
ചെന്നൈ സൂപ്പർ കിംഗ്സിനെ ഏഴുവിക്കറ്റിന് തോൽപ്പിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്
ചെന്നൈയുടെ പ്ളേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടി
ചെന്നൈ 187/5, ലക്നൗ 188/3 (16.4 ഓവർ)
ലക്നൗ : ഐ.പി.എല്ലിൽ ഇന്നല നടന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനോട് മൂന്ന് വിക്കറ്റിന് തോറ്റത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്ളേ ഓഫ് പ്രതീക്ഷകളെ തുലാസിലാക്കി. ലക്നൗവിൽ ഇന്നലെ ടോസ് നേടിയ സൂപ്പർ ജയന്റ്സ് ക്യാപ്ടൻ റിഷഭ് പന്ത് ചെന്നൈയെ ആദ്യ ബാറ്റിംഗിനിറക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്‌ടത്തിൽ ചെന്നൈ 187 റൺസ് നേടി. മറുപടിക്കിറങ്ങിയ ലക്നൗ 16.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 38 പന്തുകളിൽ ഒൻപത് ഫോറുകളും ഏഴുസിക്സുമടക്കം 90 റൺസ് നേടിയ മിച്ചൽ മാർഷും ജോഷ് ഇംഗ്ലിസും (36), നിക്കോളാസ് പുരാനുമാണ് (32 നോട്ടൗട്ട്) ലക്നൗവിന്റെ ചേസിംഗ് വിജയത്തിന് ചുക്കാൻ പിടിച്ചത്.
പേസർ ആകാശ് സിംഗിന്റെ മാസ്മരിക സ്പെല്ലിന് മുന്നിൽ ചെന്നൈ മുൻനിര വീണുപോയപ്പോൾ അർദ്ധസെഞ്ച്വറി നേടിയ കാർത്തിക് ശർമ്മയും (42 പന്തുകളിൽ ആറുഫോറുകളും അഞ്ച് സിക്സുകളുമടക്കം 71 റൺസ്) അവസാന ഓവറുകളിൽ ശിവം ദുബെയും (16 പന്തുകളിൽ 32 റൺസ്), ഡെവാൾഡ് ബ്രെവിസും (16പന്തുകളിൽ 25 റൺസ്) ചേർന്നാണ് ഈ സ്കോറിലേക്ക് എത്തിച്ചത്.
നാലാം ഓവറിൽ ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്ക്വാദിനെയും (13), ആറാം ഓവറിൽ സൂപ്പർ താരം സഞ്ജു സാംസണിനെയും (20) എട്ടാം ഓവറിൽ യുവതാരം ഉർവിൽ പട്ടേലിനെയും (6) പുറത്താക്കി ഇടംകയ്യൻ പേസറായ ആകാശ് സിംഗ് മികച്ച തുടക്കമാണ് ലക്നൗവിന് നൽകിയത്. ഈ സീസണിൽ ലക്നൗവിനായി ആദ്യ മത്സരത്തിനാണ് ആകാശ് ഇറങ്ങിയത്. 52/3 എന്ന നിലയിൽ ക്രീസിൽ ഒരുമിച്ച കാർത്തിക് ശർമ്മയും ബ്രെവിസും ചേർന്ന് 122വരെ എത്തിച്ചു.15-ാം ഓവറിൽ ഷമി ബ്രെവിസിനെയും 16-ാം ഓവറിൽ ഷഹബാസ് അഹമ്മദ് കാർത്തികിനെയും പുറത്താക്കി.
മറുപടിക്കിറങ്ങിയ ലക്നൗവിന് വേണ്ടി ഓപ്പണിംഗിൽ മാർഷും ഇൻഗിലിസും ചേർന്ന് 11.4 ഓവറിൽ 135 റൺസ് അടിച്ചുകൂട്ടിയപ്പോഴേ വിജയം ഉറപ്പായിരുന്നു. 32 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സും പറത്തിയ ഇൻഗിലിസിനെ മുകേഷ് ചൗധരിയാണ് മടക്കി അയച്ചത്. തൊട്ടടുത്ത പന്തിൽ മാർഷ് റൺഔട്ടാവുകയും ചെയ്തു. എന്നാൽ പുരാൻ ഒരറ്റത്ത് വെടിക്കെട്ട് തുടങ്ങിയതോടെ 20 പന്തുകൾ ബാക്കിനിൽക്കേ ലക്നൗ ലക്ഷ്യം കണ്ടു.
ഈ സീസണിൽ 12 മത്സരങ്ങളിൽ ആറാം തോൽവി വഴങ്ങിയ ചെന്നൈ 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. നാലാമത്തെ ജയം നേടിയ ലക്നൗ അവസാന സ്ഥാനത്ത് തുടരുകയാണ്.
കാർത്തിക് ശർമ്മയ്ക്ക് അർദ്ധ സെഞ്ച്വറി (71)
ആകാശ് സിംഗിന് സീസണിലെ ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റ്
ആകാശക്കുറിപ്പ് : വിക്കറ്റ് വീഴ്ത്തിയ ശേഷം പോക്കറ്റിൽ നിന്ന് ചെറുകുറിപ്പ് പുറത്തെടുത്ത് ഉയർത്തിക്കാട്ടി ആഹ്ളാദപ്രകടനം നടത്തുന്ന ലക്നൗ സൂപ്പർ ജയന്റ്സ് ബൗളർ ആകാശ് സിംഗ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |