SignIn
Kerala Kaumudi Online
Saturday, 13 June 2026 7.06 PM IST

ആട്ടത്തിന്റെ മുരളീരവം

a

ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം മോഹിനിയാട്ടവുമായി സംവിധായകൻ കൃഷ്ണദാസ് മുരളി

ഗുരുവായൂരിൽ നിന്നാണ് ഈ സിനിമാക്കഥ ആരംഭിക്കുന്നത്. സിനിമാ പാരമ്പര്യമൊന്നുമില്ല. പല സംവിധായകരുടെയും ശിഷ്യനാകാൻ ശ്രമം നടത്തി. കഥ പറയാൻ കുറെ നടന്നു.അഭിനയഭ്രമം കൂടി ഉള്ളതിനാൽ ഓഡിഷനിൽ പങ്കെടുത്തു. അസിസ്റ്റന്റ് ഡയറക്ടറാകാനും ശ്രമം നടത്തി. ഒന്നും എവിടെയും വർക്കൗട്ട് ആയില്ല. ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു. 'സ്വന്തം സ്കൂളിൽ നിന്ന് തെറ്റും ശരിയും പഠിച്ച്സ്വന്തമായി പ്രൊഫൈൽ രൂപപ്പെടുത്തി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ആഗ്രഹങ്ങൾക്ക് പഞ്ഞമില്ലല്ലോ? ഷോർട്ട് ഫിലിം ശ്രദ്ധ നേടിയപ്പോൾ 'കരിക്കിന്റെ" മെട്രോഫ് എന്ന വെബ് സീരിസ് സംവിധാനം ചെയ്ത് പ്രൊഫൈൽ ആയി സൂക്ഷിച്ചു. രണ്ടുവർഷം കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തു . ഒരു ദിവസം ജോലി ഉപേക്ഷിച്ച് 'ഭരതനാട്യം" സിനിമയുടെ തിരക്കഥ എഴുതാൻ തുടങ്ങി.2024ൽ ടൈറ്റിൽ കാർഡ് തെളിഞ്ഞു . രചന, സംവിധാനം കൃഷ്ണദാസ് മുരളി. നായകൻ സൈജു കുറുപ്പ്. ഏപ്രിൽ 10ന് ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായി മോഹിനിയാട്ടം തിയേറ്ററിൽ എത്തുന്ന പശ്ചാത്തലത്തിൽ കൃഷ്ണദാസ് മുരളി സംസാരിക്കുന്നു.

ഒ.ടി.ടിയിൽ ഭരതനാട്യത്തിന് ലഭിച്ച സ്വീകാര്യതയാണോ രണ്ടാം ഭാഗത്തിന് പ്രേരണ ?

തീർച്ചയായും. മോഹിനിയാട്ടത്തിന്റെ കഥ അവസാനിച്ചതാണ്. ഒ.ടി.ടിയിൽ വലിയ സ്വീകാര്യത ലഭിച്ചെന്ന് മാത്രമല്ല, ഒരുപാട് മെസേഞ്ചും കമന്റുംവന്നു. തിയേറ്ററിൽ കാണാൻ സാധിച്ചില്ല എന്ന് പറയുന്നവരായിരുന്നു ഏറെയും.ഭരതനാട്യം ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. രണ്ടാം ഭാഗത്തിന് സാദ്ധ്യതയുണ്ടോ എന്ന് നിർമ്മാതാക്കളായ സൈജു ചേട്ടനും ( സൈജു കുറുപ്പ്) തോമസ് ചേട്ടനും ( തോമസ് തിരുവല്ല) ചോദിച്ചപ്പോഴാണ് ആലോചന രൂപപ്പെടുന്നത്. ഭരതനാട്യം അവസാനിച്ചിടത്തു ആരംഭിക്കുന്ന കഥയാണ് മോഹിനിയാട്ടം.

ഭരതനാട്യം തിയേറ്ററിൽ വിജയിക്കാതെ പോയതിന് പല കാരണങ്ങളുണ്ടാകാം. തിയേറ്ററിൽ കാണേണ്ടതല്ലെന്നും ഒ.ടി.ടി സിനിമ എന്നും വിലയിരുത്തൽ വന്നുകാണും. അത് എല്ലാം തിരുത്തി ഇതേ കഥാപാത്രങ്ങളുമായി ക്രൈം കോമഡി ജോണറിൽ മോഹിനിയാട്ടം . ഭരതനാട്യത്തിൽ സംഭവിച്ച പലരും ചൂണ്ടിക്കാട്ടിയ പിഴവുകൾ പരിഹരിക്കാൻ മോഹിനിയാട്ടത്തിൽ ശ്രമം നടത്തിയിട്ടുണ്ട്.

വീടിനകത്ത് ക്യാമറ വയ്ക്കാനാണോ കൂടുതൽ ഇഷ്ടം?

അങ്ങനെ അല്ല. ഭരതനാട്യം സിനിമയുടെ സ്വഭാവം വീടുമായി ചുറ്റിപ്പറ്റിയും വീടിനുള്ളിലെ ഒരു രഹസ്യം ഒളിപ്പിക്കുന്നതായതുകൊണ്ട് സംഭവിച്ചതാണ്. ഭരതനാട്യത്തിന്റെ തുടർച്ചയായി മോഹിനിയാട്ടം വരുമ്പോഴും അതേ ട്രാക്കിൽ തന്നെയുണ്ട്. എന്നാൽ പുറത്തു നടക്കുന്ന കുറെ സംഭവങ്ങൾ മോഹിനിയാട്ടത്തിലുണ്ട്. അടുത്ത സിനിമ സംഭവിക്കുമ്പോൾ ഇന്ന് എല്ലാം മാറും.

നായകനായും നിർമ്മാണ പങ്കാളിയായും സൈജു കുറുപ്പ് എങ്ങനെ എത്തി?

സൈജു ചേട്ടന്റെ അടുത്ത് കഥ പറയാൻ അഞ്ചുവർഷം മുൻപ് പോയി. അന്ന് അതു നടന്നില്ല. 'വേറെ എന്തെങ്കിലും ഉണ്ടാകുമ്പോൾ പറയാൻ സൈജു ചേട്ടൻ പറഞ്ഞു. 'ഭരതനാട്യം" എഴുതിയപ്പോൾ ആദ്യം സമീപിച്ചത് സൈജു ചേട്ടനെ തന്നെയാണ്. ആ സമയത്ത് നായക കേന്ദ്രീകൃത സിനിമ ചെയ്യുന്നില്ല എന്ന തീരുമാനത്തിലായിരുന്നു. അതിനാൽ കഥ പോലും പറയാൻ കഴിഞ്ഞില്ല. മറ്റു പല താരങ്ങളിലേക്ക് പോയി. അവർ ഇൻ ആയെങ്കിലും പ്രൊഡക്‌ഷൻ കാര്യങ്ങൾ ഒന്നും നടന്നില്ല. അപ്പോഴേക്കും സൈജു ചേട്ടൻ നായക സിനിമകൾ ചെയ്യാൻ തുടങ്ങി. കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടു. സിനിമ നിർമ്മിക്കാമെന്ന സൂചനയും നൽകി. നിർമ്മാണ പങ്കാളിയായി തോമസ് ചേട്ടനെ കൊണ്ടുവന്നതും സൈജു ചേട്ടൻ ആണ്.

മോഹിനിയാട്ടത്തിൽ പുതിയ താരങ്ങൾ ഉണ്ടല്ലേ ?

ഭരതനാട്യത്തിലെ ഒട്ടുമിക്ക താരങ്ങളെയും മോഹിനിയാട്ടത്തിൽ കാണാം. പുതുതായി സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, നിസ്താർ സേട്ട്, സന്തോഷ് , റാപ്പർ ബേബി ജീൻ എന്നിവർ എല്ലാം പ്രധാന വേഷത്തിലുണ്ട്. ഭരതനാട്യം പോലെ കുടുംബചിത്രം തന്നെയാണ് മോഹിനിയാട്ടം. ഓരോ ഇരുപതു മിനിട്ട് പിന്നിടുമ്പോൾ കഥയിൽ പുതിയ കാര്യങ്ങൾ സംഭവിക്കുന്നു. ഭരതനാട്യത്തേക്കാൾ കുറച്ചുകൂടി കൊമേഴ്സ്യൽ ആണ്.

മൂന്നാം ഭാഗം പ്രതീക്ഷിക്കാമോ?

രണ്ടാം ഭാഗത്തിന്റെ നിർദ്ദേശം നിർമ്മാതാക്കളുടേതാണ്. മൂന്നാം ഭാഗത്തെപ്പറ്റി ആലോചന വന്നാൽ ചെയ്യാൻ ബുദ്ധിമുട്ട് ഇല്ല. എന്നാൽ, നിലവിൽ അങ്ങനെ ആലോചനയില്ല. മൂന്നാം ഭാഗം ചെയ്യണമെന്ന ഉദ്ദേശത്തോടെയല്ല മോഹിനിയാട്ടം അവസാനിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY