SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.52 PM IST

പറമ്പിക്കുളത്ത് നിന്നും വലിയ തോതിൽ വെള്ളമെത്തി, ചാലക്കുടിപ്പുഴ കരകവിഞ്ഞു

water
കോടശേരി കമ്മളത്ത് ഇരുനില വീട്ടിൽ വെള്ളം കയറിയ നിലയിൽ

നൂറിലധികം വീട്ടുകാർ ദുരിതാശ്വാസ ക്യാമ്പിൽ


ചാലക്കുടി: ഡാമുകളിൽ നിന്നും കൂടുതൽ വെള്ളം തുറന്ന് വിട്ടതിനെ തുടർന്ന് ചാലക്കുടിപ്പുഴ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നൂറിൽ ആധികം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പരിയാരം പഞ്ചായത്തിലെ മംഗലം കോളനിയിൽ നിന്നും മുൻകരുതൽ എന്ന നിലിയിൽ 18 വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കാഞ്ഞിരപ്പിള്ളിയിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് നാലും പരിയാരത്തെ കമ്മളത്ത് നിന്നും മൂന്ന് വീട്ടുകാരേയും ദുരിതാശ്വാസ കേന്ദ്രത്തിൽ എത്തിച്ചു. നഗരസഭാ പ്രദേശത്തെ കൂടപ്പുഴ കുട്ടാടംചിറ പാടത്ത് വെള്ളം കയറി ഒമ്പത് വീട്ടുകാരെ തൊട്ടടുത്ത എൻ.എസ്.എസ് ഹാളിലെത്തിച്ചു. വെട്ടുകടവ് ഭാഗത്തും ഇത്തരത്തിൽ മൂന്നു വീട്ടുകാരെ മാറ്റിയിട്ടുണ്ട്. മേലൂർ പഞ്ചായത്തിലെ നടത്തുരുത്ത് എരുമത്തടം കോളനിയിൽ നിന്ന് 35 വീട്ടുകാരെ മുരിങ്ങൂർ ഡിവൈൻ കേന്ദ്രത്തിലേക്ക് മാറ്റി. ശാന്തിപുരം കോളനിയിലെ മുപ്പത് വീട്ടുകാരേയും മാറ്റിയിട്ടുണ്ട്. മുൻ കരുതലെന്ന നിലയിലാണ് ഇവരെ മാറ്റുന്നതെന്ന് ചാലക്കുടി തഹസിൽദാർ ഇ.എൻ. രാജു പറഞ്ഞു.

കാഞ്ഞിരപ്പിള്ളിയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ചാലക്കുടി റെയിൽവെ അടിപ്പാതയിലും വെള്ളത്തിൽ മുങ്ങി. അതിരപ്പിള്ളിയിലെ കണ്ണംകുഴി തോട് കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറി. കാട്ടുപറമ്പിൽ ബാബുവിന്റെ വീട്ടിലേക്ക് വൻ തോതിലാണ് വെള്ളം ഇരച്ചെത്തിയത്. തുമ്പൂർമുഴി പാർക്കിലേക്കും വെള്ളമെത്തി. ചെറുവാളൂർ, വാളൂർ പാടശേഖരത്തിലും വെള്ളം ഉയർന്നു. ഇവിടെ റോഡ് സഞ്ചാരം സ്തംഭിച്ചു.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലും കനത്ത കുത്തൊഴുക്കാണ്. മുൻ കരുതൽ എന്ന നിലയിൽ വിനോദ സഞ്ചാരികളെ പ്രദേശങ്ങളിലേക്ക് വിടുന്നില്ല. പറമ്പിക്കുളത്ത് നിന്നും വലിയ തോതിൽ വെള്ളം ഒഴുകിയെത്തിയതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് പെരിങ്ങൽക്കുത്ത് ഡാമിന്റെ എമർജൻസി ഷട്ടർ തുറന്നത്. പിന്നീട് പറമ്പിക്കുളത്ത് നിന്നുള്ള ഒഴുക്ക് കുറഞ്ഞെങ്കിലും കനത്ത മഴ തുടരുന്നത് ആശങ്കക്കിടയാക്കുന്നു. എന്നാൽ ഉച്ചതിരിഞ്ഞ് പദ്ധതി പ്രദേശങ്ങളിൽ മഴയ്ക്ക് ശമനമുണ്ടായി.

ജില്ലാ കളക്ടർ ഹരിത വി.കുമാർ ചാലക്കുടിയിലെത്തി സ്ഥിതി ഗതികൾ വിലയിരുത്തി. പൊലീസിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നുണ്ട്. താലൂക്ക് ഓഫീസിൽ കൺട്രോൾ റൂമും തുറന്നു. ബെന്നി ബെഹന്നാൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ചാലക്കുടി നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി. ജോസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. സുനിത, ഡെന്നി വർഗീസ്, പ്രിൻസി ഫ്രാൻസീസ്, മായ ശിവദാസ് തുടങ്ങിയവർ ദുരിത പ്രദേശങ്ങളിലെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL