SignIn
Kerala Kaumudi Online
Friday, 18 September 2026 3.32 AM IST

അന്യസംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി, ഒരാൾ കൊല്ലപ്പെട്ടു

majaar

മൂന്നുപേർ കസ്റ്റഡിയിൽ

ഹരിപ്പാട് : ആറാട്ടുപുഴയിൽ മദ്യലഹരിയിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും ഒരാൾ കൊല്ലപ്പെട്ടു. പശ്ചിമബംഗാൾ മാൾഡാ സ്വദേശി മഞ്ജാർ ഷേയ്ഖാണ് (24) മരിച്ചത്. ആറാട്ടുപുഴ കള്ളിക്കാടിന് സമീപം ബോട്ട് യാർഡിനോട് ചേർന്നുള്ള ഷെഡിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരായ മഞ്ജാർഷേയ്ഖുൾപ്പെട്ട സംഘം ഏതാനും ദിവസം മുമ്പാണ് കള്ളിക്കാടെത്തിയത്. വീട് തരപ്പെടുംവരെ തൽക്കാലം താമസിക്കാൻ സമീപത്തെ ഷെഡ് താവളമാക്കി. ഇന്നലെ രാവിലെ ബോട്ട് യാർഡിലെത്തിയവർ ഷെഡ് അടച്ചിരിക്കുന്നതും അന്യസംസ്ഥാന തൊഴിലാളികളെ കാണാത്തതും കാരണം നടത്തിയ അന്വേഷണത്തിലാണ് ഉള്ളിൽ ഒരാൾ തലയിലും മുഖത്തും രക്തംവാർന്ന നിലയിൽ കിടക്കുന്നത് കണ്ടത്. പരിസരവാസികളും പഞ്ചായത്തംഗവും അറിയിച്ചതനുസരിച്ച് തൃക്കുന്നപ്പുഴ പൊലീസെത്തി നടത്തിയ പരിശോധനയിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാടുവിടാനായി കായംകുളത്തേക്ക് കടന്ന സംഘത്തിൽപ്പെട്ട മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. മാൾഡ സ്വദേശികളായ എസ്.കെ.മനിറുൾ (27), റാക്കിബ് ഷെയ്ക് (25), സിറാജുദ്ദീൻ ഷെയ്ക്ക് (26) എന്നിവരാണ് പിടിയിലായത്. രണ്ടുപേരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.

ബുധനാഴ്ച രാത്രി ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ മഞ്ജാർഷേയ്ഖുമായുണ്ടായ വാക്കേറ്റമാണ് കൈയാങ്കളിയിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മഞ്ജാർഷേയ്ഖിന്റെ തലയ്ക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും പരിക്കുണ്ട്. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുപ്പുകളും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കായംകുളം ഡിവൈ.എസ്.പി രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിൽ ഹരിപ്പാട് സി.ഐയുടെ മേൽനോട്ടത്തിൽ തൃക്കുന്നപ്പുഴ എസ്.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY