SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.41 AM IST

കഴിഞ്ഞു; ഒന്നാം ലങ്കൻ അങ്കം

cricket

ഗാൾ: ഇന്ത്യയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 284 റൺസിന് ആൾഔട്ടായി ശ്രീലങ്ക. ഇതോടെ ആദ്യ ഇന്നിംഗ്സിൽ 462 റൺസിന് ആൾഔട്ടായിരുന്ന ഇന്ത്യയ്ക്ക് 179 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡായി. മൂന്നാം ദിനമായ ഇന്നലെ മഴയും വെളിച്ചക്കുറവും കാരണം ലങ്ക ആൾഔട്ടായതിന് പിന്നാലെ കളിനിറുത്തേണ്ടിവന്നു.

രണ്ടാം ദിവസം 460/9 എന്ന നിലയിലായിരുന്ന ഇന്ത്യ ഇന്നലെ ഡിക്ളയർ ചെയ്യാതെ ബാറ്റിംഗ് തുടരാനിറങ്ങിയെങ്കിലും രണ്ട് റൺസ് കൂടി നേടിയപ്പോഴേക്കും ആൾഔട്ടായി.രാവിലത്തെ നാലാം പന്തിൽ പ്രസിദ്ധ് കൃഷ്ണയെ കീപ്പർ നിരോഷന്റെ കയ്യിലെത്തിച്ച് അസിത ഫെർണാണ്ടോയാണ് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ദേവ്ദത്ത് പടിക്കൽ (167), കെ.എൽ രാഹുൽ (82),ധ്രുവ് ജുറേൽ (51),റിഷഭ് പന്ത് (39), യശസ്വി ജയ്സ്വാൾ (32), മാനവ് സുതർ (24) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യയെ 462ലെത്തിച്ചത്. നാലുവിക്കറ്റ് വീഴ്ത്തിയ പ്രഭാത് ജയസൂര്യയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കേശര നുവാന്തയുമാണ് ലങ്കൻ ബൗളിംഗിൽ തിളങ്ങിയത്.

ഇന്നലെ മറുപടിക്കിറങ്ങിയ ലങ്കയെ 26.1 ഓവറിൽ 90/5 എന്ന നിലയിലാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. എന്നാൽ ആറാം വിക്കറ്റിൽ സൊനാൽ ദിനുഷയും (100), നിരോഷൻ ഡിക്ക്‌വെല്ലയും (80) കൂട്ടിച്ചേർത്ത 146 റൺസ് ലങ്കയ്ക്ക് ആയുസ് നീട്ടി നൽകി. ഇന്നിംഗ്സിലെ രണ്ടാം പന്തിൽ സ്കോർ ബോർഡ് തുറക്കും മുന്നേ നിഷാൻ മധുഷ്ക ഫെർണാണ്ടോയെ (0) ദേവ്ദത്തിന്റെ കയ്യിലെത്തിച്ച് സിറാജാണ് ലങ്കയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. എട്ടാം ഓവറിൽ ദിനേഷ് ചാന്ദിമലിനെ (4) കീപ്പർ റിഷഭ് പന്തിന്റെ കയ്യിലെത്തിച്ച് മാനവ് സുതർ വേട്ട തുടങ്ങി.

14-ാം ഓവറിൽ ലാഹിരു ഇഗലഗമാഗെയും (27) മാനവിന് ഇരയായതോടെ ലങ്ക 53/3 എന്ന നിലയിലായി.17-ാം ഓവറിൽ കുൽദീപ് യാദവിന്റെ പന്തിൽ അസാദ്ധ്യക്യാച്ചുമായി ശുഭ്മാൻ ഗിൽ കാമിന്ദു മെൻഡിസിനെ(14) അവസാനിപ്പിച്ചു.27-ാം ഓവറിൽ ലങ്കൻ ക്യാപ്ടല ധനഞ്ജയ ഡിസിൽവയെ ജഡേജ കെ.എൽ രാഹുലിന്റെ കയ്യിലെത്തിച്ചതോടെയാണ് ലങ്ക 90/5 എന്ന നിലയിലായത്.

തുടർന്ന് ലഞ്ചിന് മുന്നേ ക്രീസിലൊരുമിച്ച ദിനുഷ - നിരോഷൻ സഖ്യം ചായകഴിഞ്ഞും തുടർന്നതോടെയാണ് ആതിഥേയർ കരയറിയത്. രണ്ടാം സെഷൻ മുഴുവൻ ഈ സഖ്യം ക്രീസിൽ നിന്ന് ഇന്ത്യൻ സ്പിന്നർമാരെ വെറുപ്പിച്ചു. ഒടുവിൽ 62-ാം ഓവറിൽ നിരോഷനെ റിഷഭിന്റെ കയ്യിലെത്തിച്ച് പ്രസിദ്ധാണ് സഖ്യം പൊളിച്ചത്. 115 പന്തുകൾ നേരിട്ട നിരോഷൻ ഏഴ് ബൗണ്ടറികൾ പായിച്ചിരുന്നു. പിന്നീ‌ടെല്ലാം പെട്ടെന്നായിരുന്നു. സൊനാൽ ദിനുഷ ഒരറ്റത്ത് തന്റെ സെഞ്ച്വറിയിലേക്ക് നീങ്ങവേ നുവാന്തയെ ജഡേജയും പ്രഭാത് ജയസൂര്യയെ മാനവും മടക്കിഅയച്ചു.

168 പന്തുകളിൽ നാലുഫോറും രണ്ട് സിക്സുമടക്കം 100 റൺസ് നേടിയ ദിനുഷ 79-ാം ഓവറിൽ ജഡേജയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി ഒൻപതാമനായാണ് മടങ്ങിയത്. ലാഹിരു കുമാരയെ (10) മാനവിന്റെ പന്തിൽ സ്റ്റംപ്ചെയ്ത് റിഷഭ് ലങ്കൻ ഇന്നിംഗ്സിന് കർട്ടനിട്ടു. 21.4 ഓവറിൽ ഒരു മെയ്ഡനടക്കം 76 റൺസ് വഴങ്ങിയാണ് മാനവ് സുതർ നാലുവിക്കറ്റ് വീഴ്ത്തിയത്. ജഡേജ മൂന്നും സിറാജ്,പ്രസിദ്ധ് ,കുൽദീപ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET, SPORTS, INDIA VS SRI LANKA, TESTCRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360