
ലോകകപ്പിനുള്ള 26അംഗ ടീം പ്രഖ്യാപിച്ച് ഫ്രാൻസ്
കിലിയൻ എംബാപ്പെ ക്യാപ്ടൻ
പാരീസ് : അടുത്തമാസം തുടങ്ങുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിനുള്ള 26 അംഗ ഫ്രഞ്ച് സ്ക്വാഡിനെ പ്രഖ്യാപിച്ച് കോച്ച് ദിദിയെ ദെഷാംപ്സ്. തുറുപ്പുചീട്ടായ കിലിയൻ എംബാപ്പെ നയിക്കുന്ന സംഘത്തിൽ നിലവിലെ ബാലൻ ഡി ഓർ പുരസ്കാരജേതാവ് ഒസ്മാനെ ഡെംബലെയും അണിനിരക്കും. നിലവിലെ റണ്ണേഴ്സ് അപ്പും തുടർച്ചയായി രണ്ട് ഫൈനലുകൾ കളിച്ചവരുമാണ് ഫ്രാൻസ്.
ലൂക്കാസ് ഹെർണാണ്ടസ്, എൻഗോളോ കാന്റെ എന്നിവർ മാത്രമാണ് എംബാപ്പെയ്ക്കും ഡെംബെലെയ്ക്കുമൊപ്പം 2018-ൽ ലോകകപ്പ് നേടിയ ടീമിൽ നിന്ന് നിലനിറുത്തപ്പെട്ടവർ. കഴിഞ്ഞ സീസണിൽ പി.എസ്.ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയും 35 ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്ത ഡെംബെലെ, ഈ നൂറ്റാണ്ടിൽ ബാലൺ ഡി ഓർ നേടുന്ന രണ്ടാമത്തെ ഫ്രഞ്ച് താരമെന്ന ബഹുമതിയോടെയാണ് ടീമിലെത്തുന്നത്. റയൻ ചെർക്കി, വില്യം സാലിബ എന്നിവർ ഉൾപ്പെടെ ഏഴ് ഇംഗ്ളീഷ് പ്രീമിയർ ലീഗ് താരങ്ങൾ ടീമിലിടം പിടിച്ചിട്ടുണ്ട്.ബയേൺ മ്യൂണിക്ക് താരം മൈക്കൽ ഒലീസ്, ഡിസയർ ദൂയി എന്നിവരും ടീമിലുണ്ട്.
ഒഴിവാക്കപ്പെട്ട പ്രമുഖർ
റയൽ മാഡ്രിഡ് താരം എഡ്വേർഡോ കാമവിംഗ, ടോട്ടൻഹാമിന്റെ റാൻഡൽ കോളോ മുവാനി എന്നിവരെ ദെഷാംപ്‌സ് ടീമിലുൾപ്പെടുത്തിയിട്ടില്ല. പരിക്ക് മൂലം ലിവർപൂളിന്റെ ഹ്യൂഗോ എക്കിറ്റികെയും പുറത്തായി.
ഫ്രഞ്ച് ടീം:
ഗോൾകീപ്പർമാർ: മൈക്ക് മഗ്നാൻ, റോബിൻ റിസർ, ബ്രൈസ് സാംബ.
ഡിഫൻഡർമാർ: ലൂക്കാസ് ഡീഗ്നെ, മാലോ ഗുസ്തോ, ലൂക്കാസ് ഹെർണാണ്ടസ്, തിയോ ഹെർണാണ്ടസ്, ഇബ്രാഹിമ കൊനാട്ടെ, മാക്സെൻസ് ലാക്രോയിക്സ്, യൂൾസ് കുണ്ടെ, വില്യം സാലിബ, ദായോട്ട് ഉപമെക്കാനോ.
മിഡ്ഫീൽഡേഴ്സ്: എൻഗോളോ കാന്റെ, മനു കോനെ, അഡ്രിയാൻ റാബിയോട്ട്, ഔറേലിയൻ ചൗമേനി, വാരൻ സെയർ എമറി.
ഫോർവേഡുകൾ: മഗ്നസ് അക്ലിയോച്ചെ, ബ്രാഡ്ലി ബാർക്കോള, റയൻ ചെർക്കി, ഒസ്മാൻ ഡെംബെലെ, ഡിസെയർ ദൂയി, മൈക്കൽ ഒലീസ്, കിലിയൻ എംബാപ്പെ, ജീൻ ഫിലിപ്പ് മാറ്റേറ്റ, മാർക്കസ് തുറാം.
ഗ്രൂപ്പ് ഐ യിൽ ഇറാഖ്, നോർവെ,സനെഗൽ എന്നിവരാണ് ഫ്രാൻസിന്റെ എതിരാളികൾ.
ജൂൺ 16-ന് ന്യൂജേഴ്‌സിയിൽ സെനഗലിനെതിരെയാണ് ആദ്യ മത്സരം.
പേരുകേട്ട താരങ്ങളെ ഉൾപ്പെടുത്തുന്നതിലുപരി ടീമിന്റെ ബാലൻസിനാണ് മുൻഗണന നൽകിയത്. എല്ലാപൊസിഷനിലേക്കും ഏറ്റവും യോജിച്ചവരെ തിരഞ്ഞെടുത്തിട്ടുണ്ട്.
- ദിദിയെ ദെഷാംപ്‌സ്
2
തവണ ലോകകപ്പ് നേടിയവരാണ് ഫ്രഞ്ച് ടീം. 1998ലും 2018ലുമായിരുന്നു കിരീടനേട്ടം. 98ൽ ക്യാപ്‌നായും 2018ൽ കോച്ചായും ദേഷാംപ്സ് കപ്പുയർത്തി. 2022ൽ ദെഷാംപ്സിന് കീഴിൽ ഫൈനലിലെത്തി അർജന്റീനയോട് തോറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |