
സഗര മഹാരാജാവ് അശ്വമേധത്തിന് നിശ്ചയിച്ച കുതിരയെ പശ്ചിമ സമുദ്രതീരത്തു വച്ച് മാരുതൻ തട്ടിക്കൊണ്ടുപോയി. മാരുതനെ അയച്ചത് ദേവേന്ദ്രനായിരുന്നു. പാതാളത്തിൽ തപസനുഷ്ഠിച്ചിരുന്ന കപില മുനിയുടെ സമീപത്ത് മാരുതൻ തട്ടിക്കൊണ്ടുവന്ന കുതിരയെ കെട്ടി. സഗര പുത്രന്മാർ അറുപതിനായിരം പേരും ഒരുമിച്ച് കുതിരയെത്തേടിയിറങ്ങി. പാതാളത്തിലെത്തിയപ്പോൾ, കുതിരയെ കപില മുനി മോഷ്ടിച്ചതാണെന്നു സംശയിച്ച് കൊല്ലാനടുത്തപ്പോൾ മുനിയുടെ കോപാഗ്നിയിൽ അവർ ചാമ്പലായി. സങ്കടം സഹിക്കവയ്യാതെ, ബന്ധുവായ ഭഗീരഥൻ ആകാശഗംഗയെ പാതാളത്തിലേക്ക് തിരിച്ചുവിട്ടു. അങ്ങനെ ഗോകർണ മഹാക്ഷേത്രം കടലിൽ മുങ്ങിപ്പോയി എന്നത് പുരാണകഥ. മാമല്ലപുരം കാണുവാനെത്തിയപ്പോൾ ഈക്കഥയാണ് ഓർമ്മവന്നത്.
നൂറ്റാണ്ടുകളുടെ ചരിത്രങ്ങളിലെവിടെയോ മണ്ണുമൂടി കടലെടുത്ത നഗരം. സർവോപരി, ദക്ഷിണഭാരതത്തെ വൈദേശിക വണിക്കുകളുമായി അടുപ്പിച്ച തുറമുഖം. ഒന്നാം നൂറ്റാണ്ടിൽ 'തിരുകടൽമലൈ" എന്നറിഞ്ഞ നഗരം. തമിഴ്നാടിന്റെ തെക്ക് കിഴക്കൻ ജില്ലയായ ചെങ്കൽപ്പെട്ടിൽ നിലകൊള്ളുന്ന മഹാബലിപുരം അറിയപ്പെടുന്നത് മാമല്ലപുരം എന്ന പേരിൽ. മാമല്ല എന്ന് അറിയപ്പെട്ടിരുന്ന, പല്ലവ രാജാവായ നരസിംഹവർമ്മയാണ് മാമല്ലപുരം നഗരത്തിന്റെ സൃഷ്ടികർത്താവ്.
മാമല്ലപട്ടണം എന്നായിരുന്നു അന്നത്തെ പേര്. ഏഴ്, എട്ട് നൂറ്റാണ്ടുകളിലായി ഒരു പാറക്കല്ലിൽ തീർത്ത അഞ്ച് രഥങ്ങളെ ഓർമ്മിപ്പിക്കുന്ന ക്ഷേത്രനിർമ്മിതികൾ മാമല്ലപുരത്തെ മനോഹരിയാക്കുന്നു. ഗുഹാമണ്ഡപങ്ങളെന്നോ ഗുഹാക്ഷേത്രങ്ങൾ എന്നോ വിളിക്കാം. പഞ്ചരഥങ്ങളായി ആ നാട്ടുകാർ അതിനെ കാണുന്നു.
ഗ്രീക്ക് നാവികനായ റ്റോളമി ഒന്നാം നൂറ്റാണ്ടിലെഴുതിയ 'പെരിപ്ലസ് ഒഫ് ദ എറിത്രിയൻ സീ" എന്ന ഗ്രന്ഥത്തിൽ പറയുന്ന 'മലങ്ങെ" എന്ന ഗ്രാമം ഇതാണെന്ന് ഊഹിക്കപ്പെടുന്നു. വൈഷ്ണവ സന്യാസി തിരുമംഗല ആൾവാർ തിരുക്കടൽമലൈ എന്നു വിശേഷിപ്പിച്ച സ്ഥലശയനപ്പെരുമാൾ ക്ഷേത്രം നിലനിന്ന സ്ഥലം, വൈഷ്ണവരുടെ തിരുക്കടൽമലൈ ആയിരുന്നുവെന്നാണ് വിവക്ഷ. കടൽത്തീരത്തെ ശിവക്ഷേത്രാവശിഷ്ടങ്ങൾ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെയും വിനോദസഞ്ചാരികളുടെയും 'ഷോർ ടെമ്പിളാ"യി നിലകൊള്ളുന്നു. ഒന്നാം നൂറ്റാണ്ടിലെ നിയോലിത്തിക്ക് കാലഘട്ടത്തിലേതെന്നു കരുതുന്ന ശവപ്പെട്ടികൾ, ജാറുകൾ (ചാറ) തുടങ്ങിയവ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നാലാം നൂറ്റാണ്ടിലെ തിയോഡോഷ്യസിന്റെ കാലത്തെ ചൈനീസ്, റോമൻ നാണയങ്ങൾ ഇവിടെനിന്ന് കണ്ടെടുത്തത് വിദേശ വാണിജ്യ വ്യാപാര തുറമുഖമായിരുന്നു ഇതെന്ന പ്രാധാന്യം അടിവരയിട്ട് ഉറപ്പിക്കുന്നു.
ഇപ്പോഴുളള മാമല്ലപുരത്തിന്റെ ടൗൺ പ്ലാൻ 1827-ൽ ബ്രിട്ടീഷുകാർ രുപം നൽകിയതാണ്. മാർക്കോ പോളോ എന്ന വിദേശസഞ്ചാരിയുടെ യാത്രാ കാലത്ത് നാവികരുടെ ഇടയിൽ ഈ നഗരം ഏഴ് പഗോഡകളുടെ നഗരമായാണ് അറിഞ്ഞിരുന്നത്. കാഞ്ചീപുരം മുതൽ മഹാബലിപുരം വരെ പല്ലവ രാജവംശം ഭരിച്ചിരുന്നതായാണ് ചരിത്ര രേഖകൾ. അന്ന് രാജ്യ തലസ്ഥാനം കാഞ്ചീപുരമായിരുന്നു. മാമല്ലപുരം തുറമുഖത്തെത്തുന്ന കപ്പലുകളെ തീരത്തോട് അടുപ്പിക്കുവാനും, ചരക്കുകൾ ഇറക്കുവാനും വലിയ കൊമ്പനാനകളെ ഉപയോഗിച്ചിരുന്നു.
ആഴക്കടലിൽ മുങ്ങിപ്പോയവയും, പല്ലവ രാജവംശത്തിന്റെ തിരുശേഷിപ്പുകളുമായ പാറക്കൂട്ടങ്ങളിലെ ശില്പചാതുരി വീണ്ടെടുക്കുന്നതിൽ പുതുതലമുറയ്ക്ക് പരിശീലനം നൽകുവാൻ 1957-ൽ തമിഴ്നാട് സർക്കാർ ശില്പനിർമ്മിതിക്ക് കോളജ് ഒഫ് ആർക്കിടെക്ചർ സ്ഥാപിച്ചു. ഫലമോ, മാമല്ലപുരത്തിനുചുറ്റും പാറ കിട്ടിയാൽ ശില്പമാകുന്ന അവസ്ഥയും!
1984-ൽ, 42 വർഷങ്ങൾക്കുമുൻപ് യുനസ്‌കോ ഏഴ് - എട്ട് നൂറ്റാണ്ടുകളിലെ ഹൈന്ദവ സ്തംഭങ്ങളെ ലോക പാരമ്പര്യ സൈറ്റുകളിൽ ഉൾപ്പെടുത്തി. 630- 688ൽ നിർമ്മിച്ച ഒറ്റക്കല്ലിൽ തീർത്ത പഞ്ചരഥങ്ങൾ, വിഹാര മണ്ഡപങ്ങൾ, മണ്ഡപങ്ങളുടെ മച്ചുകൾ, മഹാഭാരത ചിത്രീകരണങ്ങൾ, ആറാം നൂറ്റാണ്ടിനും അതിനു മുൻപുമുള്ള ഗുഹാ ക്ഷേത്രങ്ങൾ, കല്ലിൽ തീർത്ത ശിവ, വിഷ്ണു ക്ഷേത്രങ്ങൾ, അർജ്ജുന പ്രായശ്ചിത്തം, ഭീമൻ, യുധിഷ്ഠിരൻ, നകുലൻ, സഹദേവൻ എന്നിവരുടെ പേരിലെ പഞ്ചരഥ ശില്പങ്ങൾ, ഏഴാം നൂറ്റാണ്ടിലെ വരാഹ, ആദിവരാഹം, കൃഷ്ണൻ, മഹിഷാസുര മർദ്ദിനി, രാമാനുജൻ, ധർമ്മരാജ, കോണേരി, പഞ്ചപാണ്ഡവന്മാർ എന്നിവരുടെ പേരിലെ ഗുഹാക്ഷേത്രങ്ങളും പ്രതിമകളും, ദ്രൗപദി കുളിച്ച കൽക്കിണർ, കൃഷ്ണൻ കളിക്കോപ്പായി ഉപയോഗിച്ച ബട്ടർബാൾ, വിഷ്ണുവിന് സമർപ്പിച്ച തിരുക്കടൽമലൈ എന്നിവയാണ് മാമല്ലപുരത്തിന്റെ മഹനീയ തിരുശേഷിപ്പുകൾ.
തീരക്ഷേത്ര പാറയിലെ റിലീഫുകൾ മുപ്പതു മീറ്റർ നീളവും 14 മീറ്റർ ഉയരവുമുള്ളവയാണെന്നത് ശില്പചാതുരിയുടെ മകുടോദാഹരണങ്ങൾ. തീരക്ഷേത്രത്തിന്റെ മതിലിൽ ചെറുതും വലുതുമായ നൂറ്റിയെട്ടിൽപ്പരം നന്ദിവിഗ്രഹങ്ങളുണ്ട്. അകത്തു കടന്നാൽ ശിവലിംഗമാണ് ഗർഭഗൃഹത്തിൽ. ഇടനാഴി കടന്ന് അകത്തേക്കു ചെന്നാൽ സത്രിയസിംനേശ്വരനും പുറത്തേക്ക് മുഖം നോക്കി വിഷ്ണു ക്ഷേത്രവും, സിംഹ വാഹനത്തിൽ ഉപവിഷ്ടയായി ദുർഗാദേവിയും നിലകൊള്ളുന്നു. രണ്ടായിരം വർഷം പഴക്കമുള്ള തമിഴ്ബ്രാഹ്മി ലിഖിതങ്ങൾ ഈജിപ്തിലെ തീബ്സിൽ നിന്ന് ഈയിടെ കണ്ടെത്തിയതും തമിഴ്നാട്ടിലെ മാമല്ലപുരം തുറമുഖത്തിന് വിദേശ രാജ്യങ്ങളുമായുണ്ടായിരുന്ന വ്യാപാരബന്ധത്തിന് അടിവരയിടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |