SignIn
Kerala Kaumudi Online
Friday, 11 September 2026 12.44 PM IST

കടുവകൾക്ക് കുളിക്കാൻ ഷവർ, അനക്കോണ്ടയ്‌ക്ക് എ സി; കോഴി ഔട്ട്, പോത്ത് ഇൻ

museum

തിരുവനന്തപുരം: വേനൽച്ചൂടിൽ സംസ്ഥാനം ഉരുകിയൊലിക്കുമ്പോൾ പക്ഷിമൃഗാദികളുടെ ഭക്ഷണ മെനുവിലും മാറ്റംവരുത്തി തിരുവനന്തപുരം മൃഗശാല. കടുവയ്‌ക്ക് കുളിക്കാൻ ഷവറും അനക്കോണ്ടയ്‌ക്ക് എ.സിയും സസ്യഭുക്കുകളായ മൃഗങ്ങൾക്ക് പഴവർഗങ്ങളുടെ പ്രത്യേക മെനുവും ഏർപ്പെടുത്തിയിരിക്കുകയാണ്.

ചൂടിൽ നിന്ന് രക്ഷനേടാനുള്ള ആഹാരക്രമം ക്രമപ്പെടുത്തിയതോടെ മാംസം കഴിക്കുന്ന മൃഗങ്ങളുടെ മെനുവിൽ നിന്ന് ചിക്കൻ തത്കാലം ഔട്ടായി. പകരം പോത്ത്,ബീഫ് എന്നിവ ഇടംപിടിച്ചു. ഒരു ദിവസം 94 കിലോ മാംസമാണ് നോൺ വെജ് അന്തേവാസികൾക്കായി വാങ്ങുന്നത്. മീനിന്റെ അളവും വർദ്ധിപ്പിച്ചിട്ടുണ്ട്. 61 കിലോ ദിവസേന വാങ്ങും. സിംഹം,കടുവ,പുലി എന്നിവയ്‌ക്ക് ഒരു ദിവസം ശരാശരി നാല് കിലോ മാംസം വേണ്ടിവരും. കൂട്ടിലെ ഷവറിനു കീഴിലെ കുളിക്ക് ശേഷമാണ് വിഭവസമൃദ്ധമായ ഭക്ഷണം. പകൽ താപനില കൂടുന്നതിനനുസരിച്ച് ശരീരോഷ്‌മാവ് നിലനിറുത്താൻ കടുവകൾക്ക് ഇടനേരങ്ങളിൽ ഹോസ് ഉപയോഗിച്ച് വെളളമടിച്ച് കൊടുക്കും. ഷവറും കൂടുകളിൽ സ്ഥാപിച്ചിട്ടുണ്ട്. സാധാരണ കടുവയ്‌ക്ക് ഒരു നേരം മാത്രമാണ് കുളി. എന്നാൽ വേനൽക്കാലത്ത് ഇത് നടക്കില്ല.

കരടിയെ നോക്കാൻ ചെലവ്

ഉഷ്‌ണമകറ്റാൻ കരടികൾക്ക് രാവിലെയും വൈകിട്ടും കഴിക്കാൻ ഐസ് കഷ്‌ണങ്ങൾ കൂട്ടിൽ വച്ച് കൊടുക്കും. തണ്ണീർമത്തനും മുന്തിരിയും ബക്കറ്റിലിട്ട ശേഷം വെള്ളം നിറച്ച് ഫ്രീസറിൽ വച്ച് കട്ടിയാക്കിയാണ് നൽകുന്നത്. രാവിലെ 9.30നും ഉച്ചയ്‌ക്ക് ചൂടു കൂടുമ്പോഴും ദേഹത്തേക്ക് വെള്ളമടിച്ചു കൊടുക്കും.10.30ന് ആപ്പിൾ,വെള്ളരി,വാഴപ്പഴം,മുന്തിരി എന്നിവയും നൽകും. ഫ്രീസറിൽ വച്ച് തണുപ്പിച്ച തണ്ണിമത്തനാണ് ഹിമക്കരടിയുടെ രാവിലത്തെ ഭക്ഷണം. ചൂട് കൂടിയതോടെ തണ്ണീർമത്തന്റെ അളവും കൂടി. ഒരു ദിവസം 6.5 കിലോയോളം തണ്ണിമത്തനാണ് കരടികൾക്ക് ആവശ്യമായി വരുന്നത്.

ദിവസവും വേണം...

തണ്ണിമത്തൻ 34 കിലോ

മുന്തിരി 10 കിലോ

നേന്ത്രപ്പഴം 25 കിലോ

ചെറുവാഴപ്പഴം 12 കിലോ

പൈനാപ്പിൾ 3 കിലോ

ആപ്പിൾ 3 കിലോ

ഓറഞ്ച് 2 കിലോ

പേരയ്‌ക്ക 5 കിലോ

പപ്പായ 11 കിലോ

മാതളം 2 കിലോ

വെളളരി 9 കിലോ

പക്ഷികൾക്ക് പച്ചക്കറികളും

പക്ഷികൾക്ക് പഴങ്ങൾക്കൊപ്പം കൂടുതൽ പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തി.കാബേജ്, കാരറ്റ്,പയറുവർഗങ്ങൾ തുടങ്ങിയവയെല്ലാം പക്ഷികളുടെ ഭക്ഷണമെനുവിലുണ്ട്. പപ്പായ,മുന്തിരി,ആപ്പിൾ,ഓറഞ്ച് എന്നിവയെല്ലാം ചേർന്ന 'ഫ്രൂട്ട് സലാഡും' പക്ഷികൾക്ക് നൽകുന്നുണ്ട് . പക്ഷികൾക്കായി പ്രത്യേക മിനറൽ മിക്സ്ചറുമുണ്ട്.

1400 കിലോ തീറ്റപ്പുല്ല്

1400 കിലോ തീറ്റപ്പുല്ലാണ് ഒരു ദിവസം മൃഗശാലയിൽ വേണ്ടത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് കരാറുകാർ പുല്ലും പ്ലാവിലയും എത്തിക്കുന്നത്. 335 കിലോ കാലിത്തീറ്റയും മൃഗശാലയിൽ ആവശ്യമാണ്. പാൽ,തവിട്,കൂവരക്,ഗിനിപ്പുല്ല് എന്നിവയ്‌ക്കും മൃഗശാലയിൽ ധാരാളം ആവശ്യക്കാരുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOOD, FOOD MENU, MUSEUM, TRIVANDRUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA