SignIn
Kerala Kaumudi Online
Thursday, 28 May 2026 6.41 PM IST

കൈയിലുള്ളതും വേണ്ടെന്ന് വച്ചാൽ ശമ്പളം എങ്ങനെ കൊടുക്കും? സ്വകാര്യന്മാർ കൊണ്ടുപോകും

ksrtc

തിരുവനന്തപുരം: നിയമ പോരാട്ടങ്ങൾക്കൊടുവിൽ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത 240 ദേശസാത്കൃത റൂട്ടുകൾ സ്വകാര്യ മേഖലയ്ക്കു വിട്ടു കൊടുക്കാൻ ഗൂഢ നീക്കം. ദേശാസാത്കൃത റൂട്ടുകളിൽ മതിയായ ബസ് സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ ഉറപ്പു നൽകിയിരുന്നു. എന്നാൽ പല റൂട്ടുകളിലും കെ.എസ്.ആർ.ടി.സി സർവീസ് നടത്താതെ പിൻവാങ്ങുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്വകാര്യ ബസുടമകളുമായി ബന്ധപ്പെട്ടവർ കോടതിയെ സമീപിക്കും. കോടതിയിൽ സ്വകാര്യ ബസുടമകളുടെ വാദങ്ങളെ എതിർക്കുന്നതിൽ കെ.എസ്.ആർ.ടി.സി ശുഷ്കാന്തി കാട്ടില്ല. യാത്രാക്കരുടെ താത്പര്യം മുൻനിറുത്തി സ്വകാര്യ ബസുടമകൾക്ക് അനുകൂലമായി ഉത്തരവുണ്ടാവുന്നൂ.

കെ.എസ്.ആർ.ടി.സി മാത്രം സർവീസ് നടത്തുന്ന തുലാപ്പള്ളി എറണാകുളം റൂട്ടിൽ സ്വകാര്യ ബസിന് പെർമിറ്റ് ലഭിച്ചത് ഇങ്ങനെയാണെന്നാണ് പരാതി.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നും മലബാർ മേഖലയിലേക്കുള്ള സർവീസുകൾ മിക്കതും ദേശസാത്കരണത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിക്കു കൈവന്നതാണ്. ഈ മേഖലയിൽ സ്വകാര്യ ബസുകൾ ലിമിറ്റ‌‌‌ഡ് സ്റ്റോപ്പ് സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസിനു പുറകെ പോകുന്ന കെ.എസ്.ആർ.ടി.സി ബസിന് കളക്ഷൻ കുറയും. പിന്നീട് സർവീസ് വേണ്ടെന്നു വയ്ക്കും.

2012ൽ ആര്യാടന്റെ ഇടപെടൽ

ദീർഘദൂര റൂട്ടുകളിലെല്ലാം സ്വകാര്യ ബസുകൾ സർവീസ് നടത്തി കെ.എസ്.ആർ.ടി.സിയുടെ വരുമാനം തട്ടിയെടുത്തു കൊണ്ടിരുന്നപ്പോഴാണ് 2012ൽ അന്ന് ഗതാഗത മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ ഇടപെടൽ. സൂപ്പർ ക്ലാസ് പെർമിറ്റുകൾ കെ.എസ്.ആർ.ടി.സിക്ക് മാത്രമായി നിജപ്പെടുത്തി സർക്കാർ വിജ്ഞാപനമിറക്കി. സ്വകാര്യബസുകളുടെ സൂപ്പർക്ലാസ് പെർമിറ്റ് തീരുമ്പോൾ പുതുക്കി നൽകേണ്ടതില്ലെന്നായിരുന്നു തീരുമാനം.

ഇതിനെതിരെ ചില സ്വകാര്യ ബസുടമകൾ സുപ്രീംകോടതി വരെ എത്തി. 2015ൽ സർക്കാർ വിജ്ഞാപനം സുപ്രീംകോടതി ശരിവച്ചു വിധി വന്നപ്പോൾ,ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു.

''അന്ന് ഒരുപാട് ഒച്ചപ്പാടും സമരവുമൊക്കെ ഉണ്ടായി. അതിനൊന്നും കീഴടങ്ങുന്ന ആളല്ല ആര്യാടൻ. അദ്ദേഹം ഒരു നിലപാടിലുറച്ചു നിന്നു. പക്ഷെ, കെ.എസ്.ആർ.ടി.സി ആ അവസരം വിനിയോഗിക്കുന്നതിൽ വിജയിച്ചോ എന്നു സംശയമാണ്""

-തിരുവഞ്ചൂർ രാധാകൃഷ്ണൻ

''കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത എല്ലാ റൂട്ടുകളിലും സർവീസുകൾ മുടങ്ങാതെ നടത്തണം. സമയക്രമം പുനഃക്രമീകരിക്കണം""-

എസ്.അജയകുമാർ,

ജനറൽ സെക്രട്ടറി,

കെ.എസ്.ടി എംപ്ലോ. സംഘ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA