മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി നീറ്റ് പി. ജി മെഡിക്കൽ സീറ്റുകളിലേക്കുള്ള ഓൺലൈൻ കൗൺസലിംഗ് തീയതികൾ പ്രഖ്യാപിച്ചു. 50 ശതമാനം അഖിലേന്ത്യ കോട്ട സീറ്റുകൾ , 100 ശതമാനം ഡീംഡ്, സെൻട്രൽ യൂണിവേഴ്സിറ്റി സീറ്റുകൾ , ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിലെ മുഴുവൻ സീറ്റുകൾ എന്നിവിടങ്ങളിലെ 2024 -25 വർഷത്തേക്കുള്ള പി. ജി മെഡിക്കൽ സീറ്റുകളിലേക്കാണ് നീറ്റ് പി. ജി റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നത്. എം .ഡി, എം .എസ്, ഡി. എൻ. ബി കോഴ്സുകളിലേക്കാണ് പ്രവേശനം. നാലു റൗണ്ട് കൗൺസലിംഗ് പ്രക്രിയകളുണ്ട്. നാലാമത്തെ റൗണ്ട് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ട്രെ റൗണ്ടും, മൂന്നാം റൗണ്ട് മോപ്പ് അപ് റൗണ്ടുമാണ്.
ആദ്യ റൗണ്ട് കൗൺസലിംഗിലേക്കു സെപ്തംബർ 20 മുതൽ 26 വരെ രജിസ്റ്റർ ചെയ്യാം. 26 വൈകിട്ട് മൂന്നു മണിവരെ രജിസ്ട്രേഷൻ ഫീസടയ്ക്കാം. 23 മുതൽ 26 വരെ ചോയ്സ് ഫില്ലിംഗ് ചെയ്യാം. 26 രാത്രി 11.55 വരെ നൽകിയ ചോയ്സ് ലോക്ക് ചെയ്യാൻ അവസരം ലഭിക്കും. 30 ന് ആദ്യ റൗണ്ട് ഫലം പ്രസിദ്ധീകരിക്കും. ഒക്ടോബർ ഒന്ന് മുതൽ എട്ടുവരെ കോളേജിൽ റിപ്പോർട്ട് ചെയ്യണം.
രണ്ടാം റൗണ്ട് രജിസ്ട്രേഷൻ ഒക്ടോബർ 14 മുതൽ 21 വരെയാണ്. ഫലം ഒക്ടോബർ 24 നു പ്രസിദ്ധീകരിക്കും.മൂന്നാം റൗണ്ട് നവംബർ 8 മുതൽ 12 വരെയാണ്. ഫലം നവംബർ 16 നു പ്രസിദ്ധീകരിക്കും. നാലാം റൗണ്ട് നവംബർ 28 മുതൽ ഡിസംബർ രണ്ടു വരെയാണ്. ഡിസംബർ അഞ്ചിന് ഫലം പ്രസിദ്ധീകരിക്കും. ഡിസംബർ 10 നകം കോളേജിൽ റിപ്പോർട്ട് ചെയ്യണം. 26168 എം.ഡി, 13649 എം. എസ് , 922 ഡി. എൻ. ബി സീറ്റുകളിലേക്കാണ് കൗൺസലിംഗ് പ്രക്രിയ നടക്കുക.
ഡീംഡ് യൂണിവേഴ്സിറ്റികളിലേക്കും, അഖിലേന്ത്യ കോട്ടയിലേക്കും പ്രത്യേക രജിസ്ട്രേഷൻ ഫീസും, തിരിച്ചു ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റുമുണ്ട്. www.mcc.nic.in.
വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ, സ്വാശ്രയ/ സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്ക് സംസ്ഥാന തലത്തിൽ പ്രവേശന പരീക്ഷ മേധാവികൾ പ്രത്യേക കൗൺസലിംഗ് പ്രക്രിയ പ്രഖ്യാപിക്കും.
തമിഴ് നാടിലെ മെഡിക്കൽ കോളേജുകളിലേക്കുള്ള മാനേജ്മെന്റ്, എൻ. ആർ .ഐ സീറ്റുകളിലേക്കുള്ള രജിസ്ട്രേഷൻ പ്രക്രിയ സെപ്തംബർ 15 ന് അവസാനിക്കും. www.tnhealth.in.gov.in, www.tnmedicalselection.net
സംസ്ഥാന പ്രവേശനപരീക്ഷ കമ്മിഷണർ കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്കുള്ള മെരിറ്റ്, എൻ.ആർ. ഐ സീറ്റുകളിലേക്കുള്ള കൗൺസലിംഗ് രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക വിജ്ഞാപനം പുറത്തിറക്കും.. വെബ്സൈറ്റ് www.cee.kerala.gov.in.
പുതുച്ചേരി www.centacpuducherry.in വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
കർണ്ണാടക എക്സാമിനേഷൻസ് അതോറിറ്റി www.kea.kar.nic.in രജിസ്ട്രേഷൻ തീയതി ഉടൻ പ്രഖ്യാപിക്കും.
തെലങ്കാന, ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലേക്കും നിശ്ചിത ശതമാനം സീറ്റുകളിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം.
മെഡിക്കൽ പി.ജി കൗൺസലിംഗ് പ്രക്രിയയിൽ ചിട്ടയോടെ പങ്കെടുക്കണം. താത്പര്യത്തിനനുസരിച് മൂന്ന് ബ്രാഞ്ചെങ്കിലും കണ്ടെത്തണം. മുൻവർഷങ്ങളിലെ അവസാന റാങ്ക്, ഫീസ് ഘടന എന്നിവ പ്രത്യേകം വിലയിരുത്തണം. ആവശ്യമായ സർട്ടിഫിക്കറ്റുകൾ നിശ്ചിത വലുപ്പത്തിൽ അപ്ലോഡ് ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |