SignIn
Kerala Kaumudi Online
Friday, 18 September 2026 7.46 PM IST

കേന്ദ്രമന്ത്രിയുടെ ട്വിറ്ററിലും അഭിമാനം ഈ അച്ഛനും മകളും

petrol
പെട്രോൾപമ്പിന്റെ പശ്ചാത്തലത്തിൽ എസ്. രാജഗോപാലും മകൾ ആര്യാ രാജഗോപാലും

പയ്യന്നൂർ : പെട്രോൾപമ്പിലെ വിരസമായ ജീവിതത്തോട് പൊരുതുമ്പോഴും രാജഗോപാലിന്റെ മനസ് നിറയെ വലിയ സ്വപ്നങ്ങളായിരുന്നു. ഏക മകളെ പെട്രോ കെമിക്കൽ എൻജിനീയറാക്കണമെന്നായിരുന്നു പ്രാർത്ഥന.

ഇരുപത് വർഷത്തോളമായി പയ്യന്നൂരിലെ ഐ.ഒ.സി.എൽ പമ്പിലെ ജീവനക്കാരനായ കിഴക്കെ കൊവ്വൽ സ്വദേശിയായ എസ്. രാജഗോപാലിന്റെ മകൾ ആര്യാ രാജഗോപാൽ ഇന്ത്യയിലെ ഏറ്റവും ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ കാൺപൂൺ ഐ.ഐ.ടിയിൽ പെട്രോ കെമിക്കൽ എൻജീനീയറിംഗിന് എം.ടെക്കിന് പ്രവേശനം നേടിയപ്പോൾ നാടിനൊട്ടാകെ അഭിമാനനിമിഷമായി. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് എസ്.പുരി അടക്കമുള്ള പ്രമുഖരുടെ ട്വിറ്റർ അഭിനന്ദനം വേറെ.

കൊക്കാനിശേരി സെന്റ് മേരീസ് സ്കൂളിൽ നിന്നു ഫുൾ എ പ്ളസ് നേടി എസ്.എസ്.എൽ.സിയിലും കണ്ടങ്കാളിയിലെ ഷേണായി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ളസ് ടുവിലും ഉന്നത വിജയം നേടിയ ആര്യ അച്ഛൻ താഴേത്തട്ടിൽ ജോലി ചെയ്യുന്ന ഐ.ഒ.സി പോലുള്ള സ്ഥാപനത്തിന്റെ ഉന്നത ഉദ്യോഗത്തിലെത്തണമെന്ന ആഗ്രഹത്തിലായിരുന്നു. കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നു കെമിക്കൽ എൻജിനീയറിംഗിൽ മികച്ച സ്കോറോടെ വിജയം നേടിയതോടെ കാൺപൂർ ഐ.ഐ.ടിയായി പിന്നത്തെ ലക്ഷ്യം. അത്യദ്ധ്വാനവും ആത്മവിശ്വാസവും കൂടിയായപ്പോൾ ആര്യയുടെ സ്വപ്ന വഴി എളുപ്പമാകുകയായിരുന്നു. ഇപ്പോൾ മൂന്നാം സെമസ്റ്ററിനാണ് ആര്യ പഠിക്കുന്നത്.

കൊവിഡ് കാലത്തിനു ശേഷം അച്ഛനും അമ്മയും ചേർന്ന് കാൺപൂർ ഐ.ഐ.ടിയിൽ മകളെ എത്തിച്ച ശേഷം തിരിച്ചെത്തിയതോടെ സമൂഹമാദ്ധ്യമങ്ങളിൽ അച്ഛനും മകളും പെട്രോൾപമ്പിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രം വൈറലായി മാറുകയായിരുന്നു. ഐ.ഒ.സിയിലെ ജീവനക്കാരും ഉദ്യോഗസ്ഥരും മറ്റും ചേർന്ന് വെറുമൊരു കൗതുകത്തിന് ഒരു മാസം മുമ്പെടുത്തതായിരുന്നു ഈ ഫോട്ടോ.

ചെറുപ്പം മുതലെ അവളുടെ ആഗ്രഹം കെമിക്കൽ എൻജിനീയറാകുക എന്നതായിരുന്നു. അച്ഛൻ ജോലി ചെയ്യുന്ന കമ്പനിയിൽ തന്നെ വരണമെന്നും ആഗ്രഹം പ്രകടിപ്പിക്കാറുണ്ടായിരുന്നു. എം.ടെകിൽ ഉന്നതവിജയം നേടിയ ശേഷം അടുത്ത കാര്യങ്ങൾ തീരുമാനിക്കും

-എസ്. രാജഗോപാൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, PETROL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL