
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെ വിഷയങ്ങളുന്നയിച്ച് നടത്തിയ പ്രതിഷേധം വിജയിച്ചതിനുപിന്നാലെ പി.എം. കെയേഴ്സ് ഫണ്ട് വിഷയം ഉയർത്തിക്കാട്ടി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). പി.എം. കെയേഴ്സ് ഫണ്ടിൽ കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് രൂപ സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വിനിയോഗിക്കണമെന്ന് സി.ജെ.പി നേതാവ് അഭിജീത് ദീപ്‌കെ ആവശ്യപ്പെട്ടു. 2024-25 സാമ്പത്തിക വർഷം 8,452.07 കോടി രൂപ മിച്ചമുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. 2023-25ൽ ഫണ്ടിലേക്ക് 162.92 കോടി രൂപ ലഭിച്ചിട്ടും ചെലവഴിച്ചത് 16.47 കോടി രൂപ മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗ്രാമീണ മേഖലയിലെ സർക്കാർ സ്‌കൂളുകൾക്ക് നൽകാൻ ഫണ്ടില്ലെന്ന് അധികൃതർ പറയുമ്പോൾ പി.എം. കെയേഴ്സിൽ ആയിരക്കണക്കിന് കോടി രൂപ കെട്ടിക്കിടക്കുകയാണെന്ന് ദീപ്‌കെ ആരോപിച്ചു. എട്ട് കോടി രൂപ ചെലവിൽ മികച്ച സൗകര്യങ്ങളുള്ള മാതൃകാ സ്‌കൂൾ നിർമ്മിക്കാം. ഫണ്ടിലെ തുക ഉപയോഗിച്ചാൽ അത്തരം ആയിരത്തിലേറെ സ്‌കൂളുകൾ നിർമ്മിക്കാനാകും. 2024-25ലെ കണക്കുപ്രകാരം പി.എം. കെയേഴ്സ് ഫണ്ടിന്റെ കോർപസ് മുൻവർഷത്തെ 7,173.03 കോടി രൂപയിൽനിന്ന് 17.8 ശതമാനം ഉയർന്ന് 8,452.06 കോടി രൂപയായി. സംഭാവനകളിൽ കുറവുണ്ടായെങ്കിലും നിക്ഷേപങ്ങളിൽനിന്നുള്ള പലിശയും മറ്റ് വരുമാനങ്ങളുമാണ് കോർപസ് ഉയരാൻ പ്രധാന കാരണം.
വരവ് കൂടിയിട്ടും വിനിയോഗം കൂടിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2024-25ൽ 479.97 കോടി ഫണ്ടിലേക്ക് എത്തിയപ്പോൾ പി.എം. കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിക്കായി ചെലവഴിച്ചത് 87.85 ലക്ഷം മാത്രം. 2023-24 -ൽ 682.94 കോടി ഫണ്ടിലെത്തിയപ്പോൾ 5.38 കോടി രൂപയാണ് ചെലവഴിച്ചതെന്നും പറയുന്നു.
കൊവിഡിൽ തുടങ്ങി,
14,766.95 കോടി കിട്ടി
കൊവിഡ് മഹാമാരി കാലത്ത് അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി 2020 മാർച്ചിൽ രൂപീകരിച്ചതാണ് പി.എം കെയേഴ്സ് ഫണ്ട്. ഇതിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമായി സംഭാവനകൾ അടക്കം ഇതുവരെ 14,766.95 കോടി രൂപയാണ് എത്തിയത്. ചെലവഴിച്ചതാകട്ടെ 8133.99 കോടിയും. പി.എം. കെയേഴ്സ് ഫണ്ടിന്റെ വിനിയോഗത്തിൽ കൂടുതൽ സുതാര്യത വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.
Following the success of its protest over issues including question paper leaks, the Cockroach Janata Party (CJP) has now raised the issue of the PM CARES Fund.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |