
തമിഴ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ് സംവിധായകൻ മനു ആനന്ദ്. വിഷ്ണു വിശാൽ നായകനായ 'എഫ്. ഐ.ആർ' ആണ് തുടക്കം കുറിച്ചത്. 'മിസ്റ്റർ എക്സ് " എന്ന സിനിമയുമായി മനു ആനന്ദ് വീണ്ടും എത്തി. മഞ്ജു വാര്യർ, ആര്യ, ഗൗതം കാർത്തിക് എന്നിവർ കേന്ദ്രകഥാപാത്രമാകുന്ന 'മിസ്റ്റർ എക്സ് "വേറിട്ട കാഴ്ചാനുഭവം സമ്മാനിക്കുന്നു. അടുത്ത ആഴ്ച കേരളത്തിൽ റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലത്തിൽ മനു ആനന്ദ് മനസ് തുറക്കുന്നു.
മിസ്റ്റർ എക്സിൽ നിന്ന് പ്രേക്ഷകർക്ക് എന്ത് പ്രതീക്ഷിക്കാം ?
'മിസ്റ്റർ എക്സ് "ഒരു സ്പൈ ജോണർ എഡ്ജ് ഒഫ് ദ സീറ്റ് സിനിമയാണ്.പ്രേക്ഷകർക്ക് ആക്ഷൻ ത്രില്ലർ സിനിമയായി പ്രതീക്ഷിക്കാം. ഇന്ത്യയിൽ 1965 മുതൽ 2022 വരെ വർഷങ്ങളിൽ നടന്ന 7 സംഭവങ്ങളെ കുറിച്ച് 'മിസ്റ്റർ എക്സ് "പറയുന്നു . 'മിസ്റ്രർ എക്സ് "എന്നത് സ്പൈയുടെ കോഡ് നെയിമാണ് .അതിനാലാണ് ടൈറ്രിൽ ആയി സ്വീകരിച്ചത്.
ആര്യ, ഗൗതം കാർത്തിക് എന്നിവരോടൊപ്പം ആക്ഷൻ ലേഡിയായി മഞ്ജു വാര്യർ എങ്ങനെ എത്തി ?
ആദ്യംതന്നെ ആര്യയെയും ഗൗതം കാർത്തികിനെയും കാസ്റ്റ് ചെയ്തിരുന്നു. ഇതിലെ വളരെ ശക്തമായ സ്ത്രീ കഥാപാത്രം ആരെ മനസിൽ കണ്ട് എഴുതിയതെന്ന് നിർമ്മാതാവ് ലക്ഷ്മൺ കുമാർ ചോദിച്ചു. ആരെയും മനസിൽ കണ്ടില്ലെന്നും ഏറ്റവും മികച്ചത് മഞ്ജുവാര്യർ ആണെന്ന് പറഞ്ഞു. അദ്ദേഹം ഉടൻ തന്നെ മഞ്ജു വാര്യരുടെ അപ്പോയ്മെന്റ് എടുത്തുതന്നു. കൊച്ചിയിൽ എത്തി മഞ്ജുവിനോട് കഥ പറഞ്ഞു. മൂന്ന് സിറ്റിംഗ് കഴിഞ്ഞ് ഏകദേശം രണ്ടര മൂന്ന് മാസം കഴിഞ്ഞ് ഈ കഥയെ കുറിച്ച് നന്നായി പഠിച്ചതിന് ശേഷമാണ് മഞ്ജു ഒകെ പറയുന്നത്.
എഫ്.ഐ.ആർ കണ്ട് ത്രില്ലടിച്ചവർക്ക് മനു ആനന്ദ് മലയാളി ആണെന്ന് അറിയില്ല ?
അധികം പേർക്കും അറിയില്ല. കൊട്ടാരക്കര വാളകം ആണ് നാട് . അച്ഛന് ചെന്നൈയിലായിരുന്നു ജോലി.അതിനാൽ വളർന്നതെല്ലാം അവിടെയാണ്. തമിഴും മലയാളവും നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാം. ചെന്നൈയിലായതിനാൽ തമിഴ് സിനിമകൾ കൂടുതലായി കണ്ടു. സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിച്ചില്ല. ഓസ്ട്രേലിയയിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുമ്പോൾ സിനിമ ഒരു ഹോബിയായി എടുക്കണമെന്ന് തോന്നി . ഷോർട്ട് ഫിലിംസും ഡോക്യുമെന്ററികളും ചെയ്തു. പഠനം കഴിഞ്ഞ് ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ജോലി ചെയ്യുകയും അവിടെ സ്ഥിര താമസമാക്കുകയും ചെയ്തു. എന്നാൽ ഡോക്യുമെന്ററിക്ക് അവാർഡ് ലഭിച്ചപ്പോൾ സിനിമ ഫുൾടൈം ആക്കണമെന്ന് തോന്നി. ജോലി രാജിവച്ച് ചെന്നൈയിലെത്തി. സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ അസിസ്റ്റന്റായും അസോസിയേറ്റായും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും ജോലി ചെയ്തതിന് ശേഷമാണ് എഫ്.ഐ.ആറിലേക്കും മിസ്റ്റർ എക്സിലേക്കും എത്തുന്നത്.
ഗൗതം മേനോന്റെ അടുത്ത് എങ്ങനെ എത്തി ചേർന്നു ?
കുടുംബത്തിൽ ആർക്കും സിനിമാ ബന്ധമില്ല. ഗൗതം സാറിന്റെ ഓഫീസ് വിലാസത്തിൽ മെൽബനിൽ നിന്ന് കത്തയച്ചു. മറുപടിയൊന്നും ലഭിച്ചില്ലെങ്കിലും പ്രതീക്ഷ ഉപേക്ഷിച്ചില്ല. ഗൗതം സാറിന്റെ മൂന്ന് നാല് ഓഫീസുകളുടെ നമ്പർ വീണ്ടും സംഘടിപ്പിച്ചു. അവസാനം ഒരു നമ്പറിലേക്ക് വിളിച്ചപ്പോൾ ഒരു സ്ത്രീ ഫോൺ എടുത്തു. മെൽബനിൽ നിന്ന് വന്നതാണെന്നും സാറിനെ കാണാൻ അപ്പോയ്മെന്റ് സ്ഘടിപ്പിക്കാൻ കഴിയുമോ എന്ന് ചോദിച്ചു. അപ്പോഴാണ് ഞാൻ അയയ്ക്കുന്ന കത്തുകൾ ഗൗതം സാർ വായിക്കാറുണ്ടായിരുന്നെന്ന് ആ സ്ത്രീ പറയുന്നത്. അടുത്ത ദിവസം കാണാൻ അവസരം ലഭിച്ചു. കരിയറിൽ കൈത്താങ്ങ് അമ്മ സരള ആനന്ദും ഭാര്യ ഹേമലതയുമാണ്. വീണുപോയ ഇടങ്ങളിലൊക്കെ ഭാര്യയാണ് ധൈര്യം തന്ന് മുന്നോട്ട് പോകാൻ കരുത്ത് തന്നത്. ഞങ്ങൾ ചെന്നൈയിൽ ആണ് സ്ഥിര താമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |