SignIn
Kerala Kaumudi Online
Sunday, 20 September 2026 5.01 AM IST

ആരോഗ്യ സർവകലാശാല പരീക്ഷ : കൊവിഡ് പരിശോധന നിർബന്ധം

health-uni

തിരുവനന്തപുരം : ആരോഗ്യസർവകലാശാല പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആന്റിജൻ പരിശോധന നിർബന്ധമാക്കാനും അതനുസരിച്ച് ഇരിപ്പിടങ്ങൾ ക്രമീകരിക്കാനും മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. പരീക്ഷകൾ ഈ മാസം 21നാണ് തുടങ്ങുന്നത്. ഫലം നെഗറ്റീവായ വിദ്യാർത്ഥികളെ മാത്രം പ്രധാന ഹാളിലിരുത്തും. പോസിറ്റീവായവർക്ക് സുരക്ഷാ ക്രമീകരണങ്ങളുള്ള മറ്റൊരു ഹാൾ ഉണ്ട്. രണ്ട് മീറ്റർ അകലത്തിലാണ് ഇരിപ്പിടങ്ങൾ. പോസിറ്റീവായവരെ തിയറി എഴുതാൻ അനുവദിക്കുമെങ്കിലും പ്രാക്‌ടിക്കലിൽ ഉടൻ അനുവദിക്കില്ല. ഇവർ 17 ദിവസത്തിന് ശേഷം പ്രിൻസിപ്പലിനെ വിവരം അറിയിക്കണം. ഇവർക്ക് പ്രത്യേകമായി പ്രാക്ടിക്കൽ പരീക്ഷ നടത്തും. രോഗ ലക്ഷണമുള്ളവരിൽ ആന്റിജൻ പരിശോധന നെഗറ്റീവാണെങ്കിൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തി ഉറപ്പാക്കണം. ലക്ഷണങ്ങൾ ഇല്ലാത്തവർ ആന്റിജൻ പരിശോധന മാത്രം നടത്തിയാൽ മതി.

മറ്റു തീരുമാനങ്ങൾ

ഹോസ്റ്റലിൽ എത്തേണ്ടവർ നേരത്തെ കൊവിഡ് പരിശോധന നടത്തി വരണം.

ഹോസ്റ്റൽ വിദ്യാർത്ഥികളും വീട്ടിൽ നിന്ന് വരുന്നവരും തമ്മിൽ ഇടപഴകരുത്.

പരീക്ഷാ സ്ഥാപനങ്ങൾ കണ്ടെയിൻമെന്റ് സോണിലാണെങ്കിൽ ഉടൻ സർവകലാശാലയെ അറിയിക്കണം. ആ സ്ഥാപനങ്ങൾക്ക് പ്രത്യേക അനുമതി നൽകും.

കണ്ടെയിൻമെന്റ് സോണിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകും.

പൊതുഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ വാഹനം കോളേജ് ഒരുക്കണം.

നേരിട്ടുള്ള ക്ലാസുകൾ ഒന്നിന്

കൊവിഡ് സാഹചര്യം വിലയിരുത്തി ജൂലൈ ഒന്നോടെ ആരോഗ്യ സർവകലാശാലയിൽ പ്രാക്ടിക്കൽ, ക്ലിനിക്കൽ ക്ലാസുകൾ ആരംഭിക്കാൻ ആലോചന. ആദ്യം അവസാന വർഷ ക്ലാസുകളായിരിക്കും ആരംഭിക്കുക. അത് വിലയിരുത്തി ക്രമേണ മറ്റ് ക്ലാസുകളും തുടങ്ങും. തിയറി ക്ലാസുകൾ കോളേജ് തുറന്നാലും ഓൺലൈനായി തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA