SignIn
Kerala Kaumudi Online
Wednesday, 16 September 2026 4.17 AM IST

ശൈലജ കഠിനാദ്ധ്വാനിയെന്ന് മുല്ലപ്പള്ളി

kk

തിരുവനന്തപുരം.സ്വന്തം പരിമിതികൾക്കുള്ളിൽ നിന്നാണെങ്കിലും സദാസമയവും കഠിനാദ്ധ്വാനിയായ മന്ത്രിയാണ് കെ.കെ.ശൈലജയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

" ശൈലജയുമായും കുടുംബവുമായും ദീർഘവർഷത്തെ സൗഹൃദമുണ്ട്. സഹോദരിയായിട്ടേ എന്നും കണ്ടിട്ടുള്ളൂ. തിരിച്ചും സ്നേഹ ബഹുമാനത്തോടെ മാത്രമേ അവർ പെരുമാറിയിട്ടുമുള്ളൂ. അവരെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ല. എന്നാൽ രാഷ്ട്രീയമായി പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. തികച്ചും ആകസ്മികമായി, നർമ്മത്തോടെ സരസമായി പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് വിവാദമാക്കാനാണ് ചിലർ ശ്രമിച്ചത്."-മുല്ലപ്പള്ളി പറ‌ഞ്ഞു. കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിപയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളിൽ ഞാൻ ചുക്കാൻ പിടിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതിപക്ഷ നേതാവും ലീഗ് നേതാവ് എം.കെ.മുനീറും പറ‌ഞ്ഞ കാര്യങ്ങൾക്ക് അനുബന്ധമായി സംസാരിച്ചപ്പോഴാണ് ഈ പരാമർശമുണ്ടായത്. ദുരന്തത്തെപ്പോലും രാഷ്ട്രീയമായി ഉപയോഗിക്കാൻ സി.പി.എം ശ്രമിക്കുന്നുവെന്നാണ് മുനീർ പറ‌ഞ്ഞത്. നിപയെ പ്രതിരോധിച്ചത് ആരോഗ്യ പ്രവർത്തകരുടെ മിടുക്കായിരുന്നു. മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ആരോഗ്യമന്ത്രിയോ എക്സൈസ് മന്ത്രിയോ ട്രാൻസ്പോർട്ട് മന്ത്രിയോ അവിടേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. അതാണ് ഞാൻ പറഞ്ഞത്. അവർ മോണിട്ടർ ചെയ്തിട്ടുണ്ടാവാം. പക്ഷേ ജനങ്ങൾക്ക് ആത്മവിശ്വാസം പകരാൻ അവിടെയെത്തിയിരുന്നില്ല.

കൊവിഡ് ഉണ്ടാകുന്നതിനു മുമ്പും ജനങ്ങളെ ആകർഷിക്കും വിധം നല്ല രീതിയിൽ പെരുമാറുന്ന മന്ത്രിയാണ് ശൈലജ. ഒന്നുമല്ലെങ്കിലും ഹൃദ്യമായി ചിരിക്കാൻ അറിയാം. ചിരിക്കാത്ത ധാർഷ്ട്യമുള്ള നേതാക്കളാണ് സി.പി.എമ്മിൽ കൂടുതൽ.

റോക്ക് സ്റ്റാറിന്റെ അർത്ഥം അറിയാത്ത ആളൊന്നുമല്ല താൻ. അടുത്ത ദിവസത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി റോക്കിംഗ് സ്റ്റാർ എന്ന് തെറ്റായി പറഞ്ഞതിനെ കുറിച്ച് ചോദിക്കാൻ ഒരു പത്രലേഖകനും തയ്യാറായില്ല.

ശൈലജയെ നോക്കുകുത്തിയാക്കി

മുഖ്യമന്ത്രി ശൈലജയെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. പത്രസമ്മേളനത്തിൽ തടവുകാരിയാക്കി. ശബ്ദിക്കാൻ അവകാശമില്ല. ആരോഗ്യ മന്ത്രിയെന്ന നിലയിൽ ശൈലജയ്ക്ക് കാര്യങ്ങൾ നന്നായി വിശദീകരിക്കാൻ കഴിയുമായിരുന്നു. അതിനവസരം നൽകാത്തത് മുഖ്യമന്ത്രിയുടെ ഉപജാപക സംഘത്തിന്റെ ഗൂഢാലോചനയാണ്.

ഒറ്റപ്പെടുത്താമെന്ന് വിചാരിക്കേണ്ട

വിവാദം വളർത്തിയതിനു പിന്നിൽ സ്വന്തം പാർട്ടിക്കാരുണ്ടോയെന്നും, ഒറ്റപ്പെടുത്താൻ നീക്കമുണ്ടോയെന്നുമുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു." എന്നെ ഒറ്റപ്പെടുത്താൻ ഇതിനു മുമ്പും ശ്രമമുണ്ടായിട്ടുണ്ട്. ഒറ്റപ്പെടുത്താമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അവർക്ക് തെറ്റിപ്പോയി."

യു.ഡി.എഫ് തിരിച്ചുവരും

പിണറായിയുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നു. സ്നേഹ ബഹുമാനത്തോടെ പരസ്പരം ഇടപെട്ടിരുന്നു. ടി.പി.ചന്ദ്രശേഖരന്റെ വധത്തെ തുടർന്നാണ് അഭിപ്രായ വ്യത്യാസമുണ്ടായത്. ഇപ്പോൾ സംസാരിക്കുന്ന സാഹചര്യത്തിലല്ല. കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചുവരും. കേരളം കണ്ട ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയാണ് പിണറായിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.

അഭിമുഖത്തിന്റെ പൂർണരൂപം കൗമുദി ടിവി ഇന്ന് രാത്രി 8ന് സംപ്രേഷണം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MULLAPPALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA