SignIn
Kerala Kaumudi Online
Thursday, 20 August 2026 3.14 AM IST

കേന്ദ്രത്തോട് സുപ്രീംകോടതി, എൻ.ടി.എയുടെ ഈപോക്ക് വേണ്ട

READ ENGLISH VERSION
n

ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയും യു.ജി.സി നെറ്റ് പരീക്ഷാനടത്തിപ്പിലെ പിഴവും കാരണം പ്രാപ്തിയില്ലെന്ന പേരുദോഷം വരുത്തിവച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻ.ടി.എ) അടിമുടി ഉടച്ചുവാർക്കണമെന്ന് സുപ്രീംകോടതി.

പരീക്ഷാ നടത്തിപ്പിലെ പോരായ്മകൾ പരിഹരിക്കാൻ മാത്രമാണ് സർക്കാരിന്റെ ശ്രമം. എന്നാൽ സ്ഥാപനത്തിന്റെ പ്രവർത്തന സംവിധാനംതന്നെ മാറണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതിന്റെ സമയക്രമം അടക്കം കോടതിയെ അറിയിക്കണം.

നിരന്തരം നവീകരിക്കുന്ന സുസജ്ജമായ പ്രവർത്തന സംവിധാനം വേണം. സങ്കേതിക വൈദഗ്ദ്ധ്യമുള്ളവരും അനുഭവപരിജ്ഞാനമുള്ള കഴിവുറ്റ മുതിർന്ന ഉദ്യോഗസ്ഥരും മേൽനോട്ടം വഹിക്കുന്ന സ്ഥാപനമായി മാറണം. ജീവനക്കാർക്ക് നിരന്തരം പരിശീലനം നൽകണം.യു.പി.എസ്.സിയെ മാതൃകയാക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് കടലാസുകളിൽ മാത്രമാണ് എല്ലാം ഭദ്രമെന്ന് കോടതി വിമർശിച്ചു.

അടിസ്ഥാന സൗകര്യങ്ങൾ, മനുഷ്യവിഭവശേഷി,മികച്ച സാങ്കേതിക സംവിധാനം,സ്വന്തം ഡേറ്റ ബേസ് എന്നിവയുൾപ്പെടെയുണ്ടാകണം. മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ. രാധാകൃഷ്‌ണൻ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി സമർപ്പിച്ചിരുന്ന റിപ്പോർട്ടിൽ എന്തു തുടർനടപടിയുണ്ടായി? അക്കാര്യത്തിൽ മൂന്ന് ആഴ്ചയ്‌ക്കകം കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സത്യവാങ്മൂലം സമർപ്പിക്കണം. പരിഷ്‌ക്കാരങ്ങൾ നടപ്പാക്കാൻ പോകുന്നതിന്റെ സമയക്രമം വിശദീകരിക്കണമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ,അലോക് അരാധെ എന്നിവരടങ്ങിയ ബെ‌ഞ്ച് നി‌ർദ്ദേശിച്ചു. ഒരുകൂട്ടം പൊതുതാത്പര്യഹർജികളിലാണിത്.

ചോർച്ച ഉണ്ടാകാതിരിക്കാൻ ചോദ്യപേപ്പർ തയ്യാറാക്കൽ മുതലുള്ള സുരക്ഷാ നടപടികൾ കോടതിയിൽ എൻ.ടി.എ ആവർത്തിച്ചു.അതേസമയം,എൻ.ടി.എ ഓഫീസ് ഡൽഹിയിലെ ഓഖ്ലയിൽ നിന്ന് മിന്റോ റോഡിലെ പുതിയ കെട്ടിടത്തിലേക്ക് മാറിയേക്കും.

ഡേറ്റാ ബേസ് ഉണ്ടോ?

(എൻ.ടി.എയോട് കോടതി)

1.മതിയായ ഭൗതിക അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുമുണ്ടോ?

2.എത്ര മുതിർന്ന ഉദ്യോഗസ്ഥരുണ്ട്?

3.അടുത്തിടെ നിയമിച്ച എത്ര ഉദ്യോഗസ്ഥർ ചുമതലയേറ്റു?

4.പ്രത്യേക ഓഫീസ് കെട്ടിടമുണ്ടോ?

5.പരീക്ഷാവിവരങ്ങൾ സൂക്ഷിക്കാൻ സ്വന്തം ഡേറ്റ ബേസുണ്ടോ?

6.പരീക്ഷാനടത്തിപ്പിന് സ്വന്തം സോഫ്റ്റ്‌വെയർ വികസിപ്പിച്ചിട്ടുണ്ടോ?

ഡേറ്റാ ബേസ് വരും:

എൻ.ടി.എ

സ്വന്തം ഡേറ്റ ബേസ് തയ്യാറാക്കുന്നത് പരിഗണനയിലെന്ന് എൻ.ടി.എയ്‌ക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. നീറ്റ് യു.ജി പരീക്ഷാപ്രക്രിയയും സോളിസിറ്റർ ജനറൽ വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360