SignIn
Kerala Kaumudi Online
Friday, 18 September 2026 6.29 PM IST

978 സ്‌കൂൾ ബസുകളുടെ പരിശോധന പൂർത്തിയായി

school-bus

35 പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്തത് വാഹനങ്ങൾ

1165 ജില്ലയിൽ ഇതുവരെ ഡ്രൈവർമാർക്ക് പരിശീലന ക്ലാസ് നൽകി

പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഇതുവരെ 978 സ്‌കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയായതായി ആർ.ടി.ഒ ടി.എം.ജെഴ്‌സൺ അറിയിച്ചു. ജില്ലയിലാകെ രണ്ടായിരത്തോളം സ്‌കൂൾ ബസുകളാണുള്ളത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിലവിലുള്ള കാലാവധി കഴിയാത്ത വാഹനങ്ങളും ഫിറ്റ്നസ് ലഭിക്കാനായി അറ്റകുറ്റപ്പണികൾ നടത്തുന്ന വാഹനങ്ങളുമാണ് പരിശോധനയ്ക്ക് എത്താത്തത്. പരിശോധന നടത്തിയതിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 35 വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല.

വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റം (വി.എൽ.ടി.ഡി), സ്പീഡ് ഗവർണർ, എമർജൻസി എക്സിറ്റ്, മൈക്ക് സംവിധാനം എന്നിവയാണ് പരിശോധിക്കുക. പ്രീമൺസൂൺ ടെസ്റ്റിന്റെ ഭാഗമായി വാഹനങ്ങളുടെ ടയർ, വൈപ്പർ, മെക്കാനിക്കൽ ഫിറ്റ്നസ് എന്നിവയും പരിശോധിക്കുന്നുണ്ട്. എയർ ഹോൺ അനുവദിക്കില്ല. പരമാവധി 50 കിലോ മീറ്റർ വേഗതയിലേ സഞ്ചരിക്കാവൂ. വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തിയിരിക്കണം. സ്‌കൂൾ ബസുകളിൽ 12 വയസിൽ താഴെയുള്ള കുട്ടികളാണെങ്കിൽ ഒരു സീറ്റിൽ രണ്ടുപേർക്ക് ഇരിക്കാനാണ് അനുമതിയുള്ളത്. കുട്ടികളെ നിർത്തിക്കൊണ്ട് പോകരുത് തുടങ്ങിയ മാനദണ്ഡങ്ങളാണ് പരിശോധന വിധേയമാക്കുക, ജില്ലയിലെ സബ് ആർ.ടി.ഒ ഓഫീസുകൾ മുഖേനയാണ് പരിശോധന നടക്കുന്നത്. വാഹനത്തിന്റെയും കുട്ടികളുടെ രക്ഷിതാക്കളുടെ പേരും ഫോൺനമ്പറും ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും അടങ്ങിയ രജിസ്റ്റർ നിലവിലുണ്ടാകണം. ഓൺ ഡ്യൂട്ടി ബോർഡ് വാഹനത്തിൽ പ്രദർശിപ്പിക്കണം. കൂടാതെ സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് വെള്ള നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റ്സും യൂണിഫോം നിർബന്ധമാണെന്നും ആർ.ടി.ഒ പറഞ്ഞു. ഡ്രൈവർമാർക്ക് പുറമേ ആയമാരും ബസിൽ ഉണ്ടായിരിക്കണം. സ്‌കൂൾ ബസുകൾക്ക് പുറമെ മറ്റു വാഹനങ്ങളുടെ സ്ഥിരം പരിശോധനയും ആർ.ടി.ഒയുടെ നേതൃത്വത്തിൽ തുടരുന്നുണ്ട് . സ്ഥിരം പരിശോധനയുടെ ഭാഗമായി സീറ്റ് ബെൽറ്റ്, ഹെൽമെറ്റ്, ഓവർ സ്പീഡ്, ഓവർലോഡ് തുടങ്ങിയവയാണ് പരിശോധിക്കുന്നത്.

ഡ്രൈവർമാർക്ക് പരിശീലന ക്ലാസ്

സ്‌കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പരിശീലനങ്ങളും മോട്ടോർ വാഹന വകുപ്പ് നൽകുന്നുണ്ട്. ജില്ലയിൽ ഇതുവരെ 1165 ഡ്രൈവർമാർക്ക് പരിശീലന ക്ലാസ് നൽകി. പാലക്കാട് ആർ.ടി.ഒ ഓഫീസിന്റെയും സബ് ആർ.ടി.ഒ ഓഫീസുകളുടെയും നേതൃത്വത്തിലാണ് പരിശീലന ക്ലാസ് നൽകിയത്.

ഓട്ടോറിക്ഷകളിലും പരിശോധന

ഓട്ടോറിക്ഷകളിലും മറ്റ് വാഹനങ്ങളിലും അധികമായി സ്‌കൂൾ കുട്ടികളെ കയറ്റുന്നത് തടയാൻ സ്‌പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ആർ.ടി.ഒ ടി.എം.ജേഴ്‌സൺ അറിയിച്ചു. ഓട്ടോറിക്ഷകളിൽ 12 വയസിന് മുകളിലുള്ള മൂന്ന് കുട്ടികളെയും 12 വയസിന് താഴെയാണെങ്കിൽ ആറ് കുട്ടികളെയുമാണ് അനുവദിക്കുക. അപകടങ്ങൾ ഒഴിവാക്കുന്നതിനായി കൂടുതൽ കുട്ടികളെ കയറ്റുന്നത് തടയാൻ മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SCHOOL BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL