തിരുവനന്തപുരം : റീജിയണൽ ക്യാൻസർ സെന്റർ (ആർ.സി.സി) ഡയറക്ടർ നിയമനത്തിന് യോഗ്യതയിൽ വെള്ളം ചേർത്ത് കള്ളക്കള്ളി.നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻ.എം.സി)മാനദണ്ഡവും അതംഗീകരിച്ച മുഖ്യമന്ത്രി അദ്ധ്യക്ഷനായ ആർ.സി.സി ഗവേണിംഗ് ബോഡിയുടെ തീരുമാനവും കാറ്റിൽ പറത്തിയാണിത്.
അഞ്ചു വർഷം പ്രൊഫസറായും ഏതെങ്കിലും വിഭാഗത്തിന്റെ മേധാവിയായും പ്രവൃത്തി പരിചയമുള്ളയാളെ മാത്രമേ ഡയറക്ടറായി നിയമിക്കാവൂ. ഇത് തള്ളിയാണ് പുതിയ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ച് ആരോഗ്യവകുപ്പ് ഉത്തരവായത്. പി.ജി,സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനത്തിന്റ പ്രിൻസിപ്പൽ,ഡീൻ,ഡയറക്ടർ തുടങ്ങിയ തസ്തികളിലെത്തുന്നവരുടെ യോഗ്യത 2017ലാണ് എൻ.എം.സി പരിഷ്കരിച്ചത്. എന്നാൽ ഇത് വർഷങ്ങളോളം ആർ.സി.സിയിൽ നടപ്പാക്കിയില്ല. 2018ൽ പഴയ മാനദണ്ഡപ്രകാരം ഡോ. രേഖ എ.നായരെ ഡയറക്ടറായി നിയമിച്ചു.
2023 ജൂലായ് 12ന് ആർ.സി.സി ഗവേണിംഗ് ബോഡി യോഗം ചേർന്ന് എൻ.എം.സി നിഷ്കർഷിക്കുന്ന യോഗ്യത അംഗീകരിച്ചു. ഇത് പ്രകാരം 20വർഷം ക്യാൻസർ ചികിത്സാരംഗത്തുള്ളരിൽ 10വർഷം പ്രൊഫസറായോ,അസോസിയേറ്റ് പ്രൊഫസറായോ പഠന,ഗവേഷണ രംഗത്ത് പ്രവർത്തിച്ചവർ അല്ലെങ്കിൽ, അഞ്ചു വർഷം പ്രൊഫസറായി ഏതെങ്കിലും വിഭാഗത്തിന്റെ മേധാവിയായിരുന്നവരാവണം ഡയറക്ടറാകേണ്ടത്.യോഗ്യത പുതുക്കി നിശ്ചയിച്ച് 2024മാർച്ച് 21ന് ജി.ഒ എം.എസ് 84/2024 എച്ച് ആൻഡ് എഫ്.ഡബ്ല്യു.ഡി എന്ന നമ്പരിൽ ഉത്തരവായിരുന്നു
നിലവാരം
പ്രധാനം
ആർ.സി.സി ക്യാൻസർ ചികിത്സകേന്ദ്രം മാത്രമല്ല, ഗവേഷണ- പഠന രംഗങ്ങളിൽ നിർണായകം.
എം.ഡി.റേഡിയേഷൻ ഓങ്കോളജി,റേഡിയോ ഡയഗ്നോസിസ് കോഴുസുകളുള്ള സ്ഥാപനം.
ഡി.എൻ.ബി പത്തോളജിയും,ഡി.എം മെഡിക്കൽ ഓങ്കോളജി,പീഡിയാട്രിക് ഓങ്കോളജി കോഴ്സുകളുമുണ്ട്.
യോഗ്യരായവർ തലപ്പത്തില്ലെങ്കിൽ സ്ഥാപനത്തെ ബാധിക്കും.
ഇനി ശുപാർശ മതി
അപേക്ഷകരുടെ ഇന്റർവ്യൂ പൂർത്തിയാക്കി സെർച്ച് കമ്മിറ്റി ശുപാർശ സമർപ്പിക്കണമെന്നും സർക്കാർ അന്തിമനിയമനം നടത്തുമെന്നുമാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചുള്ള പുതിയ ഉത്തരവ്. മുൻകാലങ്ങളിൽ ഇത്തരമൊരു നിബന്ധനയുണ്ടാകില്ല. ഇന്റർവ്യൂവിന് ശേഷം റാങ്ക് ലിസ്റ്റാണ് സെർച്ച് കമ്മിറ്റി നൽകുക.അതിൽ നിന്ന് ആദ്യ റാങ്കുള്ളയാളെ സർക്കാർ നിയമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |