SignIn
Kerala Kaumudi Online
Saturday, 15 August 2026 4.16 PM IST

അരുണാചൽ പ്രദേശിൽ മിന്നൽപ്രളയവും മണ്ണിടിച്ചിലും; അഞ്ച്  സൈനികരെ കാണാതായി

READ ENGLISH VERSION

flash-flood
മിന്നൽ പ്രളയമുണ്ടായ പ്രദേശം

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അഞ്ച് സൈനികരെ കാണാതായി. ദിബാംഗ് വാലി ജില്ലയിൽ മിന്നൽ പ്രളയത്തെത്തുടർന്ന് ഇവിടെയുണ്ടായിരുന്ന രണ്ട് പാർപ്പിടങ്ങൾ ഒലിച്ചുപോയതിന് പിന്നാലെയാണ് അഞ്ച് സൈനികരെ കാണാതായത്. അഞ്ചാം ഗ്രനേഡിയേഴ്സ് പശു പാനി ആർമി ക്യാമ്പിലെ സൈനികരെയാണ് കാണാതായിരിക്കുന്നത്.

മൊത്തം ഏഴ് സൈനികരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്തി. മറ്റ് പോസ്റ്റുകളിൽ നിന്നുള്ള സൈനികർ ഉൾപ്പെടെ കാണാതായവർക്കായി തെരച്ചിൽ നടത്തുകയാണ്.

അതേസമയം, അപ്പർ സുബാൻസിരി ജില്ലയിൽ റോഡ് നിർമാണം നടക്കുന്നയിടത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് നാല് തൊഴിലാളികൾ മരണപ്പെട്ടു. ഇന്നലെ വൈകിട്ടാണ് രണ്ട് അപകടങ്ങളുമുണ്ടായതെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. അപ്പർ സുബാൻസിരി ജില്ലയിൽ കീജാറിംഗ് - ബിയാചിംഗ് റോഡ് നിർമാണ സൈറ്റിലാണ് മണ്ണിടിച്ചിലുണ്ടായത്. താഡു ബാകി, താജി റായ്, മാർകോഷ് ബസുമതരി, ബാബുൽ അലി എന്നിവരാണ് മരിച്ചത്.

അപകടമുണ്ടായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്. അഗ്നിരക്ഷാസേനയും രംഗത്തുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അംഗങ്ങളും ഉടൻ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

മൺസൂൺ മഴയെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും അരുണാചലിൽ ഇതുവരെ പത്തുപേരാണ് മരണപ്പെട്ടത്. സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഈ മാസമാദ്യം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 235 റോഡുകൾ, 40 പാലങ്ങൾ, 75 കൽവർട്ടുകൾ, 373 ജലവിതരണ സംവിധാനങ്ങൾ, 161 വൈദ്യുതി ലൈനുകൾ, 823 വൈദ്യുത തൂണുകൾ, 66 ജലസേചന പദ്ധതികൾ, 122 സർക്കാർ കെട്ടിടങ്ങൾ, 41 സ്കൂളുകൾ, 12 ജലവൈദ്യുത പദ്ധതികൾ, 26 സംരക്ഷണ ഭിത്തികൾ, 16 വെള്ളപ്പൊക്ക സംരക്ഷണ ഭിത്തികൾ എന്നിവയുൾപ്പെടെയുള്ളവയ്ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

English Summary

Heavy monsoon rains in Arunachal Pradesh have caused flash floods and landslides. Five soldiers are missing in Dibang Valley due to flash floods washing away shelters. Separately, four laborers died in a landslide at a road construction site in Upper Subansiri. So far, ten people have succumbed to rain-related incidents in the state, with rescue operations ongoing.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLASHFLOOD, FLASH FLOOD IN ARUNACHAL, FLASH FLOOD ARMY PERSONNEL MISSING, ARMY MEN MISSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360