SignIn
Kerala Kaumudi Online
Sunday, 31 May 2026 12.54 PM IST

'വ്ലാഡിമിർ, നിറുത്തൂ", പുട്ടിനെ വിമർശിച്ച് ട്രംപ്  റഷ്യൻ ആക്രമണത്തിൽ കീവിൽ 12 മരണം

pic

വാഷിംഗ്ടൺ: യുക്രെയിനിൽ റഷ്യ ആക്രമണം തുടരുന്നതിനെ അപലപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇന്നലെ പുലർച്ചെ യുക്രെയിന്റെ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. 90 പേർക്ക് പരിക്കേറ്റു. ഇക്കൊല്ലം കീവിലുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. പിന്നാലെയാണ് അതൃപ്തി പ്രകടമാക്കി ട്രംപ് രംഗത്തെത്തിയത്.

' വ്ലാഡിമിർ, നിറുത്തൂ ! ആഴ്ചയിൽ 5,000 സൈനികർ മരിക്കുന്നു. നമുക്ക് സമാധാന കരാർ പൂർത്തിയാക്കാം"- റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോടുള്ള സന്ദേശമായി ട്രംപ് പറഞ്ഞു. റഷ്യൻ ആക്രമണത്തിൽ താൻ അസന്തുഷ്ടനാണെന്നും വളരെ മോശം സമയമാണിതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ശ്രമങ്ങൾ തുടരുന്നതിനിടെയാണ് റഷ്യ ആക്രമണങ്ങൾ കടുപ്പിക്കുന്നത്. റഷ്യക്ക് മേൽ യു.എസ് ഭരണകൂടം സമ്മർദ്ദം ശക്തമാക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

145 ഡ്രോണുകളും 11 ബാലിസ്റ്റിക് മിസൈലുകൾ അടക്കം 70 മിസൈലുകളും റഷ്യ ആക്രമണത്തിന് ഉപയോഗിച്ചെന്ന് യുക്രെയിൻ സൈന്യം പറയുന്നു. റഷ്യ ഉത്തര കൊറിയയുടെ കെ.എൻ-23 ബാലിസ്റ്റിക് മിസൈലാണ് ഉപയോഗിച്ചതെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി അവകാശപ്പെട്ടു.

 ചർച്ചകളിൽ പുരോഗതി

അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളിൽ നിർണായകമായ പുരോഗതിയുണ്ടെന്ന് ട്രംപ് പറയുന്നു. വരും ദിവസങ്ങൾ വളരെ നിർണായകമാണ്. കരാറിലെത്താനായേക്കുമെന്നാണ് പ്രതീക്ഷ. യുദ്ധം നിറുത്താനും യുക്രെയിൻ പൂർണമായി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കാനും റഷ്യ തയ്യാറാണെന്നും ട്രംപ് സൂചിപ്പിച്ചു.

എന്നാൽ ഇതിന് റഷ്യ മുന്നോട്ടുവച്ച നിബന്ധനകൾ അദ്ദേഹം വ്യക്തമാക്കിയില്ല. ചർച്ചകളിൽ പുരോഗതിയില്ലെങ്കിൽ യുദ്ധം അവസാനിപ്പിക്കാനുള്ള മദ്ധ്യസ്ഥ ശ്രമങ്ങൾ ഉപേക്ഷിക്കുമെന്ന് യു.എസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360