SignIn
Kerala Kaumudi Online
Wednesday, 22 July 2026 2.05 PM IST

സ്വർണ കൊടിമരം കറുത്തു: കൈ മലർത്തി ദേവസ്വം ബോർഡ്

കൊല്ലം: ശാസ്താംകോട്ട ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊടിമരം കറുത്ത സംഭവത്തിൽ അന്വേഷണം വേണമെന്ന വർഷങ്ങളായുള്ള ആവശ്യം അവഗണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നൽകിയ പണത്തിന്റെ പകുതി തുകയ്ക്കുള്ള സ്വർണം പോലും പൂശിയില്ലെന്നാണ് ആരോപണം.

2015ലാണ് സ്വർണക്കൊടിമരം സ്ഥാപിച്ചത്. നേരത്തേയുണ്ടായിരുന്ന കൊടിമരത്തിൽ ആറ് കിലോ സ്വർണം പൊതിയാനായിരുന്നു തീരുമാനം. ഇതു പ്രകാരം മൂന്ന് കിലോ സ്വർണത്തിന്റെ പണം ക്ഷേത്രം ഉപദേശകസമിതി നൽകി. ബാക്കി മൂന്ന് കിലോയ്ക്കുള്ള തുക ദേവസ്വം ബോർഡും നീക്കി വച്ചു. മാന്നാർ സ്വദേശിക്കായിരുന്നു ചെമ്പ് പറ നിർമ്മിച്ച് സ്വർണം പൊതിയാനുള്ള കരാർ . കൊടിമരം സ്ഥാപിച്ച് ആറ് മാസം കഴിഞ്ഞപ്പോൾ 19 പറകളിലൊന്ന് കറുത്തു. തുടർന്ന് പ്രദേശവാസി നൽകിയ ഹർജിയിൽ ഹൈക്കോടതി കൊടിമരം ഐ.എസ്.ആർ.ഒയിൽ പരിശോധനയ്ക്ക് അയയ്ക്കാൻ ഉത്തരവിട്ടു. പൂശാൻ തീരുമാനിച്ച സ്വർണത്തിന്റെ അളവ് സംബന്ധിച്ച രേഖകൾ കോടതിയിൽ ഹാജരാക്കിയില്ല. അതുകൊണ്ട് തന്നെ കൊടിമരത്തിൽ സ്വർണത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിച്ചു.

കേസിന്റെ ഭാഗമായി ഹരിപ്പാട്ടെ ദേവസ്വം സ്റ്റോറിലേക്ക് മാറ്റിയ കൊടിമരത്തിന്റെ പറ പിന്നീട് വന്ന ഭരണസമിതി പരിശോധിച്ചപ്പോൾ വലിയൊരുഭാഗവും കറുത്ത നിലയിലായിരുന്നു. ഇതിനിടയിൽ ക്ഷേത്രത്തിൽ പുതിയ കൊടിമരം സ്ഥാപിക്കാൻ തീരുമാനിച്ചു. അതിൽ പൂശാനായി പഴയ പറകൾ വീണ്ടും പരിശോധിച്ചപ്പോഴും സ്വർണത്തിന്റെ അളവിൽ വലിയ കുറവുണ്ടെന്ന നിഗമനമുണ്ടായെന്നാണ് പ്രചാരണം. ഇതേ തുടർന്ന് നിലവിലെ ദേവസ്വം ബോർഡിനോട് അന്വേഷണം ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL