SignIn
Kerala Kaumudi Online
Saturday, 19 September 2026 5.21 AM IST

ടൈംസ് സ്‌ക്വയർ വേദി ഒരുങ്ങി; ലോക കേരളസഭാ മേഖലാ സമ്മേളനം നാളെ മുതൽ

kerala

തിരുവനന്തപുരം: ലോക കേരളസഭാ അമേരിക്കൻ മേഖലാ സമ്മേളനത്തിന് നാളെ തുടക്കമാവും. ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ നടക്കുന്ന സമ്മേളനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

9, 10, 11 തീയ്യതികളിലാണ് സമ്മേളനം. ലോക കേരളസഭാ മേഖലാ സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രിക്ക് അമേരിക്കൻ മലയാളി പൗരാവലി സ്വീകരണം നൽകും. സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് ലോക കേരളസഭയുടെ പ്രധാന സെഷനുകൾ. കേരളത്തെ സംബന്ധിച്ചും പ്രവാസികളെ സംബന്ധിച്ചുമുള്ള പ്രധാന വിഷയങ്ങൾ ഈ ദിവസം ചർച്ച ചെയ്യും. നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ അവതരിപ്പിക്കുന്ന 'അമേരിക്കൻ മേഖലയിൽ ലോക കേരളസഭയുടെയും നോർക്കയുടെയും പ്രവർത്തനങ്ങൾ, വിപുലികരണ സാദ്ധ്യതകളും വെല്ലുവിളികളും' എന്ന വിഷയം സഭ ചർച്ച ചെയ്യും.

ഡോ. ജോൺ ബ്രിട്ടാസ് എം.പി 'നവ കേരളം എങ്ങോട്ട്,അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാദ്ധ്യതകളും' എന്ന വിഷയം അവതരിപ്പിക്കും. ' മലയാള ഭാഷ,സംസ്‌കാരം,പുതുതലമുറ: അമേരിക്കൻ മലയാളികളും സാംസ്‌കാരിക പ്രചരണ സാദ്ധ്യതകളും' എന്ന വിഷയം ലോക കേരളസഭാ സെക്രട്ടറിയും കേരളാ ചീഫ് സെക്രട്ടറിയുമായ വി.പി. ജോയി അവതരിപ്പിക്കും. ലോക കേരളസഭാ ഡയറക്ടർ ഡോ. കെ വാസുകി 'മലയാളികളുടെ അമേരിക്കൻ കുടിയേറ്റം:ഭാവിയും വെല്ലുവിളികളും' എന്ന വിഷയം അവതരിപ്പിക്കും. അമേരിക്കൻ രാജ്യങ്ങളിലുള്ള പ്രതിനിധികൾ നിർദ്ദേശങ്ങളും പ്രശ്നങ്ങളും അവതരിപ്പിക്കും. ചർച്ചകൾക്ക് ശേഷം ലോക കേരളസഭാ ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പ്രസംഗം നടത്തും.

മൂന്നാം ദിവസം മുഖ്യമന്ത്രി അമേരിക്കയിലെ ബിസിനസ് സമൂഹവുമായും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി വനിതകളുമായും മലയാളി വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ എന്നിവരുമായും കൂടിക്കാഴ്ച നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA