SignIn
Kerala Kaumudi Online
Wednesday, 02 September 2026 4.21 AM IST

സൈനിക താവളത്തിൽ സുരക്ഷാവീഴ്ച; അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ കവർന്നു

d

 എ.കെ 203 അസോൾട്ട് റൈഫിളുകൾ ഉൾപ്പെടെ കടത്തി

 അതീവ ജാഗ്രതാ നിർദ്ദേശം

ഹൈദരാബാദ്: അതീവ സുരക്ഷയുള്ള സെക്കന്തരാബാദിലെ സൈനിക താവളത്തിൽ വൻ കവർച്ച. എ.കെ 203 അസോൾട്ട് റൈഫിളുകൾ ഉൾപ്പെടെ അത്യാധുനിക ആയുധങ്ങളും മാരക വെടിക്കോപ്പുകളും കവർന്നു. ബൊല്ലാരം മിലിട്ടറി സ്റ്റേഷനിലെ 20 മദ്രാസ് റെജിമെന്റ് പരിസരത്താണ് സംഭവം. നാല് അത്യാധുനിക എ.കെ 203 അസോൾട്ട് റൈഫിളുകൾ, ഒരു ഇൻസാസ് റൈഫിൾ, ആറ് 9 എം.എം പിസ്റ്റളുകൾ, ഒരു സിവിലിയൻ പിസ്റ്റൾ എന്നിവയുൾപ്പെടെ 12 തോക്കുകൾ മോഷ്ടിച്ചു. രാത്രികാലത്തും ഉപയോഗിക്കാവുന്ന ബൈനോക്കുലർ,​ 21 മാഗസിനുകൾ, 1,800 ലധികം റൗണ്ട് വെടിയുണ്ടകൾ എന്നിവയും കാണാനില്ല. മോഷണം പോയ ആയുധങ്ങൾക്കു മാത്രം വിപണിയിൽ 15 ലക്ഷത്തോളം രൂപ വിലവരും. തിങ്കളാഴ്ച രാവിലെ 7.50ഓടെയാണ് കവർച്ചാ വിവരം അറിയുന്നത്. പ്രധാന വാതിലിന്റെ പൂട്ടുകളും ആയുധങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടികളും തകർത്ത നിലയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് ആറിന് ആയുധങ്ങളെല്ലാം അവിടെയുണ്ടെന്ന് ഉദ്യോഗസ്ഥർ കണക്കെടുത്ത് ഉറപ്പിച്ചതാണ്.

സൈന്യത്തിന്റെ പരാതിയിൽ ബൊല്ലാരം പൊലീസ് അന്വേഷണം ആരംഭിച്ചു. സൈന്യവും ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.

ആയുധങ്ങൾ രാജ്യവിരുദ്ധ ശക്തികളുടെ കൈയിൽപ്പെടാനോ ദുരുപയോഗം ചെയ്യപ്പെടാനോ സാദ്ധ്യതയുണ്ട്. അതിനാൽ കന്റോൺമെന്റ് മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രതിരോധ വിഭാഗങ്ങൾ ജാഗ്രത പാലിക്കണം. സമീപത്തെ സ്കൂളുകളിൽ കുട്ടികളെത്തേണ്ടെന്നും ക്ലാസുകൾ ഓൺലൈനായി നടത്തിയാൽ മതിയെന്നും അറിയിച്ചു. അന്വേഷണ ഏജൻസിക്ക് ലഭ്യമായ എല്ലാ രേഖകളും നൽകുമെന്നും പൂർണ സഹകരണം ഉറപ്പാക്കുമെന്നും സൈനിക യൂണിറ്റ് അറിയിച്ചു.

സഹായം ലഭിച്ചോ

എന്ന് അന്വേഷിക്കും

ആയുധപ്പുരയിലേക്കും സമീപ പ്രദേശങ്ങളിലേക്കും പ്രവേശനമുണ്ടായിരുന്ന സൈനികരെ അധികൃതർ ചോദ്യം ചെയ്തു. രജിസ്റ്ററുകൾ പരിശോധിച്ചു. സുരക്ഷാ പരിശോധനകൾക്കായി ആയുധപ്പുര സീൽ ചെയ്തിരിക്കുകയാണ്. സൈന്യത്തിനുള്ളിൽ തന്നെയുള്ള ആരുടെയെങ്കിലും സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥരുടെ നീക്കങ്ങളും നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. അതീവ സുരക്ഷാ മേഖലയിൽ നിന്ന് പ്രതികൾ എങ്ങനെ ആയുധങ്ങൾ കടത്തിയെന്നത് വ്യക്തമല്ല. സൈനികർക്കും പുറം കരാർ ജീവനക്കാർക്കും ഈ വിഭാഗത്തിലേക്ക് പ്രവേശനമുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ സായുധ ഉദ്യോഗസ്ഥരാണ് കാവൽ നിൽക്കുന്നത്. കുറച്ച് കാവൽക്കാർ മാത്രമുണ്ടായിരുന്ന സമയത്താണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360