
മയാമി: ഈ ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് കേപ് വെർദെയെന്ന ആഫ്രിക്കൻ ദ്വീപ് രാജ്യത്തെക്കുറിച്ച്പലരും കേട്ടിട്ടുപോലുമില്ലായിരുന്നു. എന്നാൽ ആദ്യമത്സരത്തിൽ മുൻ ചാമ്പ്യന്മാരായ സ്പെയിനെ ഗോൾ രഹിത സമനിലയിൽ കുരുക്കി കേപ് വെർദെയും അവരുടെ നാല്പകതുകാരൻ ഗോളി വൊസീഞ്ഞയും ലോകത്തിന്റെ ഓമനയായി. തുടർന്ന് ചരിത്രത്തിലെ ആദ്യ ലോക ചാമ്പ്യന്മാരായ ഉറുഗ്വെയേയും , കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയെ തോൽപ്പിച്ച ഏകടീമായ സൗദിഅറേബ്യയേയും സമനിലയിൽ പിടിച്ച് , ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരായി കേപ് ലോകകപ്പിലെ കന്നിവരവിൽ തന്നെ നോക്കൗട്ട് റൗണ്ടിൽ കടക്കുകയായിരുന്നു.്നപ്പോൾ, ലോകം മുഴുവൻ അവരുടെ പോരാട്ട വീര്യത്തെ നമിച്ചു.
നിലവിലെ ലോകചാമ്പ്യന്മാരെന്ന പകിട്ടിൽ നോക്കൗട്ടിൽ തങ്ങളെ നേരിടാനെത്തിയ ലയണൽ മെസിയുടെ അർജന്റീനയെ 120 മിനിട്ടും മയാമി സ്റ്റേഡിയത്തിൽ വിറപ്പിച്ച ശേഷമാണ് 3-2ന് അവർ തോൽവി സമ്മതിച്ചത്.
ബോൾ പൊസഷനിലും പാസിംഗിലും ഷോട്ടുകളിലുമെല്ലാം അർജന്റീനയ്ക്ക് ആധിപത്യമുണ്ടായിരുന്നെങ്കിലുംനിശ്ചിത സമയത്ത് അർജന്റീനയെ സമനിലയിൽ പിടിച്ച കേപ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടി. എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം വരെ അർജന്റീനയെ മുൾമുനയിൽ നിറുത്തിയാണ് കേപ് വീരോചിതമായി പൊരുതി വീണത്,
ഈ ലോകകപ്പിൽ ഇതുവരെയുള്ള ഏറ്രവും വാശിയേറിയ മത്സരമെന്നാണ് അർജന്റീന കേപ് വെർദെ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്. മെസിയും സംഘവും തുടക്കം മുതൽ ആക്രമിച്ച് കളിച്ചെങ്കിലും ക്രോസ്ബാരിന് കീഴൽ വൊസീഞ്ഞയുടെ ജാഗ്രതയും പ്രതിരോധ നിരയും കേപിന് പലപ്പോഴും തുണയായി. വൊസീഞ്ഞ നടത്തിയ 8 സേവുകളിൽ മൂന്നെണ്ണം മെസിയുടെ ഫ്രീകിക്കുകളായിരുന്നു.
29-ാം മിനിട്ടിൽ മെസിയുടെ ചിപ്പിംഗ് ഗോളിലൂടെ മുന്നിലെത്തിയ അർജന്റീനയെ 59-ാം മിനിട്ടിൽ ഡിറോയി ഡുവാർട്ടെ നേടിയ ഗോളിലൂടെ കേപ് സമനിലയിൽ പിടിച്ചപ്പോൾ ലോകം ഞെട്ടി. പിന്നീട് നിശ്ചിത സമയത്ത് ഇരുടീമിനും ഗോൾ നേടാനാകാതെ വന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്സ്ട്രാ ടൈമിൽ തുടക്കത്തിൽ തന്നെ ലിസാൻഡ്രൊ മാർട്ടിനസ് (92-ാംമിനിട്ട്) അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ 103-ാം മിനിട്ടിൽ സിഡ്നി ലോപസ് കബ്രാൾ നേടിയ മനോഹര ഗോളിലൂടെ കേപ് വീണ്ടും ഒപ്പമെത്തി. ഗോളാഘോഷിക്കാൻ കബ്രാൾ ഗാലറിയിലേക്ക് ഓടിക്കയറിയതും കാമുകിയെ കെട്ടിപ്പിടിച്ചതും ഈ ലോകകപ്പിലെ ഏറ്രവും വൈകാരിക നമിഷമായി.എന്നാൽ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ 111-ാംമിനിട്ടിൽ മെസിയെടുത്ത കോർണറിനൊടുവിൽ കേപിന്റെ ഡൈനെയുടെ തലയിൽ കൊണ്ട് പന്ത് സ്വന്തം പോസ്റ്റിൽ കയറി. ഇതോടെ ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ കഥയ്ക്ക് റൗണ്ട് ഓഫ് 32ൽ വീരോചിതമായി തന്നെ ക്ലൈമാക്സ് കുറിക്കപ്പെടുകയായിരുന്നു.
വൊസീഞ്ഞയ്ക്ക്
ക്ലബില്ല
അമാനുഷിക പ്രകടനത്തിലൂടെ സൂപ്പർ ഹീറോയായി മാരിയ വൊസീഞ്ഞ ലോകകപ്പ് വേദി വിടുമ്പോൾ കളിക്കാൻ ഒരു ക്ലബില്ലെന്നതാണ് സത്യം. പോർച്ചുഗീസ് രണ്ടാം ഡിവിഷൻ ക്ലബായ ജിഡി ചാവേസുമായുള്ള കരാർ ജൂൺ 1 ഓടെ അവസാനിച്ചിരുന്നു.
നാല്പതിലും പ്രായം തളർത്താത്ത പോരാളിക്കായി ചില ബ്രസീലിയൻ ക്ലബുകളും അമേരിക്കൻ മേജർ ലീഗ് ക്ലബുകളും നീക്കം തുടങ്ങിയതായാണ് വിവരം.
18 മില്യൺ- സ്പെയിനെതിരായ ലോകകപ്പിലെ കേപിന്റെ ആദ്യ മത്സരത്തിന് പിന്നാലെ വൊസീഞ്ഞയുടെ ഇൻസറ്റഗ്രാമിലെ ഫോളോവേഴ്സ് 50,000ത്തിൽ നിന്ന് 18 മില്യണായി കുതിച്ചുയർന്നു.
സ്പെയിനെതിരായ ആദ്യ മത്സരത്തിൽ 7 സേവുകൾ നേടത്തി ലോകത്തെ അമ്പരിപ്പിച്ചശേഷം സംസാരിക്കവെ തന്റെഅമ്മയ്ക്ക് അമേരിക്കൻ വിസയ്ക്ക്ആവശ്യമായ പണമില്ലാത്തതിനാൽ ലോകകപ്പ്മത്സരം നേരിട്ട് കാണാനാകുന്നില്ല എന്ന സങ്കടം വൊസീഞ്ഞ പങ്കുവച്ചിരുന്നു. പിന്നാലെ വിഷയത്തിൽ ഇടപെട്ട് യു.എസ് അധികൃതർ സ്പെഷ്യൽ കേസായി പരിഗണിച്ച് താരത്തിന്റെ അമ്മയ്ക്ക് വിസ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |