
ഇന്ധന അനിശ്ചിതത്വം വിനയായി
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമാകുമെന്ന ആശങ്കയിൽ രാജ്യത്തെ ഓഹരി വിപണി ഇന്നലെ തകർന്നടിഞ്ഞു. ക്രൂഡോയിൽ വില ഉയർന്ന തലത്തിൽ തുടർന്നതും രൂപയുടെ മൂല്യത്തകർച്ചയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് വിപണിയെ മുൾമുനയിലാക്കിയത്. വെള്ളിയാഴ്ച അമേരിക്കൻ വിപണിയിലുണ്ടായ തകർച്ചയുടെ ചുവടുപിടിച്ചാണ് ഇന്ത്യൻ ഓഹരികളിലും വിൽപ്പന സമ്മർദ്ദം രൂക്ഷമായത്. ഇറാനിലെ വൈദ്യുത നിലയങ്ങൾ തകർക്കുമെന്ന അമേരിക്കയുടെ ഭീഷണിക്ക് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ കുടിവെള്ള സ്രോതസുകൾ ആക്രമിക്കുമെന്ന ഇറാന്റെ മറുപടിയും നിക്ഷേപകർക്ക് നെഞ്ചിടിപ്പ് ഉയർത്തി.
ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് ഇന്നലെ 1,836 പോയിന്റ് ഇടിവോടെ 72,696.39ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 61.85 പോയിന്റ് നഷ്‌ടത്തോടെ 22512ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയിലും കനത്ത ഇടിവുണ്ടായി. ബാങ്കിംഗ്, വാഹന, എഫ്.എം.സി.ജി, ടെലികോം മേഖലയിലെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. ഇന്ധന പ്രതിസന്ധി വ്യാപിക്കുമെന്ന ആശങ്കയിൽ നിക്ഷേപകർ വിൽപ്പന സമ്മർദ്ദം ശക്തമാക്കി.
നിക്ഷേപകരുടെ ആസ്തിയിലുണ്ടായ ഇടിവ്
15 ലക്ഷം കോടി രൂപ
ശക്തമായി തിരിച്ചുകയറിയേക്കും
യുദ്ധം അവസാനിക്കുമെന്ന് ഡോണാൾഡ് ട്രംപ് സൂചന നൽകിയതിനാൽ ഇന്ന് ഇന്ത്യൻ ഓഹരി വിപണി അതിശക്തമായി തിരിച്ചുകയറിയേക്കും. ഗിഫ്‌റ്റ് നിഫ്‌റ്റിയിൽ ഇന്നലെ നാല് ശതമാനം വർദ്ധനയുണ്ട്. ട്രംപിന്റെ പ്രസ്താവന ഇറാൻ നിഷേധിച്ചെങ്കിലും പശ്ചിമേഷ്യയിൽ സമാധാന പുലരുമെന്ന വിശ്വാസം നിക്ഷേപകരിലേറി. അമേരിക്കൻ ഡോളറും ബോണ്ടുകളും ദുർബലമായതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ പൂർവാധികം ആവേശത്തോടെ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. അമേരിക്കയിലെ വിപണികളും മികച്ച നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
രൂപ പുതിയ റെക്കാഡ് താഴ്ചയിൽ
വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ക്രൂഡോയിൽ വിലയിലെ കുതിപ്പും ഇന്നലെ രൂപയ്ക്ക് സമ്മർദ്ദം വർദ്ധിപ്പിച്ചു. ഡോളറിനെതിരെ രൂപ 50 പൈസ നഷ്‌ടവുമായി 94.03ൽ വ്യാപാരം പൂർത്തിയാക്കി. കയറ്റുമതി മേഖലയിലെ തളർച്ചയും രൂപയ്ക്ക് വിനയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |