കോട്ടയം : റേഷൻ സാധനങ്ങൾ ഗോഡൗണുകളിൽ നിന്ന് കടകളിൽ എത്തിക്കുന്ന കരാർ ജീവനക്കാരുടെ സമരത്തിന് പിറകേ കടകളടച്ച് സമരം ചെയ്യുമെന്ന് റേഷൻ വ്യാപാരി സംയുക്ത സമര സമിതിയും മുന്നറിയിപ്പ് റേഷൻവിതരണം സ്തംഭനത്തിലേക്ക്. ജനുവരി 1 മുതലാണ് കേരള ട്രാൻസ് പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സമരം തുടങ്ങിയത്. സെപ്തംബർ മുതലുള്ള ബിൽ കുടിശിക നൽകണമെന്നാണ് ആവശ്യം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 27 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ് റേഷൻ വ്യാപാരികൾ. പല കടകളിലെയും സ്റ്റോക്ക് തീർന്നു തുടങ്ങി. കാർഡുകളുടെ എണ്ണം അനുസരിച്ചാണ് വ്യാപാരികളുടെ വരുമാനം നിശ്ചയിക്കുന്നത്. 8,000 പേർക്ക് 25,000,
3,000 പേർക്ക് 15000 ത്തിൽ താഴെ, 1,000 പേർക്ക് പതിനായിരത്തിൽ താഴെ എന്നിങ്ങനെയാണ് ശരാശരി വരുമാനം. 2018 ൽ നടപ്പാക്കിയ പാക്കേജാണിത്. ഇത് വർദ്ധിപ്പിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
വ്യാപാരിയ്ക്ക് ലഭിക്കുന്നത് തുച്ഛമായ തുക
കടവാടക, സെയിൽസ്‌മാന്റെ വേതനം, മറ്റു ചെലവുകൾ, ലൈസൻസ് ഫീ, ടി.ഡി.എസ് എല്ലാം കഴിച്ച് വ്യാപാരിയ്ക്ക് ലഭിക്കുന്നത് 5,000 രൂപയിൽ താഴെയാണ്. മുടക്ക് മുതൽ കടയുടെ അഡ്വാൻസ്, സെക്യൂരിറ്റി തുക തുടങ്ങിയ വ്യാപാരികൾ അടയ്ക്കണം. സാധനങ്ങൾ എത്തിക്കുമ്പോൾ ഉണ്ടാകുന്ന ലീക്കേജ്, ഷോർട്ടേജ് എന്നിവ സർക്കാർ നൽകുന്നില്ല. സ്റ്റോക്കിലെ കുറവിന് പിഴയുമടക്കണം.
14300 ഓളം വരുന്ന ലൈസൻസികൾക്കും 12000ത്തോളം വരുന്ന സെയിൽസ്‌മാൻമാർക്കും മാന്യമായ വേതനവും ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷയും പെൻഷൻ ആനുകൂല്യങ്ങളും നൽകണം. റേഷൻ കൊടുത്ത വകയിൽ അഞ്ചുമാസത്തെ കുടിശികയും അടിയന്തരമായി നൽകണം.
അഡ്വ.ജോണി നെല്ലൂർ (ജനറൽ കൺവീനർ റേഷൻ വ്യാപാരി സംയുക്ത സമരസമിതി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |