
കൊട്ടാരക്കര. ജന സാന്ദ്രതയേറിയ കൊട്ടാരക്കര നഗരസഭയിൽ വൈദ്യുതി ശ്മശാനത്തിന്റെ ആവശ്യകത ജനങ്ങൾ നിരന്തരം ഉന്നയിച്ചിട്ടും അധികൃതർ അനങ്ങുന്നില്ല.
രണ്ടും മൂന്നും സെന്റിൽ പരിമിത സൗകര്യങ്ങളോടെ ജീവിക്കുന്നവരും പുറമ്പോക്കിൽ കഴിയുന്നവരുമാണ് വീട്ടിലെ അംഗങ്ങളുടെ മരണം സംഭവിക്കുമ്പോൾ വലയുന്നത്. സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ നഗരസഭയും ബന്ധപ്പെട്ടവരും വീഴ്ചവരുത്തുന്നതായി പൊതു പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും പരാതിപ്പെടുന്നു.
വർഷങ്ങൾക്കു മുന്പ് കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ഉഗ്രൻ കുന്നിൽ ശ്മശാനം സ്ഥാപിച്ചെങ്കിലും അശാസ്ത്രീയമായ ക്രമീകരണങ്ങൾ പരിസരവാസികൾക്കു ബുദ്ധിമട്ടുണ്ടാക്കി. അനാഥരേയും അജ്ഞാതരെയും ഇവിടെ എത്തിച്ച് സംസ്കരിക്കുമായിരുന്നു. അന്ന് ശ്മശാന ഭൂമിയിലെ മേൽമണ്ണ് നീക്കി മൃതശരീരം മറവു ചെയ്യുകയായിരുന്നു രീതി. എന്നാൽ പലപ്പോഴും മൂന്നു ദിവസത്തികം മൃതശരീരം തെരുവുനായ്ക്കൾ വലിച്ചു പുറത്തിടുന്ന കാഴ്ച പരിസര വാസികളുടെ ഉറക്കം കെടുത്തി. തുടർന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. അതോടെ മൃതശരീരം മറവു ചെയ്യുന്നതു നിറുത്തി മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിച്ചു. അതിന്റെ പ്രവർത്തനവും ഭാഗികമായി മാറി. ടൗണിലെ മുഴുവൻ മാലിന്യവും ഇവിടെ കുന്നുകൂടാൻ തുടങ്ങിയത് പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായി. പ്ളാന്റിൽ നിത്യേന എത്തിക്കുന്ന ടൺ കണക്കിന് മാലിന്യം ഇപ്പോഴും സമയ ബന്ധിതമായി സംസ്കരിക്കാനാകുന്നില്ല.
അടക്കം കൊല്ലം ശാന്തികവാടത്തിൽ
കൊട്ടാരക്കര നഗരസഭയിൽ ജനവാസ കേന്ദ്രത്തിൽ നിന്ന് അകന്ന പ്രദേശത്ത് വൈദ്യുതി ശ്മശാനം സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു, നിലവിൽ പലരും കൊല്ലം പോളയത്തോടുള്ള ശാന്തികവാടത്തിലാണ് സംസ്കാരം നടത്തുന്നത്. ഈ ദുരവസ്ഥയ്ക്കു പരിഹാരം കാണണമെന്നാണ് നാടിന്റെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |