
അറസ്റ്റിലായത് മുൻ ജിം ട്രെയിനർ
ന്യൂഡൽഹി: 21കാരിയായ മോഡലിനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ വെടിവച്ചു വീഴ്‌ത്തി പിടികൂടി. ഡൽഹി സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കൂടിയായിരുന്ന മുസ്‌കാനാണ് ബുധനാഴ്ച രാത്രിയിൽ തിലക് നഗറിലെ വീട്ടിൽ കൊല്ലപ്പെട്ടത്. കേസിൽ മുസ്‌കാന്റെ സുഹൃത്തും മുൻ ജിം ട്രെയിനറുമായ ഇമ്രാൻ എന്ന ആഖിബിനെ പിടികൂടാൻ ഡൽഹി പൊലീസ് വ്യാപക തെരച്ചിൽ നടത്തി വരികയായിരുന്നു. രജൗരി മേഖലയിലെ ഒളിസങ്കേതത്തിൽ ഇയാളുണ്ടെന്ന് ഇന്നലെ പുലർച്ചെയോടെ പൊലീസിന് വിവരം ലഭിച്ചു. അവിടെയെത്തിയ പൊലീസ് സംഘത്തെ കണ്ടതും ഇമ്രാൻ വെടിവച്ചു. പൊലീസും തിരിച്ചടിച്ചു. രണ്ടുകാലിലും വെടിവച്ച് പ്രതിയെ വീഴ്‌ത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇമ്രാനും മുസ്‌കാനും തമ്മിൽ ഒന്നരവർഷത്തെ ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. മുസ്‌കാൻ പോയിരുന്ന ജിമ്മിൽ ട്രെയിനറായിരുന്നു പ്രതി. ലഹരിമരുന്നിന് അടിമയാണ്. വാടക മുറിയിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ ഇമ്രാനെ ജിമ്മിൽ നിന്ന് പുറത്താക്കുകയായിരുന്നു. മറ്റൊരാളുമായി മുസ്‌കാന് ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചിരുന്നു. ഇതിന്റെ പേരിൽ ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും, പ്രകോപിതനായ പ്രതി കത്തിയെടുത്ത് കുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |