SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.19 AM IST

പുലിക്കായി ഓടിപ്പാഞ്ഞ് ദൗത്യ സംഘം : ക്ഷേത്രനട തുറക്കൽ വൈകിപ്പിച്ച് ഭാരവാഹികൾ

boat

ചാലക്കുടി: പുലി ഭീതി നിലനിൽക്കുന്ന നഗരത്തിലെ കണ്ണമ്പുഴ പ്രദേശത്ത് പ്രതിരോധ പ്രവർത്തനം ശക്തമാക്കി ആർ.ആർ.ടി സംഘമെത്തിയതിന് പിന്നാലെ കണ്ണമ്പുഴ ക്ഷേത്രത്തിൽ ഭക്തരുടെ സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി ഭാരവാഹികൾ. ഇനി മുതൽ രാവിലെ ആറരയ്ക്കായിരിക്കും നട തുറക്കലും ഭക്തർക്കുള്ള പ്രവേശനവും. വൈകീട്ടും സന്ദർശന സമയത്തിൽ മാറ്റമുണ്ട്. ആറരയ്ക്ക് ക്ഷേത്രം അടയ്ക്കും. വനം വകുപ്പിന്റെ അഭ്യർത്ഥനയെ തുടർന്ന് ക്ഷേത്രം ട്രസ്റ്റിയുടേതാണ് തീരുമാനം. ക്ഷേത്രത്തിന്റെ പിന്നിലെ വിശാലമായ പറമ്പിലാണ് കെണിക്കൂട് സ്ഥാപിച്ചത്. ഇവിടെയുള്ള കടവിൽ നിന്നാണ് പുഴ കേന്ദ്രീകരിച്ചുള്ള അന്വേഷണവും.

അതേസമയം മൂന്ന് സ്ഥലങ്ങളിൽ കഴിഞ്ഞരാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായി പുലിയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞ സ്ഥലങ്ങളിൽ വിശദമായ പരിശോധന നടത്തി. എസ്.എച്ച് കോളേജ് പരിസരത്ത് റിട്ട. ഗവ. ജീവനക്കാരൻ രാധാകൃഷ്ണന്റെ വീടിന്റെ പരിസരത്താണ് വ്യാഴാഴ്ച രാത്രി പുലിയെ കണ്ടത്. എന്നാൽ പിന്നീട് നടന്ന പരിശോധനയിൽ കാൽപ്പാടുകൾ കാണാനായില്ല.

മാത്രമല്ല, മറ്റ് വീടുകളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചതിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. പരിയാരം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ കൂടുതൽ പരിശോധന നടത്തി. കണ്ണമ്പുഴ, സതേൺ കോളേജ് , മൂഞ്ഞേലി എന്നിവിടങ്ങളിൽ ചാലക്കുടിപ്പുഴയെ കേന്ദ്രീകരിച്ച് പരിശോധനയുമുണ്ടായി. പുഴയിലൂടെ ഡിങ്കി ബോട്ടിൽ സഞ്ചരിച്ചുള്ള തെർമൽ കാമറ പരിശോധയും നടത്തി. എല്ലാ ഭാഗത്തെയും പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിക്കുന്നുണ്ട്. തെർമൽ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷണം നടത്താനാണ് അധികൃതരുടെ നീക്കം. ഡ്രോൺ പറത്തിയും നിരീക്ഷണം നടത്തും. പുലി ഭീതി നിലനിൽക്കുന്നതിനാൽ കൂടുതൽ സ്ഥലങ്ങളിൽ നിന്ന് ഫോൺ വിളികളെത്തുന്നുണ്ടെന്ന് വനപാലകർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, PULI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL