കൊച്ചി: പാലാരിവട്ടത്ത് അന്യസംസ്ഥാനക്കാരായ സ്‌ത്രീകളെ ഭീഷണിപ്പെടുത്തി വിവസ്‌ത്രരാക്കി കവർച്ച നടത്തിയ കേസിൽ പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചതായി വിവരം. കവർച്ചാ സംഘത്തിൽ മോഷണക്കേസിൽ പ്രതിയായ ഒരാൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മാത്രമല്ല, സംഘത്തിലെ രണ്ടുപേർ ഒഴികെയുള്ളവർ മലയാളികളാണെന്നും പാലാരിവട്ടം പൊലീസിന് സൂചന ലഭിച്ചു. ഇതിൽ ഒരാൾക്ക് അന്യസംസ്ഥാനക്കാരെ പരിചയമുണ്ടെന്നും വിവരമുണ്ട്.
ഇന്നലെ പുലർച്ചെ പാലാരിവട്ടം സംസ്‌കാര ജംഗ്ഷന് സമീപമായിരുന്നു സംഭവം. കൈതോത്ത് ലെയിനിലെ ചന്ദ്രമതിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അസാം നാഗോൺ സ്വദേശി ഫിസ്ദുൾ ഹഖ് (27), പശ്ചിമബംഗാൾ ഉത്തര ദിനാജ്‌പൂർ സ്വദേശികളായ രാജാ ബാബു (26), അർമാൻ അലി (23), ഇന്തസാർ (25), സ്ത്രീകളായ പശ്ചിമബംഗാൾ മാൽഡ സ്വദേശി തമ്മന്ന (23), നാദിയ സ്വദേശി സോമ കർമാക്കർ (24), അസാം മോറിഗാവോൺ സ്വദേശി നൂറുൽ നെഹാർ (30) എന്നിവരെയാണ് പ്രതികൾ കവർച്ച ചെയ്‌തത്.
അഞ്ചുപേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ശബ്‌ദം പുറത്ത് കേൾക്കാതിരിക്കാനും സംഭവം പുറത്തറിയാതിരിക്കാനും പ്രതികൾ വാതിലുകൾ അകത്ത് നിന്ന് പൂട്ടുകയും മൊബൈൽ ഫോണുകൾ കൈവശപ്പെടുത്തുകയും ചെയ്‌തു. തുടർന്ന് പേഴ്‌സുകളിലുണ്ടായിരുന്ന 1.2 ലക്ഷം രൂപയും എടിഎം കാർഡുകളും തിരിച്ചറിയൽ കാർഡുകളും സംഘം കവർന്നു. അർമാൻ അലിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി യുപിഐ വഴി രണ്ട് തവണയായി 12,000 രൂപ കവർച്ചാ സംഘത്തിൽപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് വാങ്ങിയെടുത്തു.
നൂറുൽ നെഹറിന്റെ ഒരു പവന്റെ സ്വർണമാലയും തമ്മന്നയുടെ നാല് ഗ്രാം സ്വർണക്കമ്മലുകളും കവർന്ന ശേഷമാണ് സംഘം കടന്നത്. കവർച്ച ചെറുക്കാനുള്ള ശ്രമത്തിനിടെ തമ്മന്നയ്ക്ക് മുഖത്തടിയേറ്റു. മോഷണ സംഘം വന്നതും പോയതും ഓൺലൈൻ ടാക്‌സി കാറുകളിലാണ്.
രണ്ട് മാസം മുമ്പാണ് ഏഴംഗം സംഘം വാടകവീട്ടിൽ താമസം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ പൊന്നാരിമംഗലം ടോൾ പ്ലാസയിലെ ജീവനക്കാരും ഹോട്ടൽ തൊഴിലാളിയും ഉൾപ്പെടും. താമസക്കാരായ യുവതികളും പുരുഷൻമാരും തമ്മിലുള്ള ബന്ധം പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. അക്രമികളും താമസക്കാരും തമ്മിൽ മുൻപരിചയമുള്ളതായും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് കവർച്ചയ്ക്ക് പിന്നിലെന്നും കരുതുന്നു.
Police have reportedly identified clues about the suspects involved in the Palarivattom robbery, where a five-member gang allegedly threatened and robbed seven migrant workers. The gang stole cash, gold, ATM cards and identity documents, and forced one victim to transfer money through UPI. Police suspect a prior acquaintance and financial dispute may be linked to the crime.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |