SignIn
Kerala Kaumudi Online
Monday, 05 October 2026 5.00 AM IST

എല്ലാ ഫോണുകളും ചോർത്തി, അമിത് ഷാ രാജിവയ്ക്കണം: രാഹുൽ

rahul-gandhi

ന്യൂഡൽഹി: പെഗസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തന്റെ എല്ലാ ഫോണുകളും ചോർത്തിയെന്നും ഇത് രാജ്യദ്രോഹമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

ഫോൺ കോളുകൾ കേന്ദ്ര ഏജൻസികൾ സ്ഥിരമായി ചോർത്താറുണ്ട്. അത് പുതിയ കാര്യമല്ല. ഒന്നല്ല, എല്ലാ ഫോണുകളും ചോർത്താറുണ്ടെന്ന വിവരം ഇന്റലിജൻസുകാർ അറിയിക്കാറുണ്ട്. ഞാൻ പറയുന്നതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളും സെക്യൂരിറ്റി ഉദ്യോഗസ്ഥർ രേഖപ്പെടുത്തി സീനിയർമാർക്ക് വിവരിച്ചു കൊടുക്കും. പക്ഷേ,ഞാൻ തെറ്റു ചെയ്യാത്തതുകൊണ്ട് ആരെയും പേടിക്കാനില്ല.

ഇസ്രായേലിൽ ഭീകരവിരുദ്ധ ഓപ്പറേഷന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണ് ഇന്ത്യയിൽ രാജ്യത്തിനും വിവിധ സ്ഥാപനങ്ങൾക്കുമെതിരെ പ്രയോഗിച്ചത്. സർക്കാരിന് നേരിട്ട് വിറ്റ സോഫ്റ്റ്‌വെയറിനെക്കുറിച്ച് ഏറ്റവും കുറഞ്ഞത് ആഭ്യന്തരമന്ത്രിക്കെങ്കിലും അറിവുണ്ടാകാതെ തരമില്ല. പ്രധാനമന്ത്രിയും അറിഞ്ഞിരിക്കും. റാഫേൽ ഇടപാടിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞതുപോലെ പെഗസസ് സർക്കാരും സർക്കാരും തമ്മിലുള്ള ഇടപാടാണ്.

കർണാടകയിൽ രാഷ്‌ട്രീയ ലാഭത്തിനാണ് ഉപയോഗിച്ചത്. ചില അന്വേഷണങ്ങൾ അട്ടിമറിക്കാൻ സുപ്രീംകോടതിക്കെതിരെയും പ്രയോഗിച്ചു. ഇതിനെ രാജ്യദ്രോഹമെന്നാണ് പറയേണ്ടത്.

റാഫേൽ വിമാന ഇടപാടിലെ ഓഫ്സെറ്റ് പങ്കാളിയായ വ്യവസായിയുടെ ഫോണും ചോർത്തി. റാഫേൽ ഇടപാടിൽ കള്ളക്കളി നടന്നതിന്റെ തെളിവാണിത്. കൂടുതൽ സത്യങ്ങൾ ഫ്രാൻസിൽ നടക്കുന്ന അന്വേഷണത്തിൽ പുറത്തുവരും. മുൻ സി.ബി.ഐ ഡയറക്ടർ ഒരു കേസിലെ നടപടികളുമായി മുന്നോട്ടുപോയപ്പോഴാണ് ഫോൺ ചോർത്തിയത്. രാജ്യത്ത് എല്ലാവരും ഭീഷണിയിലാണെന്നും രാഹുൽ പറഞ്ഞു.

 അനിൽ അംബാനിയുടെ ഫോണും ചോർത്തി

പെഗസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ ജീവനക്കാരൻ ടോണി ജെസൂദൻ, റാഫേൽ യുദ്ധവിമാന നിർമ്മാതാക്കളായ ദസോയുടെ ഇന്ത്യൻ പ്രതിനിധി വെങ്കിട റാവു പോസിന തുടങ്ങിയവരുടെ ഫോൺ നമ്പരുകളും ചോർത്തിയെന്ന് റിപ്പോർട്ട്. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ട 2018ലാണിത്. പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുന്ന സാബ് ഇന്ത്യാ ലിമിറ്റഡ് മേധാവി ഇന്ദ്രജിത് സിയാൽ, ബോയിംഗ് വിമാനക്കമ്പനിയുടെ ഇന്ത്യൻ മേധാവി പ്രത്യൂഷ് കുമാർ തുടങ്ങിയവരുടെ ഫോൺ നമ്പരുകളും ചോർത്തപ്പെട്ടവയുടെ പട്ടികയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, RAHUL GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360