SignIn
Kerala Kaumudi Online
Sunday, 14 June 2026 2.18 PM IST

ചന്ദ്രനിലേക്ക് വീണ്ടു മനുഷ്യരെ അയയ്ക്കാൻ യു.എസ്. ദൗത്യത്തിനൊരുങ്ങി സ്‌പേസ് എക്സ് പേടകം

moon

വാഷിങ്ടൺ: ഇലോൺ മസ്‌കിന്റെ നിയന്ത്രണത്തിലുള്ള സ്‌പേസ് എക്സ് പേടകം വഴി മനുഷ്യനെ ചന്ദ്രനിലെത്തിക്കാനൊരുങ്ങി യുഎസ്. 1972നു ശേഷം ഇതാദ്യമായാണ് യുഎസ് മനുഷ്യനെ ചന്ദ്രനിലേയ്ക്ക് അയക്കുന്ന ദൗത്യത്തിനായി തയ്യാറെടുക്കുന്നത്. ദക്ഷിണ ടെക്സസിലുള്ള കേന്ദ്രത്തിൽ പരീക്ഷണം നടത്തുന്ന സ്റ്റാർഷിപ് പേടകമാണ് ഇതിനായി ഉപയോഗിക്കുന്നതെന്നാണ് വിവരം. 2.9 ബില്യൺ ഡോളറിന്റെ കരാറാണ് നാസ സ്‌പേസ്എക്സുമായി ഒപ്പിട്ടത്. സ്‌പേസ്എക്സിന് പദ്ധതിയുടെ ചുമതല നൽകുന്നതിൽ സന്തോഷമുണ്ടെന്ന് നാസ ഹ്യൂമൻ ലാൻഡിങ് സിസ്റ്റം പ്രോഗ്രാം മാനേജർ ലിസ വാട്സൺ മോർഗൺ അറിയിച്ചു. ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ, ഡൈനറ്റിക്സ് എന്നീ സ്ഥാപനങ്ങളെ പിന്തള്ളിയാണ് സ്‌പേസ്എക്സ് കരാർ സ്വന്തമാക്കിയത്.2002ൽ ഇലോൺ മസ്‌ക് സ്ഥാപിച്ച സ്‌പേസ് എക്സ് ചൊവ്വയിൽ മനുഷ്യർക്ക് സ്ഥിരതാമസത്തിനായി കോളനി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട കമ്പനിയാണ്.
കഴിഞ്ഞ വർഷം സ്‌പേസ് എക്സ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് സഞ്ചാരികളെ എത്തിച്ചിരുന്നു. ചന്ദ്രനിൽ മനുഷ്യരെ ഇറക്കാനായി സ്‌പേസ്എക്സ് തങ്ങളുടെ പുതിയ പദ്ധതിയായ സ്റ്റാർഷിപ് ആണ് ഉപയോഗിക്കുക. മനുഷ്യരെയും മറ്റു വസ്തുക്കളെയും വഹിക്കുന്ന പേടകം പലവട്ടം ഉപയോഗിക്കാമെന്ന നേട്ടവുമുണ്ട്.

1972ൽ അപ്പോളോ ദൗത്യത്തിന്റെ ഭാഗമായാണ് മനുഷ്യൻ അവസാനമായി ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങിയത്. ഇക്കുറി ചന്ദ്രന്റെ ഉപരിതലത്തിൽ ഒരു സ്‌പേസ് സ്റ്റേഷൻ സ്ഥാപിക്കാനും സ്ഥിരം സാന്നിധ്യം അറിയിക്കാനുമാണ് യുഎസ് പദ്ധതിയിടുന്നത്. ചൊവ്വയിലേയ്ക്ക് മനുഷ്യരെ അയയ്ക്കുന്നതിനു മന്നോടിയായി നിരവധി പരീക്ഷണങ്ങളും ഇവിടെ നടത്തും.

ചന്ദ്രയാത്രയ്ക്കായുള്ള പുതിയ നാസ പദ്ധതി ആർട്ടമിസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓറിയോൺ എന്ന ക്യാപ്സൂളിൽ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റ് ഉപയോഗിച്ച് നാല് സഞ്ചാരികളെ അയയ്ക്കാനാണ് പദ്ധതി. ചന്ദ്രനെ ചുറ്റുന്ന സ്‌പേസ് സ്റ്റേഷനിലേയ്ക്ക് മടങ്ങുന്നതിനു മുൻപായി സഞ്ചാരികൾ ഒരാഴ്ചയോളം ചന്ദ്രനിൽ ചെലവഴിക്കും. തുടർന്ന് ഓറിയോൺ പേടകത്തിന്റെ സഹായത്തോടെ ഭൂമിയിൽ തിരിച്ചെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360