യമന്ത്രി കരൂരിൽ 41 പേർ മരിച്ചപ്പോഴും അവരുടെ കുടുംബത്തെയും മാദ്ധ്യമങ്ങളെയും കാണാതെ
അറസ്റ്റ് ചെയ്യപ്പെടുമോ എന്ന് ഭയന്ന് തലങ്ങും വിലങ്ങും ഓടിയത് രാജ്യം മുഴുവൻ അറിയാം. കരൂരിൽ ഇത്രയധികം ജീവനുകൾ നഷ്ടപ്പെട്ടിട്ടും അതേ വ്യക്തി തന്നെയാണ് അടുത്ത ഒരു മാസത്തിനുള്ളിൽ സിനിമാ പ്രചാരണത്തിനായി മലേഷ്യയിൽ പോയി. മുഖ്യമന്ത്രിക്ക് വേണമെങ്കിൽ അറസ്റ്റിനെ ഭയപ്പെടാം. എന്നാൽ എനിക്ക് അതിലൊന്നിലും ഭയമില്ല.' ഉദയനിധി കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |