എഴുകോൺ : കുഴിയിൽ നിന്ന് കുഴിയിലേക്ക് വീണ് നടുവൊടിയുന്ന യാത്രാ ദുരിതവുമായി കോട്ടേക്കുന്ന് റോഡ്. കുഴിയില്ലാത്ത ഒരിഞ്ച് ഇടമില്ലാത്ത ദുർഘടാവസ്ഥയിലാണ് ഈ റോഡ് . കാരിക്കൽ കുരിശടി ജംഗ്ഷനിൽ നിന്ന് കോട്ടേക്കുന്ന് വഴി ബദാംമുക്ക് പോച്ചംകോണം റോഡിൽ ചേരുന്നതാണ് ഈ ഗ്രാമീണപാത. കാരിക്കൽ വഴി കുഴിമതിക്കാട് ആറുമുറിക്കട തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് പോകാനും നൂറ്കണക്കിന് പേർ ആശ്രയിക്കുന്ന വഴിയാണിത്. വർഷങ്ങളായി തകർന്ന നിലയിലാണ്. പട്ടികജാതി പിന്നാക്ക ജനവിഭാഗത്തിന്റെ അധിവാസ മേഖലയാണ് കോട്ടേക്കുന്ന്. സാധാരണക്കാരായ തൊഴിലാളികളാണ് അധികവും. വിദ്യാർത്ഥികളും തൊഴിലാളികളുമാണ് സ്ഥിരം യാത്രക്കാർ.
പൊതുഗതാഗതമില്ല
എഴുകോൺ കരീപ്ര ഗ്രാമ പഞ്ചായത്തുകളുടെ ഉൾഗ്രാമമായ കോട്ടേക്കുന്ന് വഴി പൊതുഗതാഗത സംവിധാനങ്ങളില്ലെന്നത് കാലങ്ങളായുള്ള പോരായ്മയാണ്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് പതിവ് സഞ്ചാരത്തിനുള്ളത്. റോഡ് കുണ്ടും കുഴിയുമായതോടെ യാത്രക്കാർക്കൊപ്പം വാഹനങ്ങളുടെയും നടുവൊടിയുന്ന സ്ഥിതിയാണ്. പ്രദേശവാസികളുടേതല്ലാത്ത ഓട്ടോറിക്ഷകൾ ഇവിടേക്ക് സവാരി വിളിച്ചാൽ വരാത്ത സ്ഥിതിയുമുണ്ട്.
ക്രഷറിലേക്കുള്ള പാത
കോട്ടേക്കുന്ന് ക്രഷറിലേക്കുള്ള റോഡ് കൂടിയാണിത്. കൂറ്റൻ ടോറസുകളാണ് വലിയ കരിങ്കല്ലുകളുമായി ഇവിടേക്കെത്തുന്നത്. വലിയ ഭാരം താങ്ങാൻ ശേഷിയില്ലാത്ത വിധം കുറഞ്ഞ നിലവാരത്തിലാണ് മിക്കപ്പോഴും ഈ റോഡ് പുനരുദ്ധരിക്കുന്നത്. ഭാരവാഹനങ്ങൾ തുരു തുരാ കടന്നു പോകുന്നതോടെ പുനർ നിർമ്മിച്ച റോഡ് അധികം വൈകാതെ തകരുന്നതാണ് പതിവ്. അധികൃതർക്ക് മുന്നിൽ പരാതി പറഞ്ഞ് മടുത്ത നിലയിലാണ് പ്രദേശവാസികൾ.
പ്രതീക്ഷയായി 30 ലക്ഷം
കൊട്ടാരക്കര മണ്ഡലത്തിലെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് അടുത്തിടെ 30 ലക്ഷം രൂപ കോട്ടേക്കുന്ന് റോഡിന് അനുവദിച്ചിട്ടുണ്ട്. ഭാരവാഹനങ്ങൾ നിരന്തരം കടന്ന് പോകുന്നത് പരിഗണിച്ച് ഉന്നത നിലവാരത്തിൽ പുതിയ റോഡ് നിർമ്മിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |