SignIn
Kerala Kaumudi Online
Friday, 03 July 2026 1.08 PM IST

പുന്നമട 'വാട്ടർ പവിലിയൻ' കടലാസിലൊതുങ്ങി

s

ആലപ്പുഴ: അന്താരാഷ്ട്ര ഖ്യാതി നേടിയ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റിൽ കോൺക്രീറ്റ് തൂണിൽ ഇരുനില വാട്ടർ പവിലിയൻ നിർമ്മിക്കാനായി സമർപ്പിച്ച 110 കോടി രൂപയുടെ പദ്ധതി കടലാസിലൊതുങ്ങി. ക്രിസ്റ്റി ഫെർണാണ്ടസ് ടൂറിസം ഡയറക്ടറായിരുന്നപ്പോഴാണ് മുൻ എം.എൽ.എ സി.കെ.സദാശിവന്റെ നേതൃത്വത്തിലുള്ള ജലോത്സവ പ്രേമികൾ പദ്ധതി സമർപ്പിച്ചത്.

പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനം പുരോഗമിക്കുന്നതിനിടെ ക്രിസ്‌റ്റി ഫെർണാണ്ടസ് രാഷ്ട്രപതിയായിരുന്ന പ്രതിഭാപട്ടേലിന്റെ സെക്രട്ടറിയായി മാറിയതോടെ പദ്ധതിയും ഇരുളടഞ്ഞു. നിലവിലുള്ള പവിലിയൻ വള്ളംകളി പ്രേമികൾക്ക് അപമാനമായി മാറുമ്പോഴും നെഹ്രുട്രോഫി ബോട്ട് റേസ് കമ്മിറ്റിയും ടൂറിസം വകുപ്പും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്.

സ്ഥിരം പവിലിയൻ

നാല് പതിറ്റാണ്ടു മുമ്പാണ് പുന്നമടയിലെ ഫിനിഷിംഗ് പോയിന്റിൽ സ്ഥിരം പവിലിയനെന്ന ആശയമുണ്ടായത്. രണ്ട് പതിറ്റാണ്ട് മുമ്പാണ് ഫിനിഷിംഗ് പോയന്റിന് കിഴക്ക് ഭാഗത്ത് കായൽ നികത്തി നിലവിലുള്ള പവിലിയനും നെഹ്രുവിന്റെ പ്രതിമയും നിർമ്മിച്ചത്. പരിപാലിക്കാൻ ആളില്ലാത്തതിനാൽ ഇത് ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. അറ്റകുറ്റപ്പണി നടത്താത്തതിനാൽ പവലിയന്റെ മേൽക്കൂരയിലെ ഇരുമ്പ് ഷീറ്റ് തുരുമ്പെടുത്തു. നെഹ്റു പ്രതിമയ്‌ക്ക് ചുറ്റും കാടുകയറി. കൊവിഡിന് മുമ്പ് പവിലിയൻ വാർഷിക വാടകയ്‌ക്ക് നൽകിയെങ്കിലും പിന്നീട് കമ്മിറ്റി ചേരാത്തതിനാൽ അനാഥമായി കിടക്കുകയാണ്. നെഹ്രുട്രോഫി വള്ളംകളി എത്തുമ്പോൾ മാത്രം കാടുവെട്ടി തെളിക്കുകയാണ് പതിവ്.

വെളിച്ചം കാണാത്ത പദ്ധതി

നിലവിലുള്ള പവിലിയൻ പൊളിച്ച് നീക്കി മണൽ പൂർണമായും നീക്കം ചെയ്‌ത് കോൺക്രീറ്റ് തൂണിൽ 200 മീറ്റർ നീളത്തിൽ ഇരുനിലയിൽ വാട്ടർ പവിലിയൻ നിർമ്മിക്കാനുള്ള പദ്ധതി എന്തായി എന്നതിനെറ്റി, വള്ളംകളിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ നടന്ന യോഗത്തിൽ നെഹ്രു ട്രോഫിയുടെ ചീഫ് കോ- ഓർഡിനേറ്ററായ സി.കെ.സദാശിവൻ ഉന്നയിച്ചു. പടിഞ്ഞാറെ കരയിൽ നിന്ന് ജലഗതാഗതത്തിന് തടസമുണ്ടാകാത്ത തരത്തിൽ പവിലിയനിലേയ്ക്ക് തൂക്കുപാലം, കുട്ടനാടൻ വിഭവങ്ങളും വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാനും കഴിയുന്ന റെസ്റ്റോറന്റ്, കോൺഫറൻസ് ഹാൾ, നെഹ്‌റു പ്രതിമ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നതാണ്.

സർക്കാർ അനുമതിയോടെ, പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കും. പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തിന് അനുസരിച്ചുള്ള നിർമ്മാണ പ്രവർത്തനത്തിന് രൂപരേഖ തയ്യാറാക്കും.

- വി.ആർ.കൃഷ്ണതേജ,ടൂറിസം ഡയറക്ടർ

"കേന്ദ്ര-സംസ്ഥാന മന്ത്രിമാരം മറ്റ് ഉന്നതരും പുന്നമടയിലെ വികസനത്തിന് നിരവധി വികസന പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ട്. അത് നേടിയെടുക്കുന്നതിന് ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും വള്ളംകളി കമ്മിറ്റിയും ചേർന്നുള്ള സംയുക്ത സമിതി രൂപീകരിക്കണം.

ബേബി പാറക്കാടൻ, നെഹ്രുട്രോഫി ബോട്ട് റേസ് കമ്മിറ്റി അംഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL