കൊച്ചി: കേരളത്തിലെ ഔട്ട് ഒഫ് ഹോം പരസ്യരംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾക്ക് നേതൃത്വം വഹിച്ചയാളാണ് കഴിഞ്ഞ ദിവസം നിര്യാതനായ ചിത്ര പെയിന്റേഴ്സ് മാനേജിംഗ് ഡയറക്ടർ എം.ചിത്രപ്രകാശ് (61). ഏഴര പതിറ്റാണ്ട് മുമ്പ് പിതാവ് എം.മാധവൻ കൊച്ചിയിൽ തുടങ്ങിവച്ച ചിത്ര പെയിന്റേഴ്സിനെ ആധുനിക കാലത്തേക്ക് നയിച്ചത് ചിത്രനെന്ന് അറിയപ്പെടുന്ന ചിത്രപ്രകാശും അനുജൻ രാജേഷ് കുമാറുമായിരുന്നു. ഫ്ളെക്സ് പ്രിന്റിംഗ് എന്ന് മലയാളികൾ കേൾക്കും മുമ്പേ 1985ൽ ആദ്യത്തെ ഫ്ളക്സ് ഹോർഡിംഗ് ബോർഡ് തൃശൂരിൽ സ്ഥാപിച്ചത് ചിത്രയാണ്.
മാവേലിക്കരയിൽ നിന്ന് എറണാകുളത്തെത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനും ചിത്രകാരനുമായ പരേതനായ എം.മാധവന്റെയും ചെല്ലമ്മയുടെയും മകനാണ് ചിത്രപ്രകാശ്. വൈക്കം മുഹമ്മദ് ബഷീർ, ചങ്ങമ്പുഴ, വൈക്കം ചന്ദ്രശേഖരൻ നായർ, ഒ.എൻ.വി. കുറുപ്പ് തുടങ്ങിയ സാഹിത്യകാരുമായും അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്ന മാധവനാണ് ബഷീറിന്റെ ബോട്ട് ജെട്ടിയിൽ പുസ്തകങ്ങൾ വിറ്റിരുന്ന പെട്ടിക്കടയുടെ ബോർഡെഴുതിയത്. ഈ കടയ്ക്ക് സമീപം 1950ൽ മാധവൻ സ്ഥാപിച്ചതാണ് ചിത്ര പെയിന്റേഴ്സ്. വൈക്കം ചന്ദ്രശേഖരൻ നായരാണ് ചിത്ര എന്ന പേരും സമ്മാനിച്ചത്. അങ്ങിനെ മകനും ചിത്രനെന്ന പേരുകിട്ടി. ഹോർഡിംഗ് മേഖലയിലേക്ക് പ്രവേശിച്ചതോടെ ചിത്ര അറിയപ്പെടുന്ന സ്ഥാപനമായി. ചിത്രനായിരുന്നു പിന്നണിയിലും മുന്നിലും. രാജ്യത്തെ വൻകിട കോർപ്പറേറ്റ് കമ്പനികൾ കേരളത്തിലെ പരസ്യപ്രചാരണത്തിന് ആശ്രയിച്ചത് ചിത്ര പെയിന്റേഴ്സിനെയാണ്. സംസ്ഥാനത്തെ കണ്ണായ സ്ഥലങ്ങളിലെല്ലാം വമ്പൻ പരസ്യബോർഡുകൾ സ്വന്തമായി സ്ഥാപിച്ചു. ബോർഡുകളിൽ തൂങ്ങിക്കിടന്ന് ചിത്രങ്ങൾ വരച്ചും എഴുതിലും ബോർഡുകൾ ഒരുക്കിയ കാലത്ത് നിന്ന് ഫ്ളക്സ് ബോർഡുകളിലേക്ക് മാറിയപ്പോൾ ചിത്ര പെയിന്റേഴ്സ് മുന്നിൽ സഞ്ചരിച്ചു. കേരള അഡ്വർടൈസിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, പെപ്പർ അവാർഡ് ട്രസ്റ്റി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഭാര്യ: സിന്ധു, മക്കൾ: മഹേഷ്, അമൃതേഷ്. മരുമക്കൾ: വീണ, ആരതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |