തിരുവനന്തപുരത്ത്, കൈമനം ആശ്രമത്തിലെത്തിയ മാതാ അമൃതാനന്ദമയീ ദേവിയെ കാണാൻ പോയിരുന്നു. അമ്മയുടെ ദർശനം വലിയ അനുഗ്രഹ പുണ്യമാണ്; ആ സാമീപ്യം നൽകുന്ന പോസിറ്റീവ് എനർജി വിവരണാതീതവും. എനിക്കു മാത്രമല്ല, ജനകോടികൾക്ക് അമ്മയാണ് മാതാ അമൃതാനന്ദമയീ ദേവി. പക്ഷെ അരികിലെത്തുമ്പോൾ അതെന്റെ അമ്മയാണെന്നു തോന്നും. തോന്നുക മാത്രമല്ല, അനുഭവപ്പെടും. എന്റെ മാത്രം അമ്മ. അതൊരു സ്വാർത്ഥ ചിന്തയാകാം. പക്ഷെ, അത് തരുന്ന സംതൃപ്തി പറഞ്ഞറിയിക്കാനാവില്ല.
സിനിമയും സാഹിത്യവും ഒക്കെ അച്ഛനിലൂടെ പരിചിതമായ ഒരു ലോകമായിരുന്നു എന്റെ ബാല്യവും യൗവനവുമെല്ലാം. അക്കാലത്തൊരിക്കൽ അമിതാഭ് ബച്ചനും ശശികപൂറും മത്സരിച്ച് അഭിനയിച്ച 'ദീവാർ" എന്ന ഹിന്ദി ചിത്രം കണ്ടതോർക്കുന്നു. ബച്ചൻ രോഷാകുലനായ ചെറുപ്പക്കാരനെന്ന ഇമേജിൽ സൂപ്പർതാരമായി ഉയരുന്ന കാലം. 'ദീവാർ" ബച്ചന്റെ താരപദവി ഉയർത്തിയ ചിത്രമായിരുന്നെങ്കിലും ആ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ശശികപൂർ പറഞ്ഞ ഒരു ഡയലോഗായിരുന്നു. തന്റെ കൈയിൽ പണമുണ്ട്. മണിമാളികകളുണ്ട്.സുന്ദരിയായ കാമുകിയുണ്ട്. വിലമതിക്കാനാവാത്ത സ്വത്തുക്കളുണ്ടെന്നൊക്കെ അധോലോക നായകനായ ബച്ചന്റെ കഥാപാത്രം ശശികപൂർ അവതരിപ്പിച്ച പൊലീസ് ഇൻസ്പെക്ടറായ സഹോദരനോട് പറയുന്നു. എന്നിട്ട് ചോദിക്കുന്നു; 'നിന്റെ കൈയിലെന്തുണ്ട്?" അപ്പോൾ ശശി കപൂറിന്റെ കഥാപാത്രം പറയുന്ന മറുപടി: 'മേരെ പാസ് മാ ഹെ!"- എന്റെയൊപ്പം അമ്മയുണ്ട്! ഒരുപക്ഷെ, ആ സിനിമയിലെ ഏറ്റവും നല്ല മുഹൂർത്തം അതായിരുന്നിരിക്കാം.
അമ്മ എല്ലാവർക്കും ഹൃദയവികാരമാണ്. എന്നാൽ എനിക്ക് അമ്മയെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവുകയില്ല. അളക്കാൻ പറ്റാത്ത സ്നേഹമായിരുന്നു അമ്മ. ഓർമ്മവച്ച നാൾ മുതൽ അമ്മയുടെ ഒപ്പം ചെലവഴിച്ച ഓരോ നിമിഷവും മനസിൽ പൂത്തുലഞ്ഞു നിൽക്കുന്നുണ്ട്. അമ്മ ശാന്ത ജഗന്നാഥൻ. എല്ലാവരും ശാന്തമ്മ എന്നാണ് വിളിച്ചിരുന്നത്. എപ്പോഴും ആക്ടീവായിരുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിലും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അമ്മയ്ക്ക് നൂറു മനസായിരുന്നു. അന്ന് മൊബൈൽ ഫോൺ ഒന്നുമില്ലാതിരുന്ന കാലത്ത് അമ്മയുടെ കോൺടാക്ടുകൾ മറ്റുള്ളവരെ സഹായിക്കാൻ യാതൊരു മടിയുമില്ലാതെ അമ്മ ഉപയോഗിച്ചിരുന്നു. ആവശ്യം ന്യായമാണെങ്കിൽ അമ്മ ആരെയും വിളിക്കും- അതിനി പ്രധാനമന്ത്രിയെന്നോ പ്രസിഡന്റെന്നോ ഒന്നുമില്ല.
അമ്മ ദേവസ്വം ബോർഡിൽ ഉന്നത ഉദ്യോഗസ്ഥയായിരുന്നു. കമ്മിഷണറായാണ് വിരമിച്ചത്. ഞാൻ വിവാഹം ചെയ്ത ശേഷവും പനിയൊക്കെ വരുന്ന സന്ദർഭങ്ങളിൽ അമ്മ ചോറ് വാരിത്തരുമായിരുന്നു. അതൊക്കെ ഓർക്കുമ്പോൾ അമ്മ ഒപ്പമില്ലെന്ന നഷ്ടബോധത്തിന്റെ വിങ്ങൽ ഉള്ളിൽ നിറയും. ഒരേ സമയം ഒരുപാടു കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ള സ്ത്രീയായിരുന്നു എന്റെ അമ്മ. അമ്മയും അച്ഛനും (പ്രൊഫ. വി. ജഗന്നാഥ പണിക്കർ) പ്രണയിച്ചു വിവാഹിതരായവരാണ്. കൊല്ലം എസ്.എൻ. കോളേജിൽ അച്ഛന്റെ വിദ്യാർത്ഥിയായിരുന്നു അമ്മ. അവർ തമ്മിലുള്ള അടുപ്പത്തിന്റെ ഊഷ്മളത കണ്ടാണ് ഞാൻ വളർന്നത്. അമ്മ വസ്ത്രധാരണത്തിലും നന്നായി ഒരുങ്ങി നടക്കുന്നതിലും പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. കുലീനത്വം കൈവിടാതെ തികച്ചും മാന്യമായിട്ടേ എല്ലാവരോടും പെരുമാറിയിരുന്നുള്ളൂ. വലിയ ഭക്തയായിരുന്നു. അങ്ങനെയുള്ള ഗുണങ്ങളെല്ലാം അമ്മയിൽ നിന്ന് എനിക്കു ലഭിച്ചതാണ്. ഒരർത്ഥത്തിൽ അമ്മ ഞാൻ തന്നെയായിരുന്നില്ലേയെന്ന് ചിന്തിക്കാറുണ്ട്.
അമ്മയെയും അച്ഛനെയും എന്നും എന്റെ ഒപ്പം താമസിപ്പിക്കാനും അവരുടെ സ്നേഹലാളനകൾ എന്നും ഏറ്റുവാങ്ങാനും, അവരിരുവരെയും നന്നായി നോക്കാനും കഴിഞ്ഞുവെന്നത് ജീവിതത്തിന്റെ പുണ്യമായിട്ടാണ് ഞാൻ കരുതുന്നത്. അതിന് ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് എന്റെ ഭർത്താവ് മോഹൻ ചേട്ടനോടാണ് (മോഹൻദാസ് ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ ജി. മോഹൻദാസ് ). എന്റെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെ എന്ന പോലെ അദ്ദേഹം സ്നേഹിച്ചു. ഞങ്ങളുടെ അഞ്ചു കുട്ടികളെയും വളർത്തുന്നതിൽ അമ്മ വഹിച്ച പങ്ക് എത്ര വലുതായിരുന്നുവെന്ന് എനിക്കു നന്നായി അറിയാം.
മരിക്കുമ്പോൾ അമ്മയ്ക്ക് 62 വയസേ ആയിരുന്നുള്ളൂ. വളരെ നേരത്തേ അമ്മ പോയിയെന്ന് തോന്നാറുണ്ട്. അമ്മ മരിച്ച് കുറെക്കാലം കഴിഞ്ഞപ്പോൾ അമൃതാനന്ദമയീ ദേവി ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. ദേവിക്കായി ഒരുക്കിവച്ച ഭക്ഷണം ഞങ്ങൾ ഓരോരുത്തർക്കുമായി വാരിത്തന്നു. അമ്മ വാരിത്തരുന്നതുപോലെ എനിക്കു തോന്നി. അമൃതാനന്ദമയീ ദേവിയെക്കാണുമ്പോൾ എന്റെ അമ്മ കൺമുന്നിൽ എത്തിയതു പോലെയാണ്. എല്ലാവരും സ്വന്തം അമ്മയെയായിരിക്കും ദേവിയിൽ കാണുന്നത്. അമ്മയും അച്ഛനും നഷ്ടപ്പെട്ടവർക്കേ അത് കൂടുതൽ അനുഭവിച്ചറിയാൻ കഴിയുകയുള്ളൂ. എന്റെ അമ്മ വിടപറഞ്ഞിട്ട് ഒരുവർഷം കൂടി കടന്നുപോകുന്നു. കുടുംബജീവിതത്തിന്റെ തണലും കരുതലും നന്നായി ഉണ്ടെങ്കിലും അമ്മയെ നോക്കി നട്ടുച്ചയ്ക്കെന്നപോലെ ഏതോ വെയിലിൽ ഞാൻ കാത്തുനിൽക്കുന്നതായി സ്വപ്നംകണ്ട് ഞെട്ടിയുണരാറുണ്ട്. ഇപ്പോൾ എവിടെയായിരിക്കും അമ്മ?
(ലേഖികയുടെ ഫോൺ: 98470 63333)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |