കാഞ്ഞിരപ്പള്ളി: രണ്ടു കിലോയോളം കഞ്ചാവുമായി നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ മൂന്നോടെ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷനിൽ നിന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പ്രതികളെ പിടികൂടിയത്. കാഞ്ഞിരപ്പള്ളി പട്ടിമറ്റം ചാവടിയിൽ അൽത്താഫ് നൂഹ് (24), മുണ്ടക്കയം കൂട്ടിക്കൽ കരിപ്പായിൽ ഇബ്രാഹിം റസാഖ് (21), പാറത്തോട് ഇടക്കുന്നം വലിയവീട്ടിൽ വി.ആർ. പ്രജിത്ത് (23), കൊക്കയാർ നാരകംപുഴ ആറ്റുപുറത്ത് അസുരവിത്ത് എന്ന് വിളിക്കുന്ന സിനാജ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിനാജ്, അൽത്താഫ് കഞ്ചാവ്, ബൈക്ക് മോഷണ കേസുകളിൽ പ്രതികളാണ്. തമിഴ്നാട് കമ്പത്ത് നിന്നും കൊണ്ടുവന്ന 1.920 കിലോ കഞ്ചാവും മുണ്ടക്കയത്തു നിന്ന് വാടകയ്ക്കെടുത്ത കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളിയുടെ വിവിധ പ്രദേശങ്ങളിൽ വിൽക്കാനായിട്ടാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |