
ഹൈദരാബാദ്: ഐ.പി.എല്ലിൽ ഇന്നലെ പഞ്ചാബ് കിംഗ്‌സിനെ തോൽവിയിലേക്കും രണ്ടാം സ്ഥാനത്തേക്കും തള്ളിയിട്ട് സൺറൈസേഴ്‌സ് ഹൈദരാബാദിന് 33 റൺസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ 235 റൺസെടുത്തു. മറുപടിക്കിറങ്ങിയ പഞ്ചാബിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 202 റൺസേ നേടാനായുള്ളൂ.
സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന കൂപ്പർ കോണോലി (പുറത്താകാതെ 59 പന്തിൽ 107) പൊരുതി നോക്കിയെങ്കിലും മറ്റുള്ളവർ നിരാശപ്പെടുത്തി. സൂര്യാൻഷ് ഷെഡഗെ (17 പന്തിൽ 25), മാർകസ് സ്റ്റോയിനിസ് (14 പന്തിൽ 28) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ടീം സ്കോർ 4ൽ എത്തിയപ്പോഴേ ഓപ്പണർമാരായ ഇംപാക്ട് പ്ലെയർ പ്രിയാൻഷ് ആര്യയും (1), പ്രഭ് സിമ്രാനും (3) ഡഗൗട്ടിൽ തിരിച്ചെത്തി. പ്രിയാൻഷിന്റെയും സൂര്യാൻഷിന്റെയും വിക്കറ്റുകൾ നേടുകയും പ്രഭ്‌സിമ്രാന്റെയും പഞ്ചാബ് ക്യാപ്‌ടൻ ശ്രേയസ് അയ്യരുടേയും
(5) ക്യാച്ചുക
ൾ കൈയിൽ ഒതുക്കുകയും ചെയ്ത ഹൈദരാബാദ് ക്യാപ്ടൻ പാറ്റ് കമ്മിൻസാണ് കളിയിലെ താരം.
നേരത്തേ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനായി ബാറ്റിംഗിനിറങ്ങിയവരെല്ലാം അടിച്ചു തകർത്തു. ഹെൻറിച്ച് ക്ലാസ്സൻ (43 പന്തിൽ 69), ഇഷാൻ കിഷൻ (32 പന്തിൽ 55) എന്നിവർ അർദ്ധ സെഞ്ച്വറി നേടി. ട്രാവിസ് ഹെഡ് (19 പന്തിൽ 38),അഭിഷേക് ശർമ്മ (13 പന്തിൽ 35), നിതീഷ് റെഡ്ഡി (പുറത്താകാതെ 13 പന്തിൽ 29) എന്നിവരും തിളങ്ങി, പഞ്ചാബ് താരങ്ങൾ കൈവിട്ട് ക്യാച്ചുകൾ ഹൈദരാബാദ് ഇന്നിംഗ്സിന് മുതൽക്കൂട്ടായി.
അർഷ്‌ദീപ് സിംഗും,യൂസ്‌വേന്ദ്ര ചഹലും, വൈശാഖ് വിജയകുമാറും, ലോക്കി ഫൈർഗൂസനും പഞ്ചാബിനായി ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
8- പഞ്ചാബിനെതിരെ 8-ാം തവണയാണ് ഹൈദരാബാദ് 200 പ്ലസ് ടോട്ടൽ നേടുന്നത്.
3-പഞ്ചാബിന്റെ സീസണിലെ തുടർച്ചയായ മൂന്നാം തോൽവി.
സഞ്ചൂ സൂപ്പറാ!
ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസലിനെതിരെയും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ വിജയ ശില്പിയായ മലയാളി താരം സഞ്ജു സാംസൺ ഈ സീസണിലെ മൂന്നാം പ്ലെയർ ഓഫ്ദ മാച്ച് പുരസ്കാരവും സ്വന്തമാക്കി. സഞ്ജുവിന്റെ ബാറ്റിംഗ് മികവിൽ ഡൽഹി ക്യാപിറ്റൽസിനെ 8 വിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ചത്.അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ 156 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി പുറത്താകാതെ 87 റൺസ് നേടിയാണ് സഞ്ജു വിജയശിൽപ്പിയായത്. 17.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 159/2 എന്ന സ്കോറിലെത്തിയത്. 52 പന്തുകളിൽ ഏഴു ഫോറുകളും ആറ് സിക്സുകളും പറത്തിയാണ് സഞ്ജു 87 റൺസിലെത്തിയത്. റുതുരാജ് ഗെയ്ക്ക്‌വാദും (6) ഉർവിൽ പട്ടേലും (17) പുറത്തായശേഷമെത്തിയ കാർത്തിക് ശർമ്മയെ(41 നോട്ടൗട്ട്)ക്കൂട്ടി സഞ്ജു ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
കളിയിലെ താരത്തിനുള്ള പുരസ്കാരം സ്വീകരിച്ച ശേഷം ഹർഷ ഭോഗ്‌ലയുടെ ചോദ്യത്തിന് സഞ്ജു നൽകിയ മറുപടി വൈറലായി.
ഈ സീസണിൽ നേടിയ രണ്ട് സെഞ്ച്വറികളെക്കാൾ സന്തോഷം ഈ 87 റൺസിനാണോയെന്ന ഹർഷയുടെ ചോദ്യത്തിന് സഞ്ഡു നൽകിയ മറുപടിയാണ് വൈറലായത്.
സെഞ്ചറികൾ എപ്പോഴും പ്രത്യേകതയുള്ള ഒന്നാണ്സാർ. പക്ഷേ ഇന്ന് അതു നേടാൻ എനിക്ക് അൽപം സ്വാർഥനാകേണ്ടി വരുമായിരുന്നു. അതിനാൽ കളി ജയിക്കാം എന്ന് ഞാൻ കരുതി, പിന്നെ കൂടെയുള്ള ബാറ്റർ വളരെ നന്നായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് അവനോട്, ഭായി ഒരു സിംഗിൾ എടുക്കൂ, എനിക്ക് സെഞ്ചുറി തികയ്ക്കണം എന്ന് പറയാൻ ആഗ്രഹിച്ചില്ല. പുറത്താകാതെ കളി ജയിപ്പിക്കുന്നത് കൂടുതൽ സംതൃപ്തി നൽകുന്നു. ഞാൻ അത് ആസ്വദിച്ചു, മത്സരങ്ങൾ ബാക്കിയുണ്ട്. സെഞ്ച്വറി എനിക്ക് വീണ്ടും ലഭിക്കുമോ എന്ന് നോക്കാം - സഞ്ജു പറഞ്ഞു.
കൂപ്പർ കോണോലിയുടെ കന്നി ഐ.പി.എൽ സെഞ്ച്വറിയായിരുന്നു ഇന്നലത്തേത്.
പഞ്ചാബിന് ജയം
ലുധിയാന: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്.സി 1-0ത്തിന് ചെന്നൈയിൻ എഫ്.സിയെ തോൽപ്പിച്ചു. 84-ാം മിനിട്ടിൽ ചെന്നൈയുടെ ലാൽറിൻലിയാന നാംതെയുടെ പിഴവിൽ പിറന്ന സെൽഫ് ഗോളിലാണ് പഞ്ചാബ് ജയിച്ചു കയറിയത്. പഞ്ചാബ് ആറാം സ്ഥാനത്തേയ്ക്ക് കയറി. ചെന്നൈയിൻ 12-ാമതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |