
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിരോധത്തിലാക്കിയ പരീക്ഷാ സമ്പ്രദായത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയുള്ള പ്രക്ഷോഭം രാജ്യവ്യാപകമാക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനം. ഒപ്പം അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള ഉയർത്തി സംസ്ഥാന തലത്തിൽ പ്രചാരണം തുടങ്ങാനും തീരുമാനിച്ചു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഛാത്രം കീ ഗൂഞ്ച് എന്ന പേരിൽ വിദ്യാർത്ഥികളുമായുള്ള സംവാദം 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ചില പരിപാടികളിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കുമെന്ന് തീരുമാനങ്ങൾ വിശദീകരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. പാർലമെന്റിൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയ പ്രതിഷേധം പാർലമെന്റിന് പുറത്തും തുടരുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രത്തിലെ സംഭാവന കൊള്ള വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വിഷയമായി മാറി. രാമക്ഷേത്രം ഉപയോഗിച്ച് ആളുകളെ ധ്രുവീകരിച്ചവരാണ് കുടുങ്ങിയത്. അയോദ്ധ്യയിൽ എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലാണ് നടന്നത്. കേരളത്തിൽ ശബരിമല സ്വർണക്കൊള്ള നടത്തിയ സി.പി.എമ്മിന് ഭരണം നഷ്‌ടപ്പെട്ട് പ്രതിപക്ഷത്തിരിക്കേണ്ടി വന്നത് ബി.ജെ.പി ഒാർക്കണം. ഇക്കാര്യങ്ങൾ ഗ്രാമ, ജില്ലാ തലങ്ങളിൽ പ്രചാരണം നടത്താൻ പി.സി.സികൾക്ക് പ്രവർത്തക സമിതി യോഗം നിർദ്ദേശം നൽകി.
മണ്ഡല പുനർനിർണയം വേണ്ട
കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നടപടികൾ മരവിപ്പിച്ച് നിലവിലുള്ള 543 ലോക്‌സഭാ മണ്ഡലങ്ങളിൽ മൂന്നിലൊന്ന് ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്നും പ്രവർത്തക സമിതി ആവശ്യപ്പെട്ടു. തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയത്തെ യോഗം പിന്തുണച്ചു.
പ്രധാനമന്ത്രി മാപ്പു പറയണം:
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ചാണകം തളിച്ച ബി.ജെ.പി പ്രവർത്തകരുടെ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പു പറയണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രധാനമന്ത്രി മൗനം തുടരുകയാണ്. എന്നാൽ പാർട്ടി വക്താക്കൾ സംഭവത്തെ ന്യായീകരിക്കുന്നു. പ്രധാനമന്ത്രി പല തവണ ഖാർഗെയെ അപമാനിച്ചിട്ടുണ്ട്. നേതാക്കൾ അണികളെ തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുകയാണ്.
വന്ദേമാതരം വിവാദം:
കോൺഗ്രസ് പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന നിലപാട് തുടരാൻ പ്രവർത്തക സമിതിയിൽ ധാരണയായി. 1937ൽ സ്വീകരിച്ച നിലപാടിൽ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചതായി കെ.സി. വേണുഗോപാൽ പറഞ്ഞു. അരുണാചൽ വിഷയത്തിൽ കേന്ദ്ര സർക്കാർ ചൈനയ്‌ക്ക് കീഴടങ്ങിയെന്ന് പ്രവർത്തക സമിതി യോഗം വിലയിരുത്തി.
നാലുമണിക്കൂർ നീണ്ട കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ വി.ഡി. സതീശൻ അടക്കം നാല് കോൺഗ്രസ് മുഖ്യമന്ത്രിമാർ പങ്കെടുത്തു.
കേരളത്തിൽ നിന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സുധാകരൻ , ശശി തരൂർ തുടങ്ങിയവരും പങ്കെടുത്തു.
പങ്കെടുത്ത 88 നേതാക്കളിൽ 33 പേർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |