
മ്യൂണിക്ക് : ആർ.പി ലെയ്പ്സിഗിനെതിരായ പ്രീസീസൺ മത്സരത്തിനിടെ കുഴഞ്ഞുവീണ ജർമ്മൻ ഫുട്ബാൾ ക്ളബ് ബയേൺ മ്യൂണിക്കിന്റെ താരം ജമാൽ മുസൈല സുഖം പ്രാപിക്കുന്നതായി ക്ളബ് വൃത്തങ്ങൾ അറിയിച്ചു. കടുത്ത ചൂടുകാരണം നിർജലീകരണം സംഭവിച്ചതാണ് മുസൈല കുഴഞ്ഞുവീഴാൻ കാരണമെന്നും ക്ളബ് അറിയിച്ചു.ഇപ്പോൾ വിശ്രമത്തിലുള്ള താരം ക്ളബിന്റെ അടുത്ത പ്രീ സീസൺ മത്സരത്തിൽ കളിച്ചേക്കില്ല. എന്നാൽ വാരാന്ത്യത്തിൽ ബൊറൂഷ്യ ഡോർട്ട്മുണ്ടിനെതിരെ നടക്കുന്നഡി.എഫ്.എൽ സൂപ്പർ കപ്പ് മത്സരത്തിൽ കളിച്ചേക്കും. ലെയ്പ്സിഗിനെതിരായ മത്സരത്തിൽ ബയേൺ 3-1ന് ജയിച്ചിരുന്നു. ഇതിലൊരു ഗോൾ നേടിയത് മുസൈലയാണ്.
തക്കസമയത്ത്
സൈബരിയുടെ
സഹായം
ഈ സീസണിൽ ബയേൺ മ്യൂണിക്കിലേക്കെത്തിയ മൊറോക്കോ താരം ഇസ്മയിൽ അൽ സൈബരിയാണ് മുസൈല കുഴഞ്ഞുവീഴാൻ ഒരുങ്ങുന്നതുകണ്ട് ഓടിയെത്തി താങ്ങിയത്. സൈബരിയുടെ കൈകളിലേക്കാണ് മുസൈല കുഴഞ്ഞുവീണത്. പതിയെ മുസൈലയെ സൈബരി ഗ്രൗണ്ടിൽ കിടത്തിയപ്പോഴാണ് മെഡിക്കൽ സംഘം ഓടിയെത്തിയതും പ്രാഥമിക ശ്രുശൂഷ നൽകിയതും. കുഴഞ്ഞുവീഴുന്നതിന് കുറച്ചുമുമ്പ് മുസൈലയ്ക്ക് ഗോളടിക്കാൻ പന്തെത്തിച്ചതും സൈബരിയായിരുന്നു.
സൈബരിയും 34-ാം
നമ്പർ ജഴ്സിയും
ക്ളബ് മത്സരങ്ങളിൽ അൽസൈബരി അണിയുന്നത് 34-ാം നമ്പർ ജഴ്സിയാണ്. അതിനുപിന്നിൽ കഴിഞ്ഞ ദിവസം മുസൈലയ്ക്ക് സംഭവിച്ചതുപോലൊരു അപകടത്തിന്റെ കഥയുണ്ട്. 2017ൽ ഡച്ച് ക്ളബ് അയാക്സിൽ സൈബരിക്കൊപ്പം കളിച്ചിരുന്ന അബ്ദുൽ ഹഖ് നൂറി കുഴഞ്ഞുവീണിരുന്നു. പിന്നീട് നൂറിക്ക് കളി മതിയാക്കേണ്ടിവന്നു. നൂറി അവസാനമായി അണിഞ്ഞിരുന്ന 34-ാം നമ്പർ അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും അടയാളമായി സൈബരി തന്റെ ജഴ്സി നമ്പരായി സ്വീകരിക്കുകയായിരുന്നു. ബയേണിലും സൈബരിയുടെ നമ്പർ 34ആണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |