SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.02 AM IST

വിജയം ആറ് വിക്കറ്റ് അകലെ

cricket

ഗാൾ ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 193ന് ആൾഔട്ട്

372 റൺസ് ലക്ഷ്യവുമായിറങ്ങിയ ശ്രീലങ്ക നാലാം ദിനം 84/4

ഗാൾ : ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിന്റെ അവസാനദിനത്തിൽ ജയിക്കാൻ ഇന്ത്യയ്ക്ക് വേണ്ടത് ആറുവിക്കറ്റുകൾ. ഇന്നലെ 372 റൺസ് വിജയലക്ഷ്യവുമായ ആതിഥേയരെ നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 84/4 എന്ന നിലയിൽ എത്തിച്ചിരിക്കുകയാണ് ഇന്ത്യ. ഇനി 288 റൺസ് കൂടിയാണ് ജയിക്കാൻ ലങ്കയ്ക്ക് വേണ്ടത്. 14 വിക്കറ്റുകൾ വീണ നാലാം ദിനത്തിൽ രാവിലെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 193 റൺസിൽ ആൾഔട്ടായതോടെയാണ് ലങ്കയ്ക്ക് ലക്ഷ്യമായി 372 റൺസ് കുറിക്കപ്പെട്ടത്.

ആദ്യ ഇന്നിംഗ്സിൽ 462 റൺസ് നേടിയിരുന്ന ഇന്ത്യ ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് മൂന്നാം ദിനത്തിൽ 284 റൺസിൽ അവസാനിപ്പിച്ചിരുന്നു. ആദ്യ ഇന്നിംഗ്സിലെ ബാറ്റിംഗ് മികവ് ഇന്നലെ രണ്ടാ ഇന്നിംഗ്സിൽ പുറത്തെടുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. കെ.എൽ രാഹുൽ (35), ദേവ്ദത്ത് പടിക്കൽ (44),റിഷഭ് പന്ത് (66) എന്നിവർക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനായത്. നാലുവിക്കറ്റ് വീഴ്ത്തിയ പേസർ അസിത ഫെർണാണ്ടോയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ പ്രഭാത് ജയസൂര്യയും ചേർന്നാണ് ഇന്ത്യയ്ക്ക് ഭീഷണിയായത്.

ആദ്യ ഓവറിൽ അസിതയുടെ പന്തിൽ യശസ്വി ഡക്കായെങ്കിലും രാഹുലും ദേവ്ദത്തും കൂട്ടിച്ചേർത്ത 65 റൺസ് മുന്നോട്ടുപോകാൻ കരുത്തേകി. 15-ാം ഓവറിൽ ജയസൂര്യ രാഹുലിനെ പുറത്താക്കി. പകരമെത്തിയ നായകൻ ശുഭ്മാൻ ഗില്ലും (8) ജയസൂര്യയ്ക്ക് ഇരയായി. 28-ാം ഓവറിൽ ടീം സ്കോർ 111ൽ നിൽക്കവേ ദേവ്ദത്തിനെ നുവാന്ത പുറത്താക്കിയ തോടെ ഒരറ്റത്ത് റിഷഭ് പന്ത് പോരാട്ടം തുടങ്ങി.ടീം സ്കോർ 120ൽ വച്ച് ധ്രുവ് ജുറേൽ (7) അസിതയ്ക്ക് ഇരയായി. തുടർന്ന് രവീന്ദ്ര ജഡേജയെ (9) കൂട്ടുനിറുത്തി റിഷഭ് സ്കോർ ഉയർത്തി. 41-ാം ഓവറിൽ ടീമിനെ 174 റൺസിൽ എത്തിച്ചശേഷമാണ് റിഷഭ് മടങ്ങുന്നത്. 69 പന്തുകളിൽ എട്ടുഫോറുകളും രണ്ട് സിക്സുകളുമടക്കമാണ് റിഷഭ് 66 റൺസ് നേടിയത്. പന്തിന് പിന്നാലെ ജഡേജ, മാനവ് സുതർ(9), കുൽദീപ് യാദവ് (5), പ്രസിദ്ധ് കൃഷ്ണ (2) എന്നിവർ കൂടാരം കയറിയതോടെ ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടൻ വീണു.

മറുപടിക്കിറങ്ങിയ ലങ്കയ്ക്ക് നിഷാൻ ഫെർണാണ്ടോ (6), ലാഹിരു ഇഗലഗമഗെ (16), ദിനേഷ് ചാന്ദിമലിന് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായിഇറങ്ങിയ പസിന്ദു സൂര്യഭണ്ഡാര(0), കാമിന്ദു മെൻഡിസ് (2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സിറാജിനാണ് നിഷാന്റെ വിക്കറ്റ്. ഇഗലഗമഗെയേയും സൂര്യഭണ്ഡാരയേയും മാനവ് സുതർ വീഴ്ത്തി. പ്രസിദ്ധാണ് കാമിന്ദുവിനെ പുറത്താക്കിയത്. കളിനിറുത്തുമ്പോൾ 31 റൺസുമായി ക്യാപ്ടൻ ധനഞ്ജയ ഡിസിൽവയും 25 റൺസുമായി ആദ്യ ഇന്നിംഗ്സിലെ സെഞ്ച്വറിക്കാരൻ സൊനാൽ ദിനുഷയുമാണ് ക്രീസിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360