SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.15 AM IST

ആദ്യം തൃക്കാക്കരയിൽ പിഴച്ചു, ഇപ്പോൾ പണി കൊച്ചുസഖാക്കൾ തന്നെ കൊണ്ടുകൊടുത്തു: സിപിഎമ്മിന് കേരളത്തിലും കാലിടറുന്നു

sfi

തിരുവനന്തപുരം: ബഫർസോണിന്റെ പേരിൽ രാഹുൽ ഗാന്ധി എം.പിയുടെ കല്പറ്റയിലെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തതോടെ അപ്രതീക്ഷിതമായി വെട്ടിൽ വീണ് സി.പി.എം നേതൃത്വം. കോൺഗ്രസ് പ്രവർത്തകർ സംസ്ഥാനവ്യാപകമായി തെരുവിലിറങ്ങിയതോടെ അക്രമത്തെ തള്ളിപ്പറഞ്ഞ് മുഖംരക്ഷിക്കാനുള്ള ശ്രമത്തിലാണവർ.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എ.കെ.ജി സെന്ററിൽ നടക്കുമ്പോഴാണ് കല്പറ്റ സംഭവമറിയുന്നത്. സി.പി.എം ജില്ലാ നേതൃത്വമെങ്കിലും അറിയാതെ വയനാട്ടിൽ എസ്.എഫ്.ഐ പ്രവർത്തകർ ഇങ്ങനെയൊരു അക്രമത്തിന് മുതിരുമെന്ന് പ്രതിപക്ഷം കരുതുന്നില്ല. ബഫർസോൺ വിഷയമേറ്റെടുത്ത് വയനാട്ടിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാകാം ഇത്തരമൊരു നീക്കത്തിന് പ്രാദേശിക നേതൃത്വത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. എന്നാൽ ഇത് വരുംവരായ്കകൾ ചിന്തിക്കാതെയുള്ള എടുത്തുചാട്ടമായോയെന്ന സന്ദേഹമാണിപ്പോൾ സി.പി.എം സംസ്ഥാന നേതൃത്വത്തിന്.

രാഹുൽഗാന്ധിയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് സംഘപരിവാർ രാഷ്ട്രീയമായി വേട്ടയാടുന്നെന്ന ആരോപണം കോൺഗ്രസ് ശക്തമാക്കുന്ന സന്ദർഭത്തിലാണ് ഇടതുഭരണം നടക്കുന്ന കേരളത്തിൽ ആക്രമണമുണ്ടാകുന്നത്. ഇവിടെയും സ്വർണക്കടത്ത് കേസിന്റെ പേരിൽ ഇ.ഡിക്കെതിരെ ഇടതുമുന്നണി ആക്ഷേപമുയർത്തുന്ന സാഹചര്യമുണ്ട്. ഈ ഘട്ടത്തിൽ ഇത്തരമൊരു സംഭവമുണ്ടായത് മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള സി.പി.എമ്മിന്റെ സംഘപരിവാർ പ്രീണനമാണെന്ന ആരോപണമാണ് കോൺഗ്രസ് ഉയർത്തുന്നത്. നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ സി.പി.എമ്മിന് രാഷ്ട്രീയമായി ക്ഷീണമുണ്ടാക്കുന്നതാണ് സംഭവവികാസങ്ങൾ. മുഖ്യമന്ത്രി കൈയോടെ സംഭവത്തെ അപലപിച്ചത് ഇതേത്തുടർന്നാണ്.

അതേസമയം, അനുകൂലവികാരം ശക്തമായ രാഷ്ട്രീയായുധമാക്കുകയാണ് കോൺഗ്രസ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എല്ലാ പരിപാടികളും മാറ്റിവച്ച് വയനാട്ടിലെത്തി. നിയമസഭാ സമ്മേളനത്തിൽ സ്വർണക്കടത്ത് വിവാദമുയർത്തി പ്രതിപക്ഷം കടന്നാക്രമിക്കാൻ സാദ്ധ്യതയുണ്ടായിരിക്കെ അതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണോ എസ്.എഫ്.ഐയെ മറയാക്കി നടത്തിയതെന്ന സംശയവും കോൺഗ്രസ് ക്യാമ്പുകളുയർത്തുന്നുണ്ട്. സി.പി.എം അങ്ങനെ ചിന്തിച്ചെങ്കിൽ അതും ബൂമറാങ് ആയി മാറുന്ന കാഴ്ചയാണ് സംസ്ഥാനത്തുയരുന്നത്. രാഷ്ട്രീയമായ ജാഗ്രതക്കുറവുണ്ടായെന്ന പഴി ജില്ലാ സി.പി.എം നേതൃത്വത്തിന് നേർക്കുയരുന്നു. ആക്രമണത്തെ തുടർന്ന് കോൺഗ്രസിന് കിട്ടിയ അനുകൂല ജനവികാരം രാഷ്ട്രീയ തിരിച്ചടിയാവാതിരിക്കാനുള്ള കരുതലിലാണ് സി.പി.എം നേതൃത്വം കൈയോടെ തള്ളിപ്പറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM, KERALA, SFI, CONGRESS, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA