SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.15 AM IST

വയനാട് ദുരന്തം: വില്ലനായത് മഴ തന്നെ; ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

wayanadu1

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലെ ശക്തമായ ഉരുൾപൊട്ടലിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഒരു സ്വകാര്യ ചാനലാണ് പ്രാഥമിക റിപ്പോർട്ട് പുറത്തുവിട്ടത്. ദുരന്തമുണ്ടായ സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. 2018 മുതൽ നിരന്തരം ഉരുൾപൊട്ടലുകളുണ്ടായ പ്രദേശത്താണ് ഒടുവിൽ വൻ ദുരന്തം സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രദേശത്ത് നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അപകടമുണ്ടായ പ്രദേശത്ത് 2018 മുതൽ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. 2019ൽ പുത്തുമലയിലും വെള്ളരിമലയിലും ചൂരൽമലയിലുമൊക്കെയായി ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞമാസം അവസാനം മുതൽ ഈ മേഖലകളിൽ തുടർച്ചയായി മഴ പെയ്തിട്ടുണ്ട്. ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറിൽ പുത്തുമലയിൽ 372.6 മി.മീ മഴയാണ് പെയ്തത്. തെ​റ്റമലയിൽ 409 മി.മീ മഴയും. ഇതിനൊപ്പം മറ്റ് സമീപപ്രദേശങ്ങളിലും കനത്ത മഴ പെയ്തു.

മഴ പെയ്ത് മണ്ണ് നനഞ്ഞു കുതിർന്ന പ്രദേശത്ത് വീണ്ടും കനത്ത മഴ പെയ്തപ്പോൾ മർദ്ദം താങ്ങാനായില്ലെന്നും അതാണ് ഉരുൾപൊട്ടലിനിടയാക്കിയതെന്നുമാണ് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ കണ്ടെത്തൽ. ഉരുൾപൊട്ടലിനെ തുടർന്ന് പാറക്കല്ലുകളും, മണ്ണും ചെളിയും, വെള്ളവും ഏഴ് കിലോമീറ്ററോളം അതിവേഗത്തിൽ ഒഴുകി. ഈ കുത്തൊഴുക്കിൽ പുന്നപ്പുഴയുടെ ഗതി മാറി. അതാണ് മുണ്ടക്കൈയിലും ചൂരൽമലയിലും വൻ ദുരന്തത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്തിന്റെ ചരിവും ഉരുൾ പൊട്ടലിന്റെ ആഘാതം കൂട്ടി. 2015-16 കാലഘട്ടത്തിൽ ഈ മേഖലയിൽ ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ പഠനം നടത്തിയിട്ടുണ്ട്. അന്ന് ചൂരൽമല, മുണ്ടക്കൈ, വെള്ളരിമല, അട്ടമല ഭാഗങ്ങൾ ഉരുൾപൊട്ടലിന് മിതമായ സാദ്ധ്യതയുള്ള പ്രദേശങ്ങളായാണ് കണ്ടെത്തിയത്. ഈ മേഖലയിൽ വിശദമായ പഠനം നടത്തും. ഇതിന് ശേഷമായിരിക്കും മുണ്ടക്കൈയിലെയും ചൂരൽമലയിലും ദുരന്തത്തിന്റെ കാരണങ്ങളിൽ കൂടുതൽ വ്യക്തത വരൂ.

അതേസമയം, ദുരന്തത്തിൽ കാണാതായവർക്കുവേണ്ടിയുളള ജനകീയ തെരച്ചിൽ ദുരന്ത ഭൂമിയിൽ ആരംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളവരെ കൂടെ ഉൾപ്പെടുത്തിയാണ് തെരച്ചിൽ നടക്കുന്നത്. പ്രദേശത്തെ ആറുസോണുകളായി തിരച്ചാണ് തെരച്ചിൽ നടക്കുന്നത്. പ്രാദേശിക ജനപ്രതിനിധികൾ, യുവജന സംഘടനകൾ തുടങ്ങിയവരും ഇതിൽ പങ്കെടുക്കുന്നുണ്ട്. ഇത്തരത്തിലുള്ള തെരച്ചിൽ കഴിഞ്ഞ ദിവസവും നടന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANADU, LANDSLIDE, REPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA