SignIn
Kerala Kaumudi Online
Thursday, 02 July 2026 3.21 AM IST

അപകടത്തിൽപ്പെട്ടയാളെ ഉപേക്ഷിച്ച് ബന്ധു മുങ്ങി, ​ എട്ട് മണിക്കൂർ ചികിത്സകിട്ടാതെ യുവാവിന് തെരുവിൽ ദാരുണാന്ത്യം

vvv

കോട്ടയം: ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ അർദ്ധരാത്രി അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയിൽ നിന്ന് ബന്ധുവായ സഹയാത്രികൻ ഉപേക്ഷിച്ചു പോയ അപസ്മാര രോഗിക്ക് ചികിത്സകിട്ടാതെ ദാരുണാന്ത്യം. അതിരമ്പുഴ പുത്തൻപറമ്പിൽ ആർ. ബിനുമോനാണ് (36) എട്ടു മണിക്കൂർ ചികിത്സ ലഭിക്കാതെ മരിച്ചത്. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ ബിനുമോനെ ഉപേക്ഷിച്ച് പോയ ബന്ധു രാജേഷിനെ (നൗഫൽ)​ പൊലീസ് കസ്റ്റഡിയിലെടുത്ത് മൊഴിയെടുത്ത ശേഷം വിട്ടയച്ചു.

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്ന് അമ്പത് മീറ്റർ അകലെയാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രി അപകടമുണ്ടായത്. എന്നാൽ വിവരം പൊലീസറിഞ്ഞില്ല. ബിനുവും രാജേഷും മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പട്ടിത്താനത്തെ ബന്ധുവീട്ടിൽ രാത്രി ഇരുവരും എത്തിയിരുന്നതായി ബന്ധുക്കളും മൊഴി നൽകി.

 അപകടം ഇങ്ങനെ

പട്ടിത്താനം ഭാഗത്തേക്ക് പോയ ഓട്ടോ എം.സി റോഡിലെ ഫുട്പാത്തിൽ തട്ടിയാണ് മറിഞ്ഞത്. ഓട്ടോയ്‌ക്കടിയിൽപ്പെട്ട ബിനുവിനെ രാജേഷും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഓട്ടോ നേരെയാക്കി. ഇരുവരെയും സമീപത്തെ മൊബൈൽ കടയ്‌ക്ക് മുന്നിൽ ഇരുത്തിയ ശേഷം നാട്ടുകാർ മടങ്ങി. അതിനിടെ ബിനുവിനെ ഓട്ടോയിൽ കയറ്റാൻ ശ്രമിക്കുന്നതും രാജേഷിനെ ചവിട്ടുന്നതുമെല്ലാം മൊബൈൽ ഷോപ്പിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. തുടർന്ന് പുലർച്ചെ മൂന്നോടെ ബിനുവിനെ കടത്തിണ്ണയിൽ കിടത്തിയ ശേഷം ഓട്ടോയുമായി രാജേഷ് സ്ഥലം വിട്ടു. ഇതിന് ശേഷം ബിനു അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

രാവിലെ ബിനു അനക്കമില്ലാതെ കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് ഫയർഫോഴ്സിന്റെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. പരേതനായ രവിയാണ് വിനുവിന്റെ അച്ഛൻ. മാതാവ്: വിജി. സഹോദരി: ചിന്നു.

 ദേഷ്യപ്പെട്ടു, വഴിയിൽ ഉപേക്ഷിച്ചു

ഇന്നലെ അതിരമ്പുഴയിൽ നിന്നാണ് രാജേഷിനെ കസ്റ്റഡിയിലെടുത്തത്. ബിനുവാണ് വാഹനം ഓടിച്ചതെന്നും മഴയിൽ വണ്ടി തെന്നി മറിഞ്ഞെന്നുമാണ് രാജേഷിന്റെ മൊഴി. അമിതമായി മദ്യപിച്ചിരുന്നതിനാൽ പലതവണ ബിനു ദേഷ്യപ്പെട്ടു. ഇതേത്തുടർന്നാണ് ഉപേക്ഷിച്ച് പോയതെന്നും രാജേഷ് മൊഴി നൽകി.

'അസ്വാഭാവിക മരണത്തിനാണ് കേസ്. അപകടത്തിലേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞാൽ രാജേഷിനെതിരെ കേസെടുക്കും. സ്റ്റേഷന് സമീപമായിരുന്നെങ്കിലും ആരും അറിയിച്ചില്ല".

- സി.ആർ. രാജേഷ്,​ എറ്റുമാനൂർ എസ്.എച്ച്.ഒ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA