SignIn
Kerala Kaumudi Online
Tuesday, 18 August 2026 4.55 PM IST

ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ ട്രീസ ജോളിക്കും മുഹമ്മദ് അജ്‌മലിനുമടക്കം 17 പേർക്ക് അർജുന അവാർഡ്

READ ENGLISH VERSION
award
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: 2025ലെ ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് കായിക മന്ത്രാലയം. മലയാളികളായ ട്രീസ ജോളിക്കും മുഹമ്മദ് അജ്‌മലിനുമടക്കം 17 പേർക്ക് അർജുന അവാർഡ്. എന്നാൽ, രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന പുരസ്‌കാരത്തിന് ഇത്തവണ ആരെയും തിരഞ്ഞെടുത്തില്ല.

മുൻ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് അരുൺ കുമാർ മിശ്ര അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അത്ല‌റ്റിക് പരിശീലകൻ പർവീർ സിംഗ്, ബോക്‌സിംഗ് പരിശീലകൻ ഛോട്ടേ ലാൽ യാദവ്, ഷൂട്ടിംഗ് പരിശീലകൻ നേഹ നന്ദകുമാർ ചവാൻ എന്നിവർക്ക് ദ്രോണാചാര്യ അവാർഡ് ലഭിക്കും. ലൈഫ്‌ടൈം വിഭാഗത്തിൽ ബോക്‌സിംഗ് പരിശീലകൻ ധർമ്മേന്ദ്ര സിംഗ് യാദവ്, ഗുസ്‌തി പരിശീലകൻ വീരേന്ദ്ര കുമാർ എന്നിവരെയും തിരഞ്ഞെടുത്തു.

മുൻ ഫുട്‌ബോൾ താരം ഐ അരുമൈനായകത്തിന് ലൈഫ് ടൈം ഇനത്തിൽ അർജുന അവാർഡ് ലഭിക്കും. ഹൈ ജമ്പ് താരം തേജസ്വിൻ ശങ്കർ‌, സ്‌പ്രിന്റർമാരായ മുഹമ്മദ് അജ്‌മൽ വി, പ്രിയങ്ക ഗോസ്വാമി, ബാഡ്‌മിന്റൻ താരങ്ങളായ ട്രീസ ജോളി, ഗായത്രി ഗോപിചന്ദ്, ചെസ് താരങ്ങളായ വിദിത് ഗുജറാത്തി, ദിവ്യ ദേശ്‌മുഖ്, ഹോക്കി താരങ്ങളായ ലാൽറെംസിയാമി, രാജ്‌കുമാർ പാ‌ൽ, ഷൂട്ടർ അഖിൽ ഷിയോറാൻ, പാരാ ഷൂട്ടർ രുദ്രാൻഷ് ഖണ്ഡേവാൾ, പാരാ അത്‌ലറ്റ് ഏക്ത ഭ്യാൻ എന്നിവരാണ് അർജുന പുരസ്‌കാരത്തിന് അർഹരായത്. റോവർ അരവിന്ദ് സിംഗ്, ബോക്‌സർ അരവിന്ദ് സിംഗ്, ബോക്‌സർ നരേന്ദ്ര, കബഡി താരങ്ങളായ സുർജീത്, പൂജ, ഡെഫ് ഷൂട്ടർ ധനുഷ് ശ്രീകാന്ത് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ.

1962ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ അംഗമായിരുന്നു ദ്രോണാചാര്യ അവാർഡ് നേടിയ അരുണാനായക്. കരിയറിൽ മൂന്ന് ഡ്യൂറന്റ് കപ്പ് കിരീടങ്ങളാണ് അദ്ദേഹം നേടിയിട്ടുള്ളത്. കഴിഞ്ഞ നാല് വർഷത്തെ മികച്ച പ്രകടനം, നേതൃത്വം, കായികമനോഭാവം, അച്ചടക്കം എന്നിവ പരിഗണിച്ചാണ് അർജുന പുരസ്‌കാരം നൽകുന്നത്.

2025ൽ ഖേൽ രത‌്‌ന പുരസ്‌കാരത്തിനായി ആരെയും തിരഞ്ഞെടുത്തിട്ടില്ല. 2024ൽ നാല് താരങ്ങൾക്കാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതി ലഭിച്ചത്. ചെസ് ലോക ചാമ്പ്യൻ ഡി ഗുകേഷ്, ഇന്ത്യൻ പുരുഷ ടീം ക്യാപ്‌റ്റൻ ഹർമൻ പ്രീത് സിംഗ്, പാരാ അത്ലറ്റ് പ്രവീൺ കുമാർ, ഒളിമ്പിക് മെ‌ഡൽ ജേതാവ് മനു ഭാക്കർ എന്നിവരായിരുന്നു കഴിഞ്ഞ വർഷത്തെ ഖേൽ രത്‌ന ജേതാക്കൾ. 2024ൽ ഡിസംബറിൽ ലോക ചെസ് ചാമ്പ്യനായതോടെയാണ് ഗുകേഷ് ഖേൽ രത്‌നയ്‌ക്ക് അർഹനായത്. ഒരു ഒളിമ്പിക്‌സിൽ രണ്ട് മെഡൽ നേടുന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ താരമായി മനു ഭാക്കറും ചരിത്രം കുറിച്ചിരുന്നു.

English Summary

National Sports Awards 2025: 17 sportspersons received the Arjuna Award, while no athlete was selected for the Khel Ratna. Five coaches were named for the Dronacharya Award.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, SPORTSNEWS, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360